'സംഭാൽ സംഘർഷം നടന്നത് ബിജെപി ഒത്താശയോടെ'; ആരോപണവുമായി അഖിലേഷ് യാദവ്
'നേരത്തെ സർവേ നടന്ന ഒരു പള്ളിയിൽ വീണ്ടും സർവേ നടത്തുന്നത് എന്തിനാണ്? അതും രാവിലെ ഒരു മുന്നൊരുക്കവുമില്ലാതെയാണ് ഇതു നടക്കുന്നത്.'
ലഖ്‌നൗ: ഉത്തർപ്രദേശിലെ സംഭാലിൽ നടക്കുന്ന സംഘർഷത്തിനു പിന്നിൽ ബിജെപിയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഷാഹി മസ്ജിദിലെ സർവേക്കെതിരെ പ്രതിഷേധിച്ച യുവാക്കൾക്കെതിരെ നടന്ന വെടിവയ്പ്പിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അഖിലേഷ് ബിജെപിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ഗുരുതരമായ സംഭവമാണ് സംഭാലിലുണ്ടായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ചർച്ചകൾ വഴിതിരിച്ചുവിടാൻ വേണ്ടിയാണ് ഒരു സർവേ സംഘത്തെ രാവിലെ ബോധപൂർവം അയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ച നടക്കാതിരിക്കാൻ വേണ്ടി കുഴപ്പം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും അഖിലേഷ് ആരോപിച്ചു.
നേരത്തെ സർവേ നടന്ന ഒരു പള്ളിയിൽ വീണ്ടും സർവേ നടത്തുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. അതും രാവിലെ ഒരു മുന്നൊരുക്കവുമില്ലാതെയാണു നടക്കുന്നത്. നിയമപരമായ കാര്യങ്ങളിലേക്കോ നടപടിക്രമങ്ങളിലേക്കോ ഞാൻ കടക്കുന്നില്ല. എന്നാൽ, മറുഭാഗത്തെ കേൾക്കാൻ ഇതുവരെ തയാറായിട്ടില്ല. വൈകാരികത ഇളക്കി തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട ചർച്ചകൾ ഒഴിവാക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്. സംഭാലിൽ നടന്നതെല്ലാം ബിജെപിയുടെയും സർക്കാരിന്റെയും ഭരണകൂടത്തിന്റെയും ഒത്താശയോടെ നടന്നതാണ്. തെരഞ്ഞെടുപ്പിലെ കൃത്രിമങ്ങളിൽനിന്നു ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നും എസ്പി നേതാവ് ആരോപിച്ചു.
ജനാധിപത്യത്തിൽ യഥാർഥ വിജയം ജനങ്ങളുടേതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ബിജെപി സൃഷ്ടിച്ച പുതിയ ജനാധിപത്യത്തിൽ ജനങ്ങൾക്ക് വോട്ട് ചെയ്യാനാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് അവർ. നിഷ്പക്ഷമായ അന്വേഷണം നടക്കുമ്പോഴെല്ലാം സിസിടിവി ദൃശ്യങ്ങളിലൂടെയും രേഖകളിലൂടെയും സത്യം പുറത്തുവരാറുണ്ട്. യഥാർഥ വോട്ടർമാർ വോട്ട് ചെയ്യാത്തപ്പോഴും മറ്റാരൊക്കെയോ ബൂത്തിൽ വോട്ടറായി എത്തിയതു വ്യക്തമാണ്. വോട്ടെടുപ്പ് ദിവസം എസ്പിയുടെ മിക്ക ബൂത്ത് ഏജന്റുമാരെയും വോട്ട് ചെയ്യാനെത്തിയ അനുയായികളെയും പൊലീസും ഭരണകൂടവും ചേർന്ന് പുറത്താക്കിയെന്നും അഖിലേഷ് യാദവ് ആരോപിച്ചു.
Summary: 'Sambhal violence orchestrated by BJP, govt to divert attention from poll rigging': Alleges SP leader Akhilesh Yadav
Adjust Story Font
16