Quantcast

രാമനവമി ഘോഷയാത്ര പള്ളിക്കു മുന്നിലെത്തിയപ്പോൾ ഡി.ജെ നിർത്തിവച്ചു; വിദ്വേഷ പ്രചാരണങ്ങൾക്കിടയിൽ മറ്റൊരു കാഴ്ച

മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് ഉച്ചഭാഷിണിയിൽ പ്രത്യേകം അനൗൺസ് ചെയ്ത് പള്ളിക്ക് മുന്നിൽ ഡി.ജെ നിർത്തുന്നതായി പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-04-14 10:00:37.0

Published:

14 April 2022 9:48 AM GMT

രാമനവമി ഘോഷയാത്ര പള്ളിക്കു മുന്നിലെത്തിയപ്പോൾ ഡി.ജെ നിർത്തിവച്ചു; വിദ്വേഷ പ്രചാരണങ്ങൾക്കിടയിൽ മറ്റൊരു കാഴ്ച
X

മുംബൈ: ഇത്തവണ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാമനവമി ആഘോഷങ്ങൾക്കിടെ വലിയ തോതിലുള്ള വർഗീയലഹളയും സംഘർഷങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശ്, ഗുജറാത്ത്, ബംഗാൾ, ഡൽഹി എന്നിവിടങ്ങളിലെല്ലാം പലതരത്തിലുള്ള അക്രമസംഭവങ്ങളും സംഘർഷങ്ങളും നടന്നു. മുസ്‌ലിം പള്ളികൾക്കുമുൻപിൽ ഘോഷയാത്ര നിർത്തി വിദ്വേഷ മുദ്രാവാക്യങ്ങളും ഗാനങ്ങളും മുഴക്കുന്നതായിരുന്നു പലയിടത്തും പൊതുവായി കണ്ട കാഴ്ച. എന്നാൽ, ഇതേദിവസങ്ങളിൽ രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് നടന്ന രാമനവമി ഘോഷയാത്രയ്ക്കിടയിൽ നടന്ന മതസൗഹാർദത്തിന്റെ കാഴ്ച പ്രതീക്ഷ പകരുന്നതാണ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിൽനിന്നാണ് ഈ വാർത്ത വരുന്നത്.

ഔറംഗാബാദിൽ നടന്ന രാമനവമി ഘോഷയാത്രയ്ക്കിടെയാണ് വിദ്വേഷ വാർത്തകൾക്കിടയിലും ആശ്വാസം നൽകുന്ന സംഭവം. ഘോഷയാത്ര നഗരത്തിലെ പള്ളിയുടെ പരിസരത്തെത്തിയപ്പോൾ ഇതിന്റെ ഭാഗമായുണ്ടായിരുന്ന ഡി.ജെ ഓഫ് ചെയ്തായിരുന്നു ആഘോഷക്കാർ സഹോദര മതസ്ഥരോട് ആദരവ് പ്രകടിപ്പിച്ചത്. റാലി പള്ളിയും കടന്നുപോയ ശേഷമായിരുന്നു പിന്നീട് പാട്ടും ഡി.ജെയുമെല്ലാം വീണ്ടും പ്രക്ഷേപണം ചെയ്തത്. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

വിഡിയോയിൽ ഘോഷയാത്ര പള്ളയുടെ പരിസരത്തെത്തുമ്പോൾ ഇങ്ങനെയൊരു അനൗൺസ്‌മെന്റ് കേൾക്കാം: ''രണ്ട് മിനിറ്റ് നേരം ഡി.ജെ മ്യൂസിക് നിർത്തിവയ്ക്കുകയാണ്. പള്ളി വിട്ടുകടന്ന ശേഷം മ്യൂസിക് പുനരാരംഭിക്കും. പ്രശ്‌നമൊന്നുമില്ല. എല്ലാ മതവിഭാഗങ്ങളും സഹവർത്തിത്വത്തോടെ കഴിയുന്ന തരത്തിൽ നമ്മളെല്ലാം ഒന്നിച്ചു കഴിയേണ്ടതുണ്ട്.''

ബിലാൽ ജലീൽ എന്ന പേരുള്ള ഒരു ഔറംഗാബാദുകാരനാണ് ഈ വിഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ''ഇതാണ് മഹാരാഷ്ട്രയുടെ പ്രത്യേകത. ഇത് എന്റെ സ്വന്തം നാടായ ഔറംഗാബാദിലാണ്. രാമനവമി ആഘോഷിക്കുന്ന ഈ സംഘം പള്ളി മുറിച്ചുകടക്കുമ്പോൾ ഡി.ജെ നിർത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.'' ട്വീറ്റിൽ പറയുന്നു.

വിഡിയോ സമൂഹമാധ്യമങ്ങൾ വലിയ തോതിൽ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനകം തന്നെ രണ്ടു ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടിട്ടുള്ളത്. ആയിരക്കണക്കിനു പേർ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇതാദ്യമായാണ് രാജ്യത്ത് രാമനവമി ആഘോഷം ദേശവ്യാപകമായി വലിയ തോതിലുള്ള സംഘർഷങ്ങളിലേക്കും വർഗീയ ലഹളകളിലേക്കും നയിക്കുന്നത്. മധ്യപ്രദേശ്, ബംഗാൾ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കു പുറമെ ഗോവ, തെലങ്കാന, കർണാടക, രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിലെല്ലാം ആഘോഷത്തിൻരെ ഭാഗമായി അനിഷ്ടസംഭവങ്ങൾ നടന്നിരുന്നു. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങളിൽ രണ്ടു കൊല്ലപ്പെട്ടതായി ദ എക്‌ണോമിക് ടൈംസ് അടക്കം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Summary: Hindus celebrating Ram Navami pause Dj while crossing mosque in Aurangabad Maharashtra

TAGS :

Next Story