ഹിജാബ്, ഹലാൽ വിവാദങ്ങൾക്ക് പിന്നാലെ പള്ളികളിലെ ബാങ്കുവിളിക്കെതിരെയും സംഘ്പരിവാർ കാമ്പയിൻ
പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിച്ച് ബാങ്ക് വിളിക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ നടത്തുമെന്നും രാജ്താക്കറെ ഭീഷണി മുഴക്കിയിരുന്നു. മുംബൈയിൽ എംഎൻഎസ് പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു രാജ്താക്കറെയുടെ വിവാദ പരാമർശം.
മുംബൈ: ഹിജാബ്, ഹലാൽ വിവാദങ്ങൾക്ക് പിന്നാലെ പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിച്ച് ബാങ്ക് വിളിക്കുന്നതിനെതിരെയും സംഘ്പരിവാർ രംഗത്ത്. മഹാരാഷ്ട്രയിലാണ് ബിജെപി നേതാക്കൾ ബാങ്കുവിളിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. മഹാരാഷ്ട്ര നവനിർമാൺ സേനാ നേതാവ് രാജ്താക്കറെയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിച്ച് ബാങ്ക് വിളിക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ നടത്തുമെന്നും രാജ്താക്കറെ ഭീഷണി മുഴക്കിയിരുന്നു. മുംബൈയിൽ എംഎൻഎസ് പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു രാജ്താക്കറെയുടെ വിവാദ പരാമർശം.
ഇതിന് പിന്നാലെ പൊതുസ്ഥലത്ത് ഹനുമാൻ ചാലിസ നടത്താൻ താൽപര്യമുള്ളവർക്ക് സൗജന്യമായി ഉച്ചഭാഷിണി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ബിജെപി നേതാവ് രംഗത്തെത്തി. ''ആരെങ്കിലും ക്ഷേത്രങ്ങളിൽ ഉച്ചഭാഷിണി സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളെ സമീപിക്കാം. സൗജന്യമായി ഉച്ചഭാഷിണി നൽകും. മുഴുവൻ ഹിന്ദുക്കൾക്കും ഒരൊറ്റ ശബ്ദമായിരിക്കണം. ജയ് ശ്രീരാം! ഹർ ഹർ മഹാദേവ്!''- ബിജെപി നേതാവ് മോഹിത് കംബോജ് ട്വീറ്റ് ചെയ്തു.
मंदिर में लगाने के लिए जिसको लाउड स्पीकर ( भोंगे ) चाहिए वो निशुल्क हमसे माँग सकता हैं !
— Mohit Kamboj Bharatiya - मोहित कंबोज भारतीय (@mohitbharatiya_) April 4, 2022
सभी हिंदू की एक आवाज़ होनी चाहिए !
मंदिरावर हनुमान चालिसा यासाठी भोंगे आम्ही देवू ज्यांना लावायचे आहेत त्यांना !
हिंदु एकता आवाज आलाच पाहिजे !
जय श्री राम ! हर हर महादेव !
രാജ്താക്കറെയുടെ ആഹ്വാനത്തിന് പിന്നാലെ മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിൽ എംഎൻഎസ് പ്രവർത്തകർ ഉച്ചഭാഷിണി ഉപയോഗിച്ച് ഹനുമാൻ ചാലിസ നടത്താൻ തുടങ്ങിയിരുന്നു. രാജ്യത്തെ ഏറ്റവും സമ്പന്നമായ മുൻസിപ്പാലിറ്റികളിലൊന്നായ ബ്രിഹാൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപിയും എംഎൻഎസും പുതിയ കാമ്പയിൻ ആരംഭിച്ചതെന്നാണ് ശിവസേന ആരോപിക്കുന്നത്.
ശിവസേന സ്ഥാപകൻ ബാൽതാക്കറെയുടെ കാലത്ത് ശിവസേന മുന്നോട്ടുവെച്ച ആവശ്യമായിരുന്നു പള്ളികളിലെ ഉച്ചഭാഷിണി നിരോധനം. 2019ൽ കോൺഗ്രസ് സഖ്യത്തിനൊപ്പം അധികാരത്തിലെത്തിയതോടെയാണ് അവർ തീവ്രനിലപാടുകൾ മയപ്പെടുത്തിയത്. 2005ലാണ് രാജ്താക്കറെ അഭിപ്രായ ഭിന്നതയെ തുടർന്ന് ശിവസേന വിട്ട് എംഎൻഎസ് രൂപീകരിച്ചത്. രാജ്താക്കറെയെ ഉപയോഗിച്ച് പഴയ തീവ്രനിലപാടുകാരെ ആകർഷിക്കാനാണ് ബിജെപി നീക്കം.
അതിനിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രാജ്താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താക്കറെയുടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. സൗഹൃദസന്ദർശനം മാത്രമാണെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നുമായിരുന്നു ഗഡ്കരിയുടെ പ്രതികരണം. എന്നാൽ പള്ളികളിലെ ഉച്ചഭാഷിക്കെതിരായ പ്രസ്താവനക്ക് തൊട്ടുപിന്നാലെയുള്ള ഗഡ്കരിയുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
Adjust Story Font
16