Quantcast

മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം പടരുന്നു; പൂനെയില്‍ 67 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

പുതുതായി 37 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി

MediaOne Logo

Web Desk

  • Published:

    24 Jan 2025 10:25 AM

മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം പടരുന്നു; പൂനെയില്‍ 67 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
X

മുംബൈ: മഹാരാഷ്ട്രയിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) രോഗലക്ഷണങ്ങളുമായെത്തുന്നവരുടെ എണ്ണം വർധിക്കുന്നു. പുതുതായി 37 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ പൂനെയില്‍ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത് 67 പേര‍ായി ഉയർന്നു. പൂനെ, സിംഹഗഡ് റോഡ്, ധയാരി മേഖലകളിലാണ് രോഗം പടരുന്നത്.

രോഗപ്പകര്‍ച്ചയുടെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കഠിനമായ വയറുവേദനയാണ് മിക്കവരിലും പ്രകടമായ ലക്ഷണമെന്ന് പൂനെ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. രോഗബാധയുള്ള 21 പേരുടെ സാംപിളുകള്‍ പരിശോധിച്ചപ്പോള്‍, നോറോ വൈറസ്, കാംപിലോബാക്ടര്‍ ജെജുനി ബാക്ടീരിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം കണ്ടെത്തിയവരുടെ രക്ത, സ്രവ സാംപിളുകള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രദേശത്ത് സര്‍വെ നടത്തുമെന്നും, മേഖലയിലെ കുടിവെള്ളം അടക്കം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

എന്താണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം?

ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം. ജിബിഎസ് ഒരു അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ്. അതിൽ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം പെരിഫറൽ ഞരമ്പുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു.

വയറുവേദന, അതിസാരം, കൈകാലുകള്‍ക്ക് ബലക്ഷയം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. നാഡിയുടെ പ്രവര്‍ത്തനത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്ന രോഗം പക്ഷാഘാതത്തിനും കാരണമായേക്കാം. മിക്ക കേസുകളിലും ലക്ഷണങ്ങൾ പ്രകടമാകാൻ അഞ്ചോ ആറോ ദിവസങ്ങൾ എടുക്കുന്നതായും ഡോക്ടർമാർ പറയുന്നു. വിവിധ ന്യൂറോളജിക്കൽ രോഗങ്ങൾ കണ്ടെത്തുന്നതിന് സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് (സിഎസ്എഫ്) പരിശോധന അനിവാര്യമാണെന്ന് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റൽസിലെ കൺസൾട്ടൻ്റ് ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ പറഞ്ഞു.

TAGS :
Next Story