'ഇപ്രാവശ്യം റോബർട്ട് വാദ്ര'; അമേഠിയിൽ കോൺഗ്രസ് ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടമായ മെയ് 20നാണ് അമേഠിയിൽ വോട്ടെടുപ്പ്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാവന തീയതി മെയ് മൂന്നാണ്.
ലക്‌നൗ: അമേഠിയിൽ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ സഹോദരി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രക്കായി പോസ്റ്ററുകൾ.
അമേഠിയിലെ കോൺഗ്രസിന്റെ പ്രാദേശിക പാർട്ടി ഓഫീസിന് മുന്നിലാണ് 'ഇപ്രാവശ്യം സീറ്റ് റോബർട്ട് വാദ്രക്ക് കൊടുക്കണം' എന്ന നിലയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടമായ മെയ് 20നാണ് അമേഠിയിൽ വോട്ടെടുപ്പ്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാവന തീയതി മെയ് മൂന്നാണ്. കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ സ്മൃതി ഇറാനിയെയാണ് ബി.ജെ.പി ഇവിടെ സ്ഥാനാർഥിയാക്കിയത്.
അതേസമയം കോൺഗ്രസ് ഇതുവരെ ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഗാന്ധി കുടുംബത്തിന്റെ സുരക്ഷിത മണ്ഡലമായിരുന്നു ഒരുകാലത്ത് അമേഠി. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധിയടക്കം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിൽ എത്തിയിട്ടുണ്ട്. എന്നാൽ 2019ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ, സ്മൃതി ഇറാനി തോൽപിച്ചതോടെയാണ് മണ്ഡലം കോൺഗ്രസിന്റെ കൈകളിൽ നിന്നും വഴുതുന്നത്. ഇതോടെയാണ് കോൺഗ്രസിന്, അമേഠി, സുരക്ഷിതമല്ലെന്ന തോന്നൽ ശക്തമാകുന്നത്.
അതേസമയം രാഹുൽ ഗാന്ധി തന്നെ അമേഠിയിലെത്തുമെന്ന റിപ്പോർട്ടുകളും സജീവമാണ്. ഇതുസംബന്ധിച്ച ചോദ്യത്തിന്, പാർട്ടി എന്താണോ ആവശ്യപ്പെടുന്നത് അത് ചെയ്യുമെന്നായിരുന്നു മറുപടി. അതേസമയം, താൻ മത്സരിച്ചാൽ സ്മൃതി ഇറാനിയെ തെരഞ്ഞെടുത്തതിലെ തെറ്റ് തിരുത്താൻ അമേഠിയിലെ ജനങ്ങൾക്ക് കഴിയുമെന്ന് വാദ്ര പറഞ്ഞത് ചര്‍ച്ചയായിരുന്നു. മത്സരിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ അവർ എന്റെ വിജയം ഉറപ്പാക്കുമെന്നും വാദ്ര അഭിപ്രായപ്പെട്ടിരുന്നു.
തൊട്ടുപിന്നാലെ, വാദ്രയെ കോൺഗ്രസ് സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് ചില പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിരുന്നു.
Adjust Story Font
16