ഗാർഹിക പീഡനം; പുരുഷന്മാർക്കായി ദേശീയ കമ്മിഷൻ രൂപീകരിക്കണം, ഹരജി തള്ളി സുപ്രിംകോടതി
ഗാർഹിക പീഡനം മൂലം മരിക്കുന്ന പെൺകുട്ടികളുടെ കണക്ക് കൈവശമുണ്ടോ എന്നായിരുന്നു ഹരജി തള്ളിക്കൊണ്ട് കോടതിയുടെ ചോദ്യം
ന്യൂഡൽഹി: പുരുഷന്മാർക്കായി ദേശീയ കമ്മിഷൻ രൂപീകരിക്കണമെന്ന ഹരജി തള്ളി സുപ്രിംകോടതി. ഗാർഹിക പീഡനം മൂലം വിവാഹിതരായ പുരുഷന്മാർ ജീവനൊടുക്കുന്ന സംഭവങ്ങൾ വർധിക്കുകയാണെന്നും ഇതിനെതിരെയുള്ള നടപടികൾക്കായി കമ്മിഷൻ രൂപീകരിക്കണമെന്നുമായിരുന്നു ഹരജി.
ജസ്റ്റിസ് സൂര്യ കാന്ത്, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. ഗാർഹിക പീഡനം മൂലം മരിക്കുന്ന പെൺകുട്ടികളുടെ കണക്ക് കൈവശമുണ്ടോ എന്നായിരുന്നു ഹരജി തള്ളിക്കൊണ്ട് കോടതിയുടെ ചോദ്യം.
മഹേഷ് കുമാർ തിവാരി എന്ന അഭിഭാഷകനാണ് ഹരജിക്കാരൻ. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ 2021ലെ സർവേ ഫലം ചൂണ്ടിക്കാട്ടിയാണ് ഇയാൾ ഹരജി സമർപ്പിച്ചത്. ഈ വർഷം മാത്രം വിവാഹിതരായ 81,063 പുരുഷന്മാർ ജീവനൊടുക്കി എന്നാണ് സർവേയിലുള്ളതെന്നാണ് വാദം. സ്ത്രീകളുടെ എണ്ണം 28,680ഉം. പുരുഷന്മാർ ജീവനൊടുക്കുന്ന വിഷയത്തെ നിസ്സാരമായി കാണരുതെന്നും ഇത്തരത്തിലുള്ള പരാതികൾ വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ മനുഷ്യാവകാശ കമ്മിഷന് നിർദേശം നൽകണമെന്നും ഹരജിയിലുണ്ട്.
ഹരജിക്കാരൻ ഉന്നയിക്കുന്നത് ഏകപക്ഷീയമായ കാര്യങ്ങളാണെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് ആളുകൾ ജീവനൊടുക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
Adjust Story Font
16