'ഏക്‌നാഥ് ഷിൻഡെ ചതിയന്‍, ബിജെപി രാഷ്ട്രീയ മാന്യത കാണിക്കണം': സാമ്‌ന
സിബിഐയേയും ഇ.ഡിയേയും ഭയന്നാണ് ഷിൻഡെ ഒളിച്ചോടിയതെന്നും ശിവസേന മുഖപത്രമായ സാമ്‌ന
മുംബൈ: ശിവസേന വിമതരെ വിമർശിച്ച് പാർട്ടി മുഖപത്രമായ സാമ്‌ന. വിമതർ സേനയോട് സത്യസന്ധത പുലർത്തിയില്ലെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. സേനയുടെ സീറ്റിൽ ജയിച്ചവർ ഇപ്പോൾ ബിജെപിയുടെ കൂടെയാണ്. ബിജെപി രാഷ്ട്രീയ മാന്യത കാണിക്കണം. വിമത എം.എൽ.എമാരുടെ നേതാവ് ഏക്‌നാഥ് ഷിൻഡെ ചതിയനാണെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു. സിബിഐയെയും ഇ.ഡിയേയും ഭയന്നാണ് ഷിൻഡെ ഒളിച്ചോടിയതെന്നും സാമ്‌ന ആരോപിക്കുന്നു.
അതേസമയം മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധി മറികടക്കാൻ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. മന്ത്രിസഭാ പുനസംഘടനക്ക് തയ്യാറാണെന്ന കാര്യം മഹാവികാസ് അഘാഡി സഖ്യം വിമതരെ അറിയിക്കും. എന്നാൽ ബിജെപിക്ക് ശിവസേന പിന്തുണ നൽകണമെന്ന ആവശ്യത്തിൽ നിന്നും വിമതർ പിന്നോട്ട് പോയിട്ടില്ല. മൂന്ന് എം.എൽ.എമാർ കൂടി വിമത ക്യാംപിലെത്തിയതോടെ കൂറ്മാറ്റനിരോധന നിയമത്തെ മറികടക്കാൻ ഷിൻഡെക്കും കൂട്ടർക്കുമാകും.
അതിവൈകാരികമായി രാജിവെക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിട്ടും വിമത എംഎൽ എമാർ ചർച്ചക്കെത്തിയിട്ടില്ല. സർക്കാറിന് പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ മന്ത്രിസഭാ വിപുലീകരണവും ആവശ്യമെങ്കിൽ ഷിൻഡയെ മുഖ്യമന്ത്രി ആക്കാമെന്ന വാഗ്ദാനവും മഹാവികാസ് അഘാഡി സഖ്യം മുന്നോട്ട് വെക്കും. മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ തയ്യാറായ ഉദ്ദവ് താക്കറെ ഇന്നലെ ഔദ്യോഗിക വസതിയായ വർഷയിൽ നിന്നും പടിയിറങ്ങിയിരുന്നു.
വിമത എം.എൽഎമാർ സംസാരിക്കാൻ തയ്യാറാകണമെന്ന നിലപാടിലാണ് ഉദ്ദവിനുള്ളത്. എന്നാൽ എന്‍.സി.പി- കോൺഗ്രസ് കൂട്ടുകെട്ട് അവസാനിപ്പിച്ച് ബിജെപിയെ ശിവസേന പിന്തുണക്കണമെന്ന ആവശ്യത്തിൽ ഷിൻഡയും കൂട്ടരും ഉറച്ചുനിൽകുകയാണ്. മൂന്ന് എം.എൽ.എമാർ കൂടി ഇന്നലെ വിമത ക്യാംപിനൊപ്പം ചേർന്നതോടെ ഷിൻഡേയെ പിന്തുണക്കുന്നവരുടെ എണ്ണം 37 ആയി. കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാനുള്ള സംഖ്യയിലേക്ക് എത്തിയതോടെ വിമതരുടെ നീക്കം ഇനി നിർണായകമാകും.
Summary- Saamana, Shiv Sena mouthpiece, criticized the Shiv Sena rebels
Adjust Story Font
16