''പ്രാദേശിക സഖ്യങ്ങൾ അപ്രായോഗികം, ജി 23 നേതാക്കൾ വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നു'': വിമർശനവുമായി അധിർ രഞ്ജൻ ചൗധരി
കോൺഗ്രസ് പതനവും പ്രാദേശിക പാർട്ടികളുടെ വളർച്ചയും ജി 23 നേതാക്കൾ സ്വപ്നം കാണുന്നുവെന്നും അധിർ രഞ്ജൻ ചൗധരി
ജി 23 നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. ജി 23 നേതാക്കൾ വിവാദമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് പതനവും പ്രാദേശിക പാർട്ടികളുടെ വളർച്ചയും ഇവർ സ്വപ്‌ന കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ ഉൾപ്പാർട്ടി തർക്കങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടിരുന്നു.
കോൺഗ്രസ് ശക്തിപ്പെട്ടാലേ സഖ്യങ്ങൾ ശക്തമാകൂയെന്നും പ്രാദേശിക സഖ്യങ്ങൾ അപ്രായോഗികമാണെന്നും അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി. അതേസമയം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് രംഗത്തെത്തിയിരുന്നു. സമൂഹത്തിൽ സേവനം നടത്തുന്നതിന് രാഷ്ട്രീയം വേണമെന്നില്ല. ഇന്ത്യയിലെ രാഷ്ട്രീയം മോശം അവസ്ഥയിലാണ്. തന്റേത് ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നുവെന്നും ഗുലാംനബി ആസാദ് പറഞ്ഞു. പദ്മഭൂഷൺ ബഹുമതി ലഭിച്ച ഗുലാംനബി ആസാദിനെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രതികരണം.
'സമൂഹത്തിൽ നമ്മൾ മാറ്റം കൊണ്ടുവരണം. ഞാൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചെന്നും സാമൂഹ്യ സേവനം തുടങ്ങിയെന്നും നിങ്ങൾ ചിലപ്പോൾ പെട്ടെന്നൊരു ദിവസം അറിഞ്ഞാൽ അതുവലിയ കാര്യമല്ല'- ഗുലാംനബി ആസാദ് പറഞ്ഞു. 35 മിനിറ്റ് നീണ്ട പ്രസംഗത്തിൻറെ തുടക്കത്തിൽ തന്നെ താൻ രാഷ്ട്രീയ പ്രസംഗം നടത്തില്ലെന്ന് ഗുലാംനബി ആസാദ് വ്യക്തമാക്കി- 'ഇന്ത്യയിലെ രാഷ്ട്രീയം വളരെ വൃത്തികെട്ടതായി മാറിയിരിക്കുന്നു. ചിലപ്പോൾ നമ്മൾ മനുഷ്യരാണോ എന്നുവരെ സംശയിക്കേണ്ടതുണ്ട്. മനുഷ്യരുടെ ശരാശരി ആയുസ്സ് ഇപ്പോൾ 80-85 വർഷമാണ്. വിരമിക്കലിന് ശേഷമുള്ള 20-25 വർഷം രാഷ്ട്രനിർമാണത്തിന് സംഭാവന ചെയ്യാൻ വ്യക്തികൾ ഉപയോഗപ്പെടുത്തണം. എങ്കിൽ രാജ്യം മുഴുവൻ നവീകരിക്കപ്പെടും'- ഗുലാംനബി ആസാദ് പറഞ്ഞു.
Adjust Story Font
16