"മദ്രസയിൽ പോകുന്നത് നിർത്തൂ, പകരം കോളേജുകളിലേക്ക് പോകൂ"; ഹിമന്ത ബിശ്വ ശർമ്മ
മുസ്‌ലിം പെൺമക്കൾക്കായി ഏഴ് കോളേജുകൾ ഉദ്‌ഘാടനം ചെയ്യാൻ പോകുകയാണെന്നും ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചു
ഡൽഹി: തനിക്ക് മുസ്‌ലിം വോട്ടുകൾ വേണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ താൻ ഏർപ്പെടുന്നില്ലെന്നും കോൺഗ്രസിനെപ്പോലെ മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളുമായി രാഷ്ട്രീയത്തെ ബന്ധിപ്പിക്കില്ലെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതികരണം.
"ഇപ്പോൾ എനിക്ക് മുസ്‌ലിം വോട്ടുകൾ വേണ്ട. വോട്ട് ബാങ്ക് രാഷ്ട്രീയം കൊണ്ടാണ് എല്ലാ പ്രശ്‌നങ്ങളും സംഭവിക്കുന്നത്. ഞാൻ മാസത്തിലൊരിക്കൽ മുസ്‌ലിം പ്രദേശം സന്ദർശിക്കുകയും അവരുടെ പരിപാടികളിൽ പങ്കെടുക്കുകയും ആളുകളെ കാണുകയും ചെയ്യുന്നു, പക്ഷേ, ഞാൻ രാഷ്ട്രീയത്തെ വികസനവുമായി ബന്ധിപ്പിക്കുന്നില്ല. കോൺഗ്രസുമായുള്ള ബന്ധം വോട്ടിന് വേണ്ടിയുള്ളതാണെന്ന് മുസ്‌ലിംകൾ തിരിച്ചറിയണം," ഹിമന്ത ബിശ്വ ശർമ്മ എൻഡിടിവിയോട് പറഞ്ഞു.
"എനിക്ക് വോട്ട് ചെയ്യേണ്ട. അടുത്ത പത്ത് വർഷത്തിനുള്ളിൽ നിങ്ങളുടെ പ്രദേശത്ത് വികസനം കൊണ്ടുവരാൻ എന്നെ അനുവദിക്കൂ. മദ്രസകളിൽ പോകുന്നത് നിർത്തുക, പകരം കുട്ടികൾ കോളേജുകളിലേക്ക് പോകണം"; ഹിമന്ത ബിശ്വ ശർമ്മ ആവശ്യപ്പെട്ടു. മുസ്‌ലിം പെൺമക്കൾക്കായി ഏഴ് കോളേജുകൾ ഉദ്‌ഘാടനം ചെയ്യാൻ പോകുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ബി.ജെ.പിയുമായുള്ള ബന്ധം വോട്ടുകൾക്ക് അതീതമാണെന്ന് മുസ്‌ലിംകൾ മനസിലാക്കേണ്ടത് പ്രധാനമാണെന്നും ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി. കോൺഗ്രസ് മുസ്‌ലിം പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളോ സ്‌കൂളുകളോ നിർമിച്ചിട്ടില്ല. പക്ഷേ, തനിക്കത് ചെയ്യാനാകും.10-15 വർഷത്തിനകം വികസനം കൊണ്ടുവരിക തന്നെ ചെയ്യും. എന്നിട്ട് മാത്രമേ മുസ്‌ലിംകളോട് വോട്ട് ചോദിക്കുകയുള്ളൂ എന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പിലും മുസ്‌ലിം പ്രദേശങ്ങളിൽ പ്രചാരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
Adjust Story Font
16