Quantcast

മുസ്‌ലിം പള്ളികള്‍ക്കും ഗുരുദ്വാരകള്‍ക്കുമെതിരെ വിദ്വേഷപരാമര്‍ശം; ബി.ജെ.പി നേതാവിനെ പുറത്താക്കി

മുതിർന്ന ബിജെപി നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ അമരീന്ദർ സിംഗ് ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    6 Nov 2023 3:53 AM GMT

Sandeep Dayma
X

സന്ദീപ് ദയ്മ

ജയ്പൂര്‍: മുസ്‌ലിം പള്ളികളും ഗുരുദ്വാരകളും ഇല്ലാതാക്കണമെന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ച ബി. ജെ.പി നേതാവിനെ പാര്‍ട്ടി പുറത്താക്കി. രാജസ്ഥാനിലെ അല്‍വാറിലെ നേതാവ് സന്ദീപ് ദയ്മയാണ് പുറത്തായത്. മുതിർന്ന ബിജെപി നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ അമരീന്ദർ സിംഗ് ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായ പ്രസ്താവന നടത്തിയതിന് സന്ദീപ് ദയ്മയെ സംസ്ഥാന അധ്യക്ഷന്‍റെ നിർദേശപ്രകാരം പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി രാജസ്ഥാൻ ബി.ജെ.പിയുടെ അച്ചടക്ക സമിതി അധ്യക്ഷൻ ഓങ്കാർ സിംഗ് ലഖാവത്ത് പറഞ്ഞു. രാജസ്ഥാനിലെ തിജാര നിയമസഭാ മണ്ഡലത്തിലെ റാലിയിലാണ് സന്ദീപ് ദയ്മ വിവാദ പ്രസ്താവന നടത്തിയത്. നവംബര്‍ 25ന് നടക്കുന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി. ജെ. പി സ്ഥാനാര്‍ഥി ബാബ ബാലക്നാഥ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനിടെ തിജാരയില്‍ നടന്ന റാലിയിലാണ് ദയ്മ കടുത്ത പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് വിമര്‍ശനം ശക്തമായതോടെയാണ് ബി. ജെ. പിക്ക് ഇയാളെ പുറത്താക്കേണ്ടി വന്നത്.

'ഇവിടെ എത്ര പള്ളികളും ഗുരുദ്വാരകളും പണിതിട്ടുണ്ടെന്ന് നോക്കൂ! ഇത് ഭാവിയില്‍ നമുക്ക് ഒരു വ്രണമായി മാറും. അതുകൊണ്ടാണ് ഈ അള്‍സര്‍ പിഴുതെറിയുകയും പുറന്തള്ളുകയും ചെയ്യേണ്ടത്, ബാബാ ബാലക് നാഥ്ജി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്' എന്നാണ് ദയ്മ പ്രസംഗിച്ചത്. സംഭവം വിവാദമായതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ വീഡിയോ സന്ദേശത്തില്‍ ക്ഷമാപണം നടത്തിയിരുന്നു.

TAGS :

Next Story