'മുന്നിലുള്ളത് ഭയപ്പെടുത്തുന്ന പാത, മാറ്റം വേണം': മൻമോഹൻ സിങ്
രാജ്യത്തിന്റെ മുന്നിലുള്ള പാത 1991ലെ സാമ്പത്തിക പ്രതിസന്ധിയെക്കാൾ ഭയാനകമാണെന്ന് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.
രാജ്യത്തിന്റെ മുന്നിലുള്ള പാത 1991ലെ സാമ്പത്തിക പ്രതിസന്ധിയെക്കാൾ ഭയാനകമാണെന്ന് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ താന്‍ അതീവ ദുഖിതനാണെന്നും ജനങ്ങൾക്ക് മാന്യമായ ജീവിതം ഉറപ്പാക്കാൻ മുൻഗണനകൾ പുനപ്പരിശോധിക്കണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
നമ്മുടെ സാമ്പത്തിക പുരോഗതിയുടെ വേഗത നിലനിര്‍ത്താനാവുന്നില്ല.ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ പിന്നിലാണ്. ഉണ്ടാകാന്‍ പടില്ലാത്ത നിരവധി ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടതായും മന്‍മോഹന്‍ സിങ് പറഞ്ഞു. സാമ്പത്തിക ഉദാരീകരണത്തിന്റെ 30-ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രസ്താവനയിലാണ് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിങിന്റെ പ്രതികരണം.
''ഭൂമിയിലെ ഒരു ശക്തിക്കും ആരുടെ സമയമാണ് വരാൻപോകുന്നതെന്ന ആശയത്തെ തടയാൻ കഴികയില്ലെന്ന വിക്ടർ ഹ്യൂഗോവിന്റെ കവിത ഉദ്ധരിച്ചാണ് 1991-ൽ ധനമന്ത്രി എന്ന നിലയിൽ ബജറ്റു പ്രസംഗം അവസാനിപ്പിച്ചത്. 30 വർഷത്തിനുശേഷം നാം രാജ്യമെന്നനിലയിൽ റോബർട്ട് ഫ്രോസ്റ്റിന്റെ കവിത ഓർക്കണം- പക്ഷേ, എനിക്ക് വാഗ്ദാനങ്ങൾ പാലിക്കേണ്ടതുണ്ട്. ഉറങ്ങുംമുമ്പ് മൈലുകൾ താണ്ടേണ്ടതുണ്ട്' -മൻമോഹൻ പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ തുടർച്ചയായുള്ള സർക്കാരുകൾ 1991ൽ നടപ്പാക്കിയ പരിഷ്കരണ പാത പിന്തുടർന്നുവെന്നും ഇത് ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുടെ കൂട്ടായ്മയിലേക്ക് ഇന്ത്യയെ കൊണ്ടുവന്നുവെന്നും മന്‍മോഹന്‍ വ്യക്തമാക്കി. ഏകദേശം 300 ദശലക്ഷം ഇന്ത്യക്കാരെയാണ് ഈ കാലയളവിൽ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയത്. യുവാക്കള്‍ക്കായി ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
സന്തോഷിക്കാനും ആനന്ദിക്കാനുമുള്ള സമയമല്ലിത്, ആത്മപരിശോധനയ്ക്കും ചിന്തിക്കാനുമുള്ള സമയമാണെന്നും മന്‍മോഹന്‍ ചൂണ്ടിക്കാട്ടി. പരിഷ്കരണ പ്രക്രിയ സ്വതന്ത്ര സംരംഭങ്ങള്‍ക്ക് തുണയായി. ഇത് ലോകോത്തര കമ്പനികളെ ഉത്പാദിപ്പിക്കാൻ സഹായിക്കുകയും നിരവധി മേഖലകളിൽ ആഗോള ശക്തിയായി ഉയർന്നുവരാൻ ഇന്ത്യയെ സഹായിച്ചെന്നും മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16