വെള്ളത്തിന്റെ പേരിൽ രാഷ്ട്രീയം പാടില്ല; ഡൽഹിയിലെ ജലക്ഷാമത്തിൽ സുപ്രിംകോടതി ഇടപെടൽ
കൂടുതൽ വെള്ളം നൽകാൻ ഹിമാചൽ പ്രദേശ് സർക്കാരിന് നിര്‍ദേശം
ന്യൂഡൽഹി: ഡൽഹിയിലെ ജലക്ഷാമത്തിൽ സുപ്രിംകോടതി ഇടപെടൽ. കൂടുതൽ വെള്ളം നൽകാൻ ഹിമാചൽ പ്രദേശ് സർക്കാരിന് കോടതി നിർദേശം നൽകി. വെള്ളം നൽകുന്നത് തടയരുതെന്ന് ഹരിയാന സർക്കാറിനോടും നിർദേശിച്ചു.വെള്ളത്തിന്റെ പേരിൽ രാഷ്ട്രീയം പാടില്ലെന്നും കോടതി പറഞ്ഞു.ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, കെ വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് നിര്‍ദേശം.
ഡൽഹിക്ക് ആവശ്യമായ വെള്ളം വിട്ടുനൽകാൻ ഹരിയാന സർക്കാറിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാറാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഉയർന്ന താപനിലയും ഉഷ്ണതരംഗവും ജലത്തിൻ്റെ ആവശ്യകത കൂട്ടിയെന്നും ഇത് ദേശീയ തലസ്ഥാനത്ത് അസാധാരണമായ ക്ഷാമത്തിന് കാരണമായെന്നും ചൂണ്ടിക്കാട്ടി എഎപിയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ കോടതിയെ സമീപിച്ചത്.ഹരിയാനയിൽ നിന്ന് വെള്ളം എത്തിയില്ലെങ്കിൽ ഡൽഹിയിലെ ജലസംഭരണികൾ വറ്റുമെന്ന് ചൂണ്ടിക്കാട്ടി മന്ത്രി അതിഷി നേരത്തെ കേന്ദ്രസർക്കാറിന് കത്തു നൽകിയിരുന്നു.
ഉഷ്ണ തരംഗത്തെ തുടർന്നാണ് ഡൽഹിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായത്. ജലക്ഷാമം രൂക്ഷമായതോടെ ഡൽഹിയിലെ ജനജീവിതം കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്.
Adjust Story Font
16