Quantcast

പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണം; ഹലാൽ മാംസ ക്യാമ്പയിന് പിന്നാലെ കർണാടകയിൽ പുതിയ പ്രചാരണവുമായി ഹിന്ദുത്വ സംഘടനകൾ

ഉച്ചഭാഷിണികൾ നീക്കിയില്ലെങ്കിൽ, പള്ളികൾക്ക് പുറത്ത് ഉറക്കെ ഹനുമാൻ ചാലിസ വായിക്കുമെന്നും രാജ് താക്കറെ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-04-04 13:02:42.0

Published:

4 April 2022 12:56 PM GMT

പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണം; ഹലാൽ മാംസ ക്യാമ്പയിന് പിന്നാലെ കർണാടകയിൽ പുതിയ പ്രചാരണവുമായി ഹിന്ദുത്വ സംഘടനകൾ
X

ബെംഗളൂരൂ:ഹലാൽ മാംസം നിരോധിക്കണമെന്ന ആവശ്യത്തിന് പിന്നാലെ കർണാടകയിൽ പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ആവശ്യവുമായി തീവ്ര ഹിന്ദുത്വ സംഘടനകൾ.ബജ്‌റംഗദൾ,ശ്രീറാം സേന എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പുതിയ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര സർക്കാരിനോടാണ് ഈ ആവശ്യം ഉന്നയിച്ചത്. ഉച്ചഭാഷിണികൾ നീക്കിയില്ലെങ്കിൽ, പള്ളികൾക്ക് പുറത്ത് ഉറക്കെ ഹനുമാൻ ചാലിസ വായിക്കുമെന്നും രാജ് താക്കറെ പറഞ്ഞു.

'ഞാൻ പ്രാർഥനയ്ക്ക് എതിരല്ല. നിങ്ങൾക്ക് വീടുകളിൽ പ്രാർത്ഥിക്കാം. എന്തിനാണ് ഇത്രയും ഉയർന്ന ശബ്ദത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത്? പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണം. ഉച്ചഭാഷിണികൾ നീക്കിയില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഉച്ചഭാഷിണികൾ സ്ഥാപിച്ച് ഹനുമാൻ ചാലിസ വായിക്കും'- മുംബൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെ രാജ് താക്കറെ പറഞ്ഞു.

മുംബൈയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ പള്ളികൾ റെയ്ഡ് ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജ് താക്കറെ അഭ്യർഥിച്ചു. അവിടെ താമസിക്കുന്ന ആളുകൾ 'പാക് അനുകൂലികളാണ്' എന്നാണ് രാജ് താക്കറെയുടെ ആരോപണം.

തെരഞ്ഞെടുപ്പ് സമയത്ത് എതിർത്ത ശക്തികളുമായി യോജിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വോട്ടർമാരെ വഞ്ചിച്ചുവെന്നും രാജ് താക്കറെ വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാണിച്ചപ്പോൾ ഉദ്ധവ് ഒരക്ഷരം മിണ്ടിയില്ല. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് മുഖ്യമന്ത്രിയാകാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടായതെന്നും പ്രതിപക്ഷത്തിന്റെ കൂടെകൂടിയതെന്നും രാജ് താക്കറെ കുറ്റപ്പെടുത്തി.

ശിവസേനയുടെ സഖ്യകക്ഷിയായ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയെയും (എൻ.സി.പി) രാജ് താക്കറെ കടന്നാക്രമിച്ചു. 1999ൽ എൻ.സി.പി രൂപീകരിച്ചതു മുതൽ സംസ്ഥാനത്ത് ജാതി വിദ്വേഷം പടർത്തുകയാണെന്നും ജനങ്ങളെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കുകയാണെന്നുമാണ് ആരോപണം.

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെ രാജ് താക്കറെ അഭിനന്ദിച്ചു- 'ഉത്തർപ്രദേശ് പുരോഗമിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. മഹാരാഷ്ട്രയിലും ഇതേ വികസനമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞാൻ അയോധ്യ സന്ദർശിക്കും. ഹിന്ദുത്വത്തെക്കുറിച്ചും സംസാരിക്കും'.

TAGS :

Next Story