സംഭൽ മസ്ജിദ് സർവേയ്ക്കെതിരായ ഹരജി ഇന്ന് സുപ്രിം കോടതിയില്‍
തിടുക്കപ്പെട്ടാണ് സർവേ നടപടികൾ ആരംഭിച്ചതെന്നും മസ്ജിദ് കമ്മിറ്റിയുടെ വാദം കേട്ടില്ലെന്നും ഹരജിയിൽ പറയുന്നു
ഡല്‍ഹി: സംഭൽ ജമാ മസ്ജിദിൽ സർവേയ്ക്ക് അനുമതി നൽകിയ സിവിൽ കോടതി ഉത്തരവിനെതിരായ മസ്ജിദ് കമ്മിറ്റിയുടെ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. തിടുക്കപ്പെട്ടാണ് സർവേ നടപടികൾ ആരംഭിച്ചതെന്നും മസ്ജിദ് കമ്മിറ്റിയുടെ വാദം കേട്ടില്ലെന്നും ഹരജിയിൽ പറയുന്നു.
അഭിഭാഷക കമ്മീഷൻ സർവെ റിപ്പോർട്ട് ഇന്ന് ജില്ലാ കോടതിയിൽ സമർപ്പിക്കാൻ ഇരിക്കെയാണ് സുപ്രിം കോടതി കേസ് പരിഗണിക്കുന്നത്. സർവെ അനുമതിക്ക് പിന്നാലെയാണ് യുപിയിലെ സംഭലിൽ വെടിവെപ്പ് ഉണ്ടാകുകയും ആറു പേർ മരിക്കുകയും ചെയ്തത്.
സർവേ സ്റ്റേ ചെയ്യണമെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ എല്ലാ വിഭാഗത്തെയും കേൾക്കാതെ സർവേയ്ക്ക് ഉത്തരവിടുന്നത് പതിവാക്കരുതെന്നു നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ബന്ധപ്പെട്ടവർക്ക് നിയമനടപടികൾ സ്വീകരിക്കാൻ മതിയായ സമയം അനുവദിക്കണമെന്നും ഹരജിയിൽ തുടരുന്നു.
മുഗൾ കാലഘട്ടത്തിലുള്ള പള്ളിയാണ് സംഭലിലെ ശാഹി ജമാമസ്ജിദ്. മുൻപ് ഇവിടെ സ്ഥിതി ചെയ്തിരുന്ന ഹരിഹരേശ്വര ക്ഷേത്രം തകർത്താണു പള്ളി നിർമിച്ചതെന്ന അവകാശവാദവുമായി ഒരു വിഭാഗം സംഭൽ ജില്ലാ-സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷകനായ ഹരിശങ്കർ ജെയിൻ ഉൾപ്പെടെ എട്ടുപേരാണു പരാതിക്കാർ. ഇവർ നൽകിയ ഹരജി പരിഗണിച്ചാണ് കഴിഞ്ഞ നവംബർ 19ന് സംഭൽ കോടതി എഎസ്‌ഐ സർവേയ്ക്ക അനുമതി നൽകിയത്. അഡ്വക്കേറ്റ് കമ്മിഷണറുടെ നേതൃത്വത്തിൽ സർവേ നടത്താനായിരുന്നു നിർദേശം.
Adjust Story Font
16