Quantcast

സിദ്ദീഖ് കാപ്പന് ജാമ്യം നിന്ന പ്രൊഫ. രൂപ് രേഖയെ സന്ദർശിച്ച് റൈഹാന

ജാമ്യവ്യവസ്ഥകൾ പൂർത്തീകരിക്കാൻ രണ്ട് ഉത്തർപ്രദേശുകാർ ലക്ഷം രൂപ സഹിതം ജാമ്യം നിൽക്കണമെന്ന ലഖ്നൗ കോടതിയുടെ ഉത്തരവിൽ പ്രതിസന്ധി അനുഭവിക്കുമ്പോഴാണ് ഒരു മുൻപരിചയവുമില്ലാത്ത രൂപ് രേഖ ജാമ്യം നിൽക്കാൻ മുന്നോട്ടുവന്നതെന്ന് റൈഹാന

MediaOne Logo

Web Desk

  • Published:

    18 Dec 2022 1:06 PM GMT

സിദ്ദീഖ് കാപ്പന് ജാമ്യം നിന്ന പ്രൊഫ. രൂപ് രേഖയെ സന്ദർശിച്ച് റൈഹാന
X

ലഖ്‌നൗ: യു.എ.പി.എ കേസിൽ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യംനിന്ന പ്രൊഫസർ രൂപ് രേഖ വർമയെ സന്ദർശിച്ച് ഭാര്യ റൈഹാന കാപ്പൻ. കാപ്പനെതിരായ ഇ.ഡി കേസിന്റെ തുടർനടപടികൾക്കായി അഭിഭാഷകനൊപ്പം ലഖ്‌നൗവിലെത്തിയപ്പോഴാണ് രൂപ് രേഖയെ സന്ദർശിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെ റൈഹാന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഇ.ഡി കേസിന്റെ തുടർനടപടികൾക്കായി വക്കീലിനൊപ്പം ലഖ്‌നൗവിൽ എത്തിയപ്പോൾ പ്രൊഫ. രൂപ് രേഖ വർമ്മയെ സന്ദർശിച്ചു. യു.എ.പി.എ കേസിൽ സുപ്രിംകോടതി സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചപ്പോൾ ജാമ്യക്കാരിൽ ഒരാളായി കോടതിയിൽ വന്ന് സമ്മതം അറിയിച്ച മനസ്സിനുടമയാണ് പ്രൊഫ. രൂപ് രേഖ. ജാമ്യവ്യവസ്ഥകൾ പൂർത്തീകരിക്കാൻ രണ്ട് ഉത്തർപ്രദേശുകാർ ലക്ഷം രൂപ സഹിതം ജാമ്യം നിൽക്കണമെന്ന ലഖ്നൗ കോടതിയുടെ ഉത്തരവിൽ പ്രതിസന്ധി അനുഭവിക്കുമ്പോഴാണ് ഒരു മുൻപരിചയവുമില്ലാത്ത പ്രൊഫസർ ജാമ്യം നിൽക്കാൻ മുന്നോട്ടുവന്നതെന്നും റൈഹാന കുറിച്ചു.

സ്വന്തം കാറിന്റെ രേഖകളാണ് രൂപ് രേഖ ജാമ്യത്തിനായി നൽകിയത്. 80 വയസിനടുത്ത് പ്രായമുള്ള അവർ ലഖ്‌നൗ യൂനിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറാണ്. രൂപ് രേഖ വർമ നമ്മുടെ നാടിന്റെ പ്രതീകമാണെന്നും കുടുംബത്തിന്റെ സ്‌നേഹവും നന്ദിയും അവരെ അറിയിച്ചിട്ടുണ്ടെന്നും റൈഹാന കൂട്ടിച്ചേർത്തു.

മൂന്ന് മാസങ്ങൾക്ക് മുൻപ് ജാമ്യവ്യവസ്ഥകൾ പൂർത്തീകരിച്ചിട്ടും കാപ്പന്റെ ജാമ്യനടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല. ലഖ്‌നൗ എൻ.ഐ.എ കോടതിയിൽ ജാമ്യക്കാരുടെ സ്ഥിരീകരണം വൈകുന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നതെന്നും റൈഹാന പറഞ്ഞു.

സിദ്ദീഖ് കാപ്പന്റെ ഇ.ഡി കേസിലെ ജാമ്യാപേക്ഷ കഴിഞ്ഞ മാസവും ലഖ്നൗ ജില്ലാ കോടതി തള്ളിയിരുന്നു. എന്നാൽ, കാപ്പനൊപ്പമുണ്ടായിരുന്ന ആലമിന് ഇതേ കേസിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബർ ഒൻപതിന് യു.എ.പി.എ കേസിൽ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നേടി ആറാഴ്ച ഡൽഹിയിൽ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമാണ് കോടതി ഉത്തരവിൽ അറിയിച്ചിരുന്നത്. എന്നാൽ, ഇ.ഡി കേസിൽകൂടി ജാമ്യം ലഭിക്കാത്തതിനാലാണ് കാപ്പന്റെ മോചനം നീണ്ടുപോകുന്നത്.

ഹാഥ്‌റസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് യു.പി പൊലീസ് കാപ്പനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്.

Summary: Siddique Kappan's wife Raihana Kappan visited Professor Roop Rekha Verma, who has volunteered to stand as surety to fulfil the bail for the jailed Malayali journalist in the UAPA case

TAGS :

Next Story