Quantcast

റെയിൽവേയെ തകർത്തു; ഒഡീഷ ട്രെയിൻ ദുരന്തത്തിൽ വൻ അനാസ്ഥയെന്ന് മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവ്

'ഉന്നതതല അന്വേഷണം നടത്തുകയും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുകയും വേണം'.

MediaOne Logo

Web Desk

  • Published:

    3 Jun 2023 4:11 PM GMT

Railways has been destroyed Says Lalu Prasad Yadav
X

പട്ന: ഒഡീഷയിലെ ബലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി മുൻ റെയിൽവേ മന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ്. വൻ അനാസ്ഥയാണ് ഉണ്ടായതെന്നും അധികാരികൾ റെയിൽവേയെ തകർത്തതായും അദ്ദേഹം പ്രതികരിച്ചു.

'അധികാരികൾ അനാസ്ഥ കാണിക്കുകയും ജാഗ്രത കാണിക്കാതിരിക്കുകയും ചെയ്തതാണ് ഇത്രയധികം ആളപായത്തിലേക്ക് നയിച്ചത്. ഇതിൽ ഉന്നതതല അന്വേഷണം നടത്തുകയും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുകയും വേണം'- ലാലു യാദവ് ആവശ്യപ്പെട്ടു.

'വലിയ അനാസ്ഥയുണ്ടായി. റെയിൽവേ തകർക്കപ്പെട്ടു'- ഒന്നാം യുപിഎ സർക്കാരിൽ 2004 മുതൽ 2009 വരെ റെയിൽവേ മന്ത്രിയായിരുന്ന ലാലു പ്രസാദ് പറഞ്ഞു.

അപകടത്തിൽപ്പെട്ട കോറോമാണ്ഡൽ എക്‌സ്‌പ്രസ് അതിവേഗ ട്രെയിനാണെന്ന് ലാലു യാദവ് പറഞ്ഞു. താൻ അതിൽ യാത്ര ചെയ്തിട്ടുണ്ട്. അനാസ്ഥയാണ് ഇത്രയും വലിയ നാശനഷ്ടങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒഡീഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിൻ അപകടമാണ് നൂറ്റാണ്ടിലെ ഏറ്റവും വലിയ അപകടമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. സത്യം പുറത്തുവരാൻ ശരിയായ അന്വേഷണം വേണമെന്നും മമത ആവശ്യപ്പെട്ടു.

രണ്ട് തവണ റെയിൽവേ മന്ത്രിയായിരുന്ന മമത ബാനർജി, ഈ റൂട്ടിൽ കൂട്ടിയിടിയൊഴിവാക്കാനുള്ള സംവിധാനം പ്രവർത്തിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നെന്നും ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് ഒഡീഷയിലെ ബലസോറിൽ രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്. യശ്വന്ത്പൂരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് (12864), ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ് (12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തിൽപ്പെട്ടത്.

യശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ട്രെയിൻ അതേ പാളത്തിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിൽ ഇടിച്ചു. തുടർന്ന് പാളം തെറ്റിയ ഈ ട്രെയിനിന്റെ കോച്ചുകളിലേക്ക് തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമാണ്ഡൽ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ ഇതുവരെ 288പേരുടെ മരണം സ്ഥിരീകരിച്ചു. 1000ലേറെ പേർക്ക് പരിക്കേറ്റതായും ഇവരിൽ പലരുടേയും നില ഗുരുതരമാണെന്നും ഒഡീഷ ചീഫ് സെക്രട്ടറി പറഞ്ഞു. അപകടത്തിൽപ്പെട്ട രണ്ട് ട്രെയിനുകളിലുമായി റിസർവ് ചെയ്ത് യാത്ര ചെയ്തത് 2296 പേരാണ്. കോറമാണ്ഡൽ എക്‌സ്പ്രസിൽ 1257 പേരും യശ്വന്ത്പൂർ എക്‌സ്പ്രസിൽ 1039 പേരുമാണ് റിസർവ് ചെയ്തത്. 23 കോച്ചുകാണ് പാളം തെറ്റിയത്.

TAGS :

Next Story