7 വർഷത്തിനിടെ 12 തവണ; ഗുർമീത് റാം റഹീം സിംഗ് വീണ്ടും പരോളിൽ
ഡൽഹി തെരഞ്ഞെടുപ്പിന് മുൻപായി 30 ദിവസത്തെ പരോൾ ആണ് ഗുർമീതിന് ലഭിച്ചത്

ന്യൂ ഡൽഹി: ദേര സച്ച സൗദ നേതാവും ബലാത്സംഗ കേസിലെ പ്രതിയുമായ ഗുർമീത് റാം റഹീം സിംഗ് വീണ്ടും പരോളിൽ. ഡൽഹി തെരഞ്ഞെടുപ്പിന് മുൻപ് 30 ദിവസത്തെ പരോൾ ലഭിച്ച ഗുർമീത് ഇന്ന് രാവിലെയോടെയാണ് റോഹ്തക്കിലെ സുനാരിയ ജയിലിൽ നിന്ന് പുറത്തിറങ്ങി. 2017 ൽ ബലാത്സംഗ കേസിൽ ജയിലിലായതിന് പിന്നാലെ ഇത് 12-ാമത്തെ തവണയാണ് ഗുർമീത് പരോളിൽ പുറത്തെത്തുന്നത്.
രണ്ട് ശിഷ്യരെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷത്തെ തടവ് ശിക്ഷയാണ് ഗുർമീത് റാം റഹീം അനുഭവിക്കുന്നത്. മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതിയെ കൊലപ്പെടുത്തിയ കേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ആദ്യ 10 ദിവസം സിർസ ആശ്രമത്തിലും ബാക്കി 20 ദിവസം ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ബർനവ ആശ്രമത്തിലുമാണ് ഗുർമീത് തങ്ങുക. അറസ്റ്റിലായതിന് ശേഷം ഇതാദ്യമായാണ് പരോൾ കാലയളവിൽ ദേര ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിർസ ആശ്രമം സന്ദർശിക്കാൻ അനുമതി ലഭിക്കുന്നത്.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്, ഹരിയാനയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് എന്നിവയുടെ പശ്ചാത്തലത്തിലാണ് ഗുർമീത് പുറത്ത് എത്തിയിരിക്കുന്നത്.ഉത്തരേന്ത്യയിൽ ഇയാൾക്ക് വലിയ ആരാധകരാണുള്ളത്. ദേരയ്ക്ക് കാര്യമായ സ്വാധീനമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളുടെ ഭാഗമായി നേരത്തെയും ഇയാൾക്ക് പരോൾ ലഭിച്ചിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഹരിയാന നിയമസഭാ- പഞ്ചായത്ത് - മുനിസിപ്പൽ കോപ്പറേഷൻ തെരഞ്ഞെടുപ്പ്, രാജസ്ഥാൻ തെരഞ്ഞെടുപ്പ്, ആദംപൂർ ഉപതെരഞ്ഞെടുപ്പ്, പഞ്ചാബ് അസംബ്ലി തെരഞ്ഞെടുപ്പ്, ബറോഡ ഉപതെരഞ്ഞെടുപ്പ് തുടങ്ങിയ സമയങ്ങളിൽ എല്ലാം ഗുർമീതിന് പരോൾ അനുവദിക്കുകയും പുറത്തുവിടുകയും ചെയ്തിരുന്നു.
മറ്റൊരു ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന അസാറാം ബാപു എന്ന സന്യാസിയെ അനാരോഗ്യം കാട്ടി ഡൽഹി തിരഞ്ഞെടുപ്പിന് മുൻപായി പുറത്ത് വിട്ടിരുന്നു
Adjust Story Font
16