ഇന്ത്യയിലേക്കെത്തിയ റോഹിങ്ക്യൻ അഭയാർഥികൾ ത്രിപുരയിൽ പിടിയിൽ
ആർ.പി.എഫും ജി.ആർപിയും നടത്തിയ സംയുക്ത പരിശോധനയിലാണ് ഒമ്പത് ബംഗ്ലദേശികൾ പിടിയിലായത്.
ഗുവാഹത്തി: ബംഗ്ലദേശിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയ ഒമ്പത് റോഹിങ്ക്യൻ അഭയാർഥികൾ ത്രിപുരയിൽ പിടിയിൽ. അഞ്ച് സ്ത്രീകളടക്കമുള്ളവരാണ് പിടിയിലായതെന്ന് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ പി.ആർ.ഒ സബ്യാസച്ചി ദേ പറഞ്ഞു. അഗർത്തല റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലായത്.
അഗർത്തല റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നതും അവിടെ നിന്ന് പോവുന്നതുമായ ട്രെയിനുകളിലാണ് അനധികൃത കുടിയേറ്റക്കാർക്കായി പരിശോധന നടന്നത്. ആർ.പി.എഫും ജി.ആർപിയും നടത്തിയ സംയുക്ത പരിശോധനയിലാണ് ഒമ്പത് ബംഗ്ലദേശികൾ പിടിയിലായതെന്ന് പി.ആർ.ഒ പറയുന്നു.
ഡിസംബർ 15നാണ് ഇവർ പിടിയിലായത്. ചോദ്യം ചെയ്യലിൽ ആവശ്യമായ രേഖകൾ ഹാജരാക്കാൻ അവർക്കു സാധിച്ചില്ലെന്നും മ്യാൻമർ വംശജരായ തങ്ങൾ ബംഗ്ലദേശിൽ നിന്നും വന്നവരാണെന്ന് സമ്മതിച്ചതായും അധികൃതർ പറയുന്നു. ഇവരെ തുടർ നിയമനടപടികൾക്കായി അഗർത്തല റെയിൽവേ പൊലീസിന് കൈമാറിയതായി പി.ആർ.ഒ കൂട്ടിച്ചേർത്തു.
Adjust Story Font
16