ഉച്ചഭാഷിണികള്‍ നീക്കിയില്ലെങ്കില്‍ പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ വായിക്കും: രാജ് താക്കറെ
മഹാരാഷ്ട്ര സര്‍ക്കാരിനോടാണ് ആവശ്യം ഉന്നയിച്ചത്
മുസ്‍ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ. മഹാരാഷ്ട്ര സര്‍ക്കാരിനോടാണ് ഈ ആവശ്യം ഉന്നയിച്ചത്. ഉച്ചഭാഷിണികള്‍ നീക്കിയില്ലെങ്കില്‍, പള്ളികള്‍ക്ക് പുറത്ത് ഉറക്കെ ഹനുമാന്‍ ചാലിസ വായിക്കുമെന്നും രാജ് താക്കറെ പറഞ്ഞു.
"ഞാന്‍ പ്രാര്‍ഥനയ്ക്ക് എതിരല്ല. നിങ്ങള്‍ക്ക് വീടുകളില്‍ പ്രാര്‍ത്ഥിക്കാം. എന്തിനാണ് ഇത്രയും ഉയർന്ന ശബ്ദത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത്? പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം. ഉച്ചഭാഷിണികള്‍ നീക്കിയില്ലെങ്കില്‍ പള്ളികള്‍ക്ക് മുന്നില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിച്ച് ഹനുമാന്‍ ചാലിസ വായിക്കും"- മുംബൈയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ രാജ് താക്കറെ പറഞ്ഞു.
മുംബൈയിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ പള്ളികൾ റെയ്ഡ് ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജ് താക്കറെ അഭ്യർഥിച്ചു. അവിടെ താമസിക്കുന്ന ആളുകൾ 'പാക് അനുകൂലികളാണ്' എന്നാണ് രാജ് താക്കറെയുടെ ആരോപണം.
തെരഞ്ഞെടുപ്പ് സമയത്ത് എതിർത്ത ശക്തികളുമായി യോജിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വോട്ടർമാരെ വഞ്ചിച്ചുവെന്നും രാജ് താക്കറെ വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാണിച്ചപ്പോൾ ഉദ്ധവ് ഒരക്ഷരം മിണ്ടിയില്ല. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് മുഖ്യമന്ത്രിയാകാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടായതെന്നും പ്രതിപക്ഷത്തിന്റെ കൂടെകൂടിയതെന്നും രാജ് താക്കറെ കുറ്റപ്പെടുത്തി.
ശിവസേനയുടെ സഖ്യകക്ഷിയായ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയെയും (എൻ.സി.പി) രാജ് താക്കറെ കടന്നാക്രമിച്ചു. 1999ല്‍ എൻ.സി.പി രൂപീകരിച്ചതു മുതൽ സംസ്ഥാനത്ത് ജാതി വിദ്വേഷം പടർത്തുകയാണെന്നും ജനങ്ങളെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കുകയാണെന്നുമാണ് ആരോപണം.
ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെ രാജ് താക്കറെ അഭിനന്ദിച്ചു- "ഉത്തർപ്രദേശ് പുരോഗമിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. മഹാരാഷ്ട്രയിലും ഇതേ വികസനമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞാൻ അയോധ്യ സന്ദർശിക്കും. ഹിന്ദുത്വത്തെക്കുറിച്ചും സംസാരിക്കും".
Summary- Maharashtra Navnirman Sena (MNS) chief Raj Thackeray on Saturday asked the state government to remove the loudspeakers from mosques and warned of "putting loudspeakers in front of the mosques and play Hanuman Chalisa".
Adjust Story Font
16