Quantcast

രണ്ടാമൻ രാജ്‌നാഥ്; മോദി-അമിത് ഷാ ആധിപത്യം പൊളിയുന്നു

72 മന്ത്രിമാരാണ് മൂന്നാം മോദി മന്ത്രിസഭയിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.

MediaOne Logo

Web Desk

  • Published:

    9 Jun 2024 2:36 PM GMT

Rajnath Singh took oath as second minister in Modi ministry
X

ന്യൂഡൽഹി: ഗുജറാത്തിൽനിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് വളർന്ന മോദി-അമിത് ഷാ ആധിപത്യത്തിന്റെ കാലം കഴിയുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ രണ്ടാമനായിരുന്ന അമിത് ഷാ ഇത്തവണ മൂന്നാമനായാണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്‌നാഥ് സിങ് ആണ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്തത്. ദേശീയ രാഷ്ട്രീയത്തെയും ബി.ജെ.പിയേയും കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നിയന്ത്രിക്കുന്ന അച്ചുതണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ പൊളിയുന്നത്. ആഭ്യന്തര വകുപ്പ് അമിത് ഷാക്ക് ലഭിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.

ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിന്റെ കടുംപിടിത്തമാണ് അമിത് ഷാക്ക് തിരിച്ചടിയായത് എന്നാണ് സൂചന. തന്നെ അറസ്റ്റ് ചെയ്തതിൽ കേന്ദ്ര ആഭ്യന്തമ മന്ത്രിയായിരുന്ന അമിത് ഷായുടെ പങ്കാണ് നായിഡുവിന്റെ അനിഷ്ടത്തിന് കാരണം. മോദി-ഷാ കൂട്ടുകെട്ടിന്റെ അപ്രമാധിത്യം നിയന്ത്രിക്കുക എന്ന താൽപ്പര്യവും ടി.ഡി.പി, ജെ.ഡി (യു) പാർട്ടികൾക്കുണ്ട്.

സി.എ.എ, എൻ.ആർ.സി, ഏക സിവിൽകോഡ് തുടങ്ങി മോദി സർക്കാരിന്റെ എല്ലാ വിവാദ തീരുമാനങ്ങളുടെയും ബുദ്ധകേന്ദ്രമായി പ്രവർത്തിച്ചത് അമിത് ഷാ ആയിരുന്നു. എന്ത് വന്നാലും എൻ.ആർ.സി നടപ്പാക്കുമെന്ന നിലപാടിലായിരുന്നു അദ്ദേഹം. മൂന്നാം മോദി മന്ത്രിസഭയിൽ അമിത് ഷാ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമ്പോൾ ഇത്തരം നിയമങ്ങളുടെ കാര്യത്തിൽ എൻ.ഡി.എ സർക്കാർ എന്ത് തീരുമാനമെടുക്കുമെന്നതും നിർണായകമാണ്.

നരേന്ദ്ര മോദിയെക്കാൾ മുസ്‌ലിം വിരുദ്ധ മുഖമുള്ള നേതാവ് അമിത് ഷാ ആണ്. ടി.ഡി.പിക്കും ജെ.ഡി (യു)വിനും മുസ്‌ലിം വോട്ടുകൾ നിർണായകമായതിനാൽ താക്കോൽ സ്ഥാനത്ത് അമിത് ഷാ ഉണ്ടാവുന്നത് അവർക്ക് ഭാവിയിൽ തിരിച്ചടിയാവും. മുസ്‌ലിം വിരുദ്ധമായ നിയമനിർമാണങ്ങൾ അനുവദിക്കില്ലെന്ന് ജെ.ഡി (യു) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുസ്‌ലിം വിരുദ്ധരെന്ന പ്രതിച്ഛായ കുറയ്ക്കുക എന്ന ഉദ്ദേശ്യവും അമിത് ഷായെ മാറ്റി രാജ്‌നാഥ് സിങ്ങിനെ പ്രതിഷ്ഠിച്ചതിന് പിന്നിലുണ്ട്. ലഖ്‌നോ മണ്ഡലത്തിൽനിന്ന് വിജയിച്ചുവരുന്ന രാജ്‌നാഥ് സിങ് മുസ്‌ലിം സമുദായവുമായി ബന്ധം പുലർത്തുന്ന നേതാവാണ്.

72 മന്ത്രിമാരാണ് മൂന്നാം മോദി മന്ത്രിസഭയിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. 30 കാബിനറ്റ് മന്ത്രിമാർ, അഞ്ച് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ, 36 സഹമന്ത്രിമാർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുക. സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരാണ് കേരളത്തിൽനിന്നുള്ള മന്ത്രിമാർ.

TAGS :

Next Story