Quantcast

പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ഇന്നുമുതൽ മാറ്റിയെടുക്കാം

21,000 കോടി രൂപയാണ് നോട്ടുനിരോധനം പ്രഖ്യാപിച്ച് ഒരു വർഷത്തിനുള്ളിൽ പുതിയ നോട്ട് അച്ചടിക്കാനായി കേന്ദ്ര സർക്കാർ ചെലവഴിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-05-23 02:41:28.0

Published:

23 May 2023 12:49 AM GMT

RBI to withdraw Rs 2000 currency note from circulation, Rs 2000 currency ban, Rs 2000 currency withdrawal
X

ന്യൂഡൽഹി: പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ഇന്ന് മുതൽ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം. നോട്ട് മാറാൻ എത്തുന്നവർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 'ക്ലീൻ നോട്ട്' നയം യാഥാർത്ഥ്യമാകുന്നതോടെ വിപണിയിലും ഇതിന്റെ പ്രതിഫലനം ഇന്നുമുതൽ കണ്ടുതുടങ്ങുമെന്നാണ് വിലയിരുത്തൽ.

അച്ചടിമുതൽ സ്‌ക്രാപ്പ് ചെയ്യാൻ വരെ വൻ ചെലവാണ് 2,000 രൂപാ നോട്ട് വരുത്തിവച്ചത്. പുതിയ 2,000 രൂപാ നോട്ടുകൾ എ.ടി.എമ്മിൽ ഉൾക്കൊള്ളിക്കാൻ ബാങ്കുകൾക്ക് വന്ന അധിക ചെലവും 'ക്ലീൻ നോട്ട്' നയം പ്രാവർത്തികമാകുമ്പോൾ ദുർവ്യയമായി മാറുകയാണ്. നോട്ടുനിരോധനം ഏർപ്പെടുത്തി ഒരു വർഷത്തിനുള്ളിൽ പുതിയ നോട്ട് അച്ചടിക്കാനായി കേന്ദ്ര സർക്കാർ ചെലവഴിച്ചത് 21,000 കോടി രൂപയാണ്. ഇതേ കാലയളവിൽ 2,000 രൂപയുടെ 355 കോടി നോട്ടാണ് അച്ചടിച്ചത്. പ്രചാരത്തിലുള്ള 2,000 രൂപാ നോട്ടിന്റെ മൂല്യം ആകെ പ്രചാരത്തിലുള്ള ഇന്ത്യൻ കറൻസികളുടെ 10 ശതമാനത്തിന് മുകളിലാണ്.

നോട്ട് മാറാൻ നാലു മാസം സമയം ലഭിക്കുന്നതിനാൽ നേരിട്ട് ജനങ്ങളെ തീരുമാനം വലിയ തോതിൽ ബുദ്ധിമുട്ടിക്കില്ലെന്നാണ് കരുതുന്നത്. എങ്കിലും സാമ്പത്തിക ഇടപാടുകൾ കറൻസി വഴി നടത്തുന്ന ചെറുകിട വ്യവസായ, കാർഷിക മേഖലകളെ നോട്ട് പിൻവലിക്കാനുള്ള തീരുമാനം സമീപഭാവിയിൽ ബാധിച്ചേക്കാം. 2,000 രൂപാ നോട്ട് മാറ്റി ചെറിയ മൂല്യമുള്ള നോട്ട് വാങ്ങാൻ ജനങ്ങൾ തയാറായാൽ ബാങ്കുകളിൽ നിക്ഷേപം വർധിക്കും. എന്നാൽ, മാറ്റിവാങ്ങലിന് പകരം സാധനങ്ങൾ വാങ്ങാനാണ് ആളുകളുടെ നീക്കമെങ്കിൽ അത് ഏറ്റവും കൂടുതൽ ഗുണംചെയ്യുക സ്വർണ വിപണിക്കായിരിക്കുമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നുണ്ട്.

മെയ് 19നാണ് രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ വിനിമയം നിർത്തുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് റിസർവ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകൾ ഇടപാടുകാർക്ക് നൽകരുതെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

നിലവിൽ നോട്ട് കൈവശമുള്ളവർക്ക് 2023 സെപ്റ്റംബർ 30 വരെ ഉപയോഗിക്കാമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചത്. മേയ് 23 മുതൽ 2,000 നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമൊരുക്കും. ഒറ്റയടിക്ക് നോട്ടുനിരോധനം നടപ്പാക്കില്ലെന്നാണ് ആർ.ബി.ഐ വ്യക്തമാക്കിയത്. നിലവിൽ കൈവശമുള്ള നോട്ട് ഉപയോഗിക്കുന്നതിനു വിലക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

2016 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകൾ നിരോധിച്ചതിനു പിറകെയാണ് 2,000 രൂപാ നോട്ട് അച്ചടിച്ച് വിനിമയത്തിനായി പുറത്തിറക്കിയത്. എന്നാൽ, 2000 നോട്ടിൻറെ അച്ചടി 2018-2019 കാലയളവിൽ നിർത്തിയിരുന്നു. കറൻസി അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിച്ചെന്നാണ് ഇപ്പോൾ ആർ.ബി.ഐ നൽകുന്ന വിശദീകരണം.

Summary: The Rs 2,000 notes, which withdrawn by RBI in 19 May, can be exchanged in banks from today

TAGS :

Next Story