'ആരും നിയമത്തിനു മുകളിലല്ല'; റാണാ അയ്യൂബിനെ വേട്ടയാടുന്നുവെന്ന യു.എൻ വിമര്‍ശനം തള്ളി ഇന്ത്യ
റാണാ അയ്യൂബിനെതിരെ നിരന്തരം നടക്കുന്ന സ്ത്രീവിരുദ്ധവും വംശീയവുമായ സൈബർ ആക്രമണങ്ങൾക്കെതിരെ കൃത്യമായ അന്വേഷണം വേണമെന്ന് നേരത്തെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ യു.എൻ ആവശ്യപ്പെട്ടിരുന്നു
മാധ്യമപ്രവർത്തക റാണ അയ്യൂബിനെതിരായ നിയമനടപടിയെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭാ വിമർശനങ്ങൾ തള്ളി ഇന്ത്യ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആരും നിയമത്തിനു മുകളിലല്ലെന്നും യു.എന്നിലെ ഇന്ത്യയുടെ സ്ഥിരംകാര്യാലയം ട്വിറ്ററിൽ പ്രതികരിച്ചു.
റാണയുടെ 1.77 കോടി രൂപയുടെ ബാങ്ക് നിക്ഷേപം എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി) കണ്ടുകെട്ടിയിരുന്നു. പൊതുജനങ്ങളിൽനിന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി പിരിച്ച തുക സ്വന്തം ആവശ്യത്തിന് വകമാറ്റി ചെലവഴിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. ഇതു ചൂണ്ടിക്കാട്ടിയാണ് യു.എൻ കേന്ദ്രത്തിനെതിരെ കടുത്ത വിമർശനം നടത്തിയത്.
റാണാ അയ്യൂബിനെതിരെ ഓൺലൈനിൽ നിരന്തരം നടക്കുന്ന സ്ത്രീവിരുദ്ധവും വംശീയവുമായ ആക്രമണങ്ങൾക്കെതിരെ കൃത്യതവും വിപുലവുമായ അന്വേഷണം വേണമെന്ന് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ യു.എൻ ആവശ്യപ്പെട്ടു. റാണയ്‌ക്കെതിരെ നടക്കുന്ന ജുഡീഷ്യൽ വേട്ട അവസാനിപ്പിക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.
ഈ ട്വീറ്റ് പങ്കുവച്ചായിരുന്നു യു.എന്നിലെ ഇന്ത്യൻ കാര്യാലയത്തിന്റെ പ്രതികരണം. ജുഡീഷ്യൽ പീഡനം നടക്കുന്നതായുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനുചിതവുമാണെന്ന് ട്വീറ്റിൽ പറഞ്ഞു. ഇന്ത്യ നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്ന രാജ്യമാണ്. എന്നാൽ, ഒരാളും നിയമത്തിനു മുകളിലല്ലെന്നതും ഇതോടൊപ്പം വ്യക്തമാണ്. ബന്ധപ്പെട്ട പ്രതിനിധികൾ വസ്തുനിഷ്ഠമായും കൃത്യമായ വിവരങ്ങളോടെയും മാത്രം പ്രതികരിക്കണമെന്നാണ് പ്രതീക്ഷിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന ആഖ്യാനങ്ങൾ കൊണ്ടുവരുന്നത് യു.എന്നിന്റെ പ്രശസ്തി കളങ്കപ്പെടുത്തുകയേയുള്ളൂവെന്നും ട്വീറ്റിൽ ഇന്ത്യൻ കാര്യാലയം കുറ്റപ്പെടുത്തി.
Allegations of so-called judicial harassment are baseless & unwarranted. India upholds the rule of law, but is equally clear that no one is above the law.
— India at UN, Geneva (@IndiaUNGeneva) February 21, 2022
We expect SRs to be objective & accurately informed. Advancing a misleading narrative only tarnishes @UNGeneva's reputation https://t.co/3OyHq4HncD
കെറ്റോ എന്ന പേരിലുള്ള ക്രൗഡ്ഫണ്ടിങ് ആപ്പ് വഴി സമാഹരിച്ച തുക വകമാറ്റി ചെലവഴിച്ചെന്നാണ് റാണയ്‌ക്കെതിരായ ആരോപണം. ഹിന്ദു ഐ.ടി സെൽ എന്ന എൻ.ജി.ഒ സ്ഥാപകൻ വികാസ് പാണ്ഡെയുടെ പരാതിയിലായിരുന്നു ഇ.ഡി നടപടി. എന്നാൽ, ആരോപണങ്ങൾ റാണ തള്ളിക്കളഞ്ഞിട്ടുണ്ട്. പിരിച്ച പണത്തിനും ചെലവഴിച്ചതിനുമെല്ലാം കൃത്യമായ കണക്കും രേഖകളുമുണ്ടെന്നും അതെല്ലാം ബന്ധപ്പെട്ട വൃത്തങ്ങൾക്കുമുന്നിൽ ഹാജരാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
Summary: India rejected the United Nation's allegations of subjecting journalist Rana Ayyub to judicial harassment in the alleged money laundering case
Adjust Story Font
16