Quantcast

ഹിന്ദുത്വം പ്രസംഗിക്കുന്നവര്‍ കഴിക്കുന്നത് ബീഫ് കട്‍ലറ്റും വില കൂടിയ മദ്യവും; ബിജെപി അധ്യക്ഷന്‍റെ മകനെതിരെ സഞ്ജയ് റാവത്ത്

റസ്റ്റോറന്‍റിലെ ബില്‍ പുറത്തുവിടണമെന്നും റാവത്ത് ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2024-09-12 05:35:58.0

Published:

12 Sep 2024 5:17 AM GMT

Sanjay Raut
X

മുംബൈ: നാഗ്പൂരിലെ തിരക്കേറിയ റോഡില്‍ ആഡംബര കാറോടിച്ച് നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് അപകടമുണ്ടാക്കിയ മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെ മകൻ സങ്കേതിനെതിരെ ശിവസേന യുബിടി നേതാവ് സഞ്ജയ് റാവത്ത്. സങ്കേത് നാഗ്പൂരിലെ ലാഹോറി ബാറില്‍ നിന്ന് ബീഫ് കട്‍ലറ്റ് ഓർഡർ ചെയ്ത് കഴിച്ചുവെന്നാണ് റാവത്തിന്‍റെ ആരോപണം. റസ്റ്റോറന്‍റിലെ ബില്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ബില്ലില്‍ ബീഫ് എന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ഹിന്ദുത്വയുടെ കാര്യത്തിൽ ബിജെപിക്ക് ഇരട്ടത്താപ്പാണെന്ന് ആരോപിച്ച റാവത്ത്, ബീഫ് സൂക്ഷിച്ചതിന്‍റെയും കഴിച്ചതിന്‍റെയും പേരിൽ തെരുവുകളിലും ട്രെയിനുകളിലും ആൾക്കൂട്ടക്കൊലകൾ നടക്കുന്നുണ്ടെന്ന് റാവത്ത് ചൂണ്ടിക്കാട്ടി. ''ബിജെപി നേതാവിൻ്റെ മകൻ റസ്റ്റോറൻ്റില്‍ നിന്നും ബീഫ് കട്‍ലറ്റ് ഓര്‍ഡര്‍ ചെയ്തു. ബിജെപി അതിന് ഉത്തരം പറയേണ്ടി വരും'' ശിവസേന രാജ്യസഭാ എം.പി പറഞ്ഞു. ''ബിജെപി നേതാക്കള്‍ ഹിന്ദുത്വയെക്കുറിച്ച് പ്രസംഗിക്കുന്നു. ഹിന്ദുത്വവാദികളെന്ന് നടിക്കുന്നവർ ബീഫ് കട്‌ലറ്റിൻ്റെ ബില്ലും അടച്ചിട്ടുണ്ട്'' റാവത്ത് കൂട്ടിച്ചേര്‍ത്തു. മറ്റൊരു സമുദായത്തില്‍ പെട്ടയാളാണ് ബീഫ് കഴിച്ചതെങ്കില്‍ ബിജെപി ആള്‍ക്കൂട്ടക്കൊലയിലേക്ക് നീങ്ങുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ആ ബില്ല് നശിപ്പിക്കാനും സാധ്യതയുണ്ട്. മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ല റെസ്റ്റോറൻ്റിൻ്റെ ബിൽ പരസ്യമാക്കണം. ബില്ലിൽ മദ്യം, നോൺ വെജ് ഭക്ഷണങ്ങൾ, ബീഫ് കട്‍ലറ്റുകള്‍ എന്നിവ ഉൾപ്പെടുന്നുണ്ട് ”റാവത്ത് വ്യക്തമാക്കി. എന്നിരുന്നാലും, എന്താണ് കഴിക്കേണ്ടതെന്നോ കഴിക്കരുതെന്നോ താൻ ആളുകളോട് പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാറിൽ വെച്ച് സങ്കേതും സുഹൃത്തുക്കളും ബീഫ് കഴിച്ചുവെന്ന ആരോപണം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സോൺ-2) രാഹുൽ മദ്‌നെ നിഷേധിച്ചു. എന്നാല്‍ സങ്കേതും നാല് സുഹൃത്തുക്കളും നഗരത്തിലെ ധരംപേത്ത് ഏരിയയിലെ 'ലാഹോറി' ബാറിൽ കയറി മട്ടൺ റോസ്റ്റ്, മട്ടൺ കറി, ചിക്കൻ ടിക്ക, മസാല നിലക്കടല, വറുത്ത കശുവണ്ടി തുടങ്ങിയവ കഴിച്ചതായി മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 12,000 രൂപയിലധികം വിലയുള്ള രണ്ട് മദ്യക്കുപ്പികളും ഓർഡർ ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച പുലര്‍ച്ചെ 12.30ഓടെ സങ്കേതിന്‍റെ ആഡംബര കാര്‍ നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് അപകടമുണ്ടാക്കിയിരുന്നു. മൂന്നു കാറുകളും ഒരു സ്കൂട്ടറുമാണ് ഇടിച്ചുതെറിപ്പിച്ചത്. നാഗ്പൂരില്‍ ഒരു ബിയര്‍ ബാറില്‍ നിന്നാണ് കാര്‍ വന്നത്. കാറില്‍ അഞ്ചുപേരുണ്ടായിരുന്നു. എന്നാല്‍ സങ്കേത് അല്ല കാറോടിച്ചിരുന്നത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാറോടിച്ചവരുടെ രക്തസാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. കാറിന്‍റെ ഡ്രൈവര്‍ അര്‍ജുന്‍ ഹവാരെ, മുന്‍ സീറ്റിലിരുന്ന റോണിത് ചിന്തൻവാർ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാറിൽ താനുണ്ടായിരുന്നുവെന്ന് സങ്കേതും പൊലീസിനോട് സമ്മതിച്ചിരുന്നു. രണ്ട് പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് സംസ്ഥാനത്ത് ഓരോരുത്തര്‍ക്കും ഓരോ നിയമങ്ങളാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ബവന്‍കുലക്കെതിരെയും രംഗത്തെത്തി.

TAGS :

Next Story