Quantcast

'ജനാധിപത്യ സംരക്ഷണം ഭീകരവാദമാണെങ്കില്‍ ഞാന്‍ ഭീകരവാദി തന്നെ'; മോദിയെയും ഷിന്‍ഡെയെയും കടന്നാക്രമിച്ച് ഉദ്ദവ്

ധ്രുവ് റാഠിക്കും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു ഉദ്ദവ് താക്കറെ

MediaOne Logo

Web Desk

  • Published:

    21 Jun 2024 3:50 PM GMT

If saving the constitution and country is terrorism, then I am a terrorist”: Shiv Sena(UBT) leader Uddhav Thackeray attacks Narendra Modi and Eknath Shinde
X

ഉദ്ദവ് താക്കറെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെയും കടന്നാക്രമിച്ച് ശിവസേന(യു.ബി.ടി) നേതാവ് ഉദ്ദവ് താക്കറെ. ഭരണഘടന-ജനാധിപത്യ സംരക്ഷണം ഭീകരവാദമാണെങ്കില്‍ താനൊരു ഭീകരവാദിയാണെന്ന് ഉദ്ദവ് വ്യക്തമാക്കി. അധികാരം ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കുന്നതും സര്‍ക്കാരുകളെ അട്ടിമറിക്കുന്നതും ഭരണകൂട നക്‌സലിസമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

''അര്‍ബന്‍ നക്‌സലിതത്തെ കുറിച്ചാണ് അദ്ദേഹം(ഷിന്‍ഡെ) സംസാരിക്കുന്നത്. ഏകാധിപത്യത്തെ തള്ളിക്കളയാന്‍ കാംപയിന്‍ ചെയ്യുന്നതും ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ആവശ്യപ്പെടുന്നതും നിങ്ങള്‍ക്ക് നക്‌സലിസവും ഭീകരവാദവുമാണോ? ജനാധിപത്യത്തെ സംരക്ഷിക്കുന്നത് ഭീകരവാദമാണെങ്കില്‍ ഞാന്‍ ഭീകരവാദിയാണ്. ഭരണഘടനയെ സംരക്ഷിക്കുന്നത് ഭീകരവാദിയാണെങ്കില്‍ ഞാന്‍ ഭീകരവാദിയാണ്''-ശിവസേന സ്ഥാപകദിനത്തില്‍ മുംബൈയിലെ ശണ്‍മുഖാനന്ദില്‍ നടന്ന ചടങ്ങില്‍ ഉദ്ദവ് പറഞ്ഞു.

പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് ഭരണകൂട നക്‌സലിസമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇത് ഉറപ്പായുമൊരു നക്‌സലിസമാണ്. അര്‍ബന്‍ നക്‌സലിസത്തെക്കാള്‍ അപകടകരമാണിത്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാനും നല്ല സര്‍ക്കാരുകളെ അട്ടിമറിക്കാനും പ്രതിപക്ഷ നേതാക്കളെ സ്വന്തം പാര്‍ട്ടിയിലെത്തിക്കാനുമെല്ലാമാണ് അധികാര ദുര്‍വിനിയോഗം നടത്തുന്നത്. ജനാധിപത്യത്തെ കൊല്ലുന്ന നക്‌സലിസമാണിതെന്നും ഉദ്ദവ് കുറ്റപ്പെടുത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിച്ച ബി.ജെ.പിയും ഏക്‌നാഥ് ശിവസേനയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാല്‍താക്കറെയുടെ ചിത്രവും അമ്പും വില്ലും ചിഹ്നവുമില്ലാതെ മത്സരിക്കാന്‍ ധൈര്യം കാണിക്കുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. ചന്ദ്രബാബു നായിഡു പ്രകടനപത്രികയില്‍ അവകാശപ്പെട്ടതെല്ലാം നടപ്പാക്കുമെന്ന് ആന്ധ്രപ്രദേശില്‍ ചെന്നു പറയാന്‍ നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ജനാധിപത്യത്തെ സംരക്ഷിക്കാനായി ഇന്‍ഡ്യ സഖ്യത്തെയും മഹാവികാസ് അഘാഡിയെയും പിന്തുണച്ച യൂട്യൂബര്‍ ധ്രുവ് റാഠിക്കും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു ഉദ്ദവ് താക്കറെ.

Summary: ''If saving the constitution and country is terrorism, then I am a terrorist”: Shiv Sena(UBT) leader Uddhav Thackeray attacks Narendra Modi and Eknath Shinde

TAGS :

Next Story