Quantcast

'സർവേ ഉത്തരവ് സ്റ്റേ ചെയ്യണം'; സംഭൽ മസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയിൽ

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നാളെ ഹരജി പരിഗണിക്കും

MediaOne Logo

Web Desk

  • Published:

    28 Nov 2024 4:45 PM GMT

Sambhal mosque committee moves Supreme Court against ASI survey, Sambhal Jama Masjid row, Sambhal Jama Masjid committee,
X

ന്യൂഡൽഹി: സർവേ നടപടിക്കെതിരെ ഉത്തർപ്രദേശിലെ സംഭൽ ജമാമസ്ജിദ് കമ്മിറ്റി സുപ്രിംകോടതിയിൽ. മസ്ജിദിൽ പുരാവസ്തു വകുപ്പിന്റെ(എഎസ്‌ഐ) സർവേയ്ക്ക് അനുമതി നൽകിയ ജില്ലാകോടതിയുടെ ഉത്തരവിനെതിരെയാണു ഹരജി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നാളെ ഹരജി പരിഗണിക്കും.

സർവേ സ്റ്റേ ചെയ്യണമെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ എല്ലാ വിഭാഗത്തെയും കേൾക്കാതെ സർവേയ്ക്ക് ഉത്തരവിടുന്നത് പതിവാക്കരുതെന്നു നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ബന്ധപ്പെട്ടവർക്ക് നിയമനടപടികൾ സ്വീകരിക്കാൻ മതിയായ സമയം അനുവദിക്കണമെന്നും ഹരജിയിൽ തുടരുന്നു.

മുഗൾ കാലഘട്ടത്തിലുള്ള പള്ളിയാണ് സംഭലിലെ ശാഹി ജമാമസ്ജിദ്. മുൻപ് ഇവിടെ സ്ഥിതി ചെയ്തിരുന്ന ഹരിഹരേശ്വര ക്ഷേത്രം തകർത്താണു പള്ളി നിർമിച്ചതെന്ന അവകാശവാദവുമായി ഒരു വിഭാഗം സംഭൽ ജില്ലാ-സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷകനായ ഹരിശങ്കർ ജെയിൻ ഉൾപ്പെടെ എട്ടുപേരാണു പരാതിക്കാർ. ഇവർ നൽകിയ ഹരജി പരിഗണിച്ചാണ് കഴിഞ്ഞ നവംബർ 19ന് സംഭൽ കോടതി എഎസ്‌ഐ സർവേയ്ക്ക അനുമതി നൽകിയത്. അഡ്വക്കറ്റ് കമ്മിഷണറുടെ നേതൃത്വത്തിൽ സർവേ നടത്താനായിരുന്നു നിർദേശം.

കഴിഞ്ഞയാഴ്ച പള്ളിയിൽ ആദ്യ സർവേ നടന്ന ശേഷം കഴിഞ്ഞ ഞായറാഴ്ച രാവിലെയും വീണ്ടും ഉദ്യോഗസ്ഥസംഘവും പൊലീസും സ്ഥലത്തെത്തി. ഇതോടെയാണ് മുസ്‌ലിംകൾ പ്രതിഷേധവുമായി എത്തിയത്. ഇതിനിടെ പൊലീസിനു നേരെ കല്ലേറുമുണ്ടായി. പിന്നാലെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 20ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Summary: Sambhal mosque committee moves Supreme Court against ASI survey

TAGS :

Next Story