Quantcast

ബിൽക്കീസ് ബാനു കേസ് വിധി ഇരുട്ടിന് നടുവിൽ വെളിച്ചം വീശുന്നത്; ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടിയെന്നും എം.കെ സ്റ്റാലിൻ

'ബിജെപി സർക്കാർ വസ്തുതകൾ മറച്ചുവയ്ക്കുകയും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും കുറ്റവാളികളെ വെറുതെ വിടുകയും ചെയ്തു'- അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-01-09 14:49:27.0

Published:

9 Jan 2024 2:48 PM GMT

SC verdict in Bilkis Bano case gives solace shows BJP’s double standards Says Stalin
X

ചെന്നൈ: ബിൽക്കീസ് ബാനു കേസിൽ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഗുജറാത്ത് സർക്കാർ തീരുമാനം റദ്ദാക്കിയ സുപ്രിംകോടതി വിധി ഇരുട്ടിൽ വെളിച്ചം വീശുകയും ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുകയും ചെയ്തതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഒടുവിൽ നീതി വിജയിച്ചെന്നും അത് ആശ്വാസം നൽകിയെന്നും സ്റ്റാലിൻ പറഞ്ഞു.

'സഹോദരി ബിൽക്കീസ് ബാനുവിന്റെ കേസിൽ ഒടുവിൽ നീതി ലഭിച്ചെന്നത് ആശ്വാസകരമാണ്. ഇരുട്ടിനു നടുവിൽ പ്രതീക്ഷയുടെ കിരണമാണ് സുപ്രിംകോടതി വിധി. ഗുജറാത്തിലെ ബിജെപി സർക്കാർ വസ്‌തുതകൾ മറച്ചുവച്ച് ക്രിമിനലുകൾക്ക് കൂട്ടുനിൽക്കുകയാണെന്ന സുപ്രിംകോടതി നിരീക്ഷണം രാഷ്ട്രീയ നേട്ടങ്ങൾക്കായി നീതിയെ വളച്ചൊടിച്ചതിനുള്ള കനത്ത തിരിച്ചടിയാണ്'- അദ്ദേഹം എക്‌സിൽ കുറിച്ചു.

ഗുജറാത്ത് ബിജെപി സർക്കാരിനെതിരെയും സ്റ്റാലിൻ രം​ഗത്തെത്തി. 'ഗുരുതരമായ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരെപ്പോലും മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാർ ശ്രമിക്കുന്നു. ബിജെപി സർക്കാർ വസ്തുതകൾ മറച്ചുവയ്ക്കുകയും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും കുറ്റവാളികളെ വെറുതെ വിടുകയും ചെയ്തു'- അദ്ദേഹം പറഞ്ഞു.

'ബിൽക്കീസ് ബാനുവിന്റെ പോരാട്ട വിജയമാണ് വിധി. നീതിക്കായുള്ള ബിൽക്കീസ് ബാനുവിന്റെ നീണ്ട പോരാട്ടത്തിന്റെ വിജയം ഇരകളായ സ്ത്രീകൾക്ക് പൊരുതാനുള്ള ഉത്തേജനവും ധൈര്യവും നൽകും. അവരുടെ നിർഭയവും അക്ഷീണവുമായ പോരാട്ടം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. അവർക്കൊപ്പം നിന്ന മുതിർന്ന അഭിഭാഷകർ ഉൾപ്പെടെയുള്ള എല്ലാ ജനാധിപത്യ ശക്തികൾക്കും എന്റെ അഭിനന്ദനങ്ങൾ'- സ്റ്റാലിൻ കൂട്ടിച്ചേർത്തു.

പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അർഹതയില്ലെന്ന് വ്യക്തമാക്കിയായിരുന്നു തിങ്കളാഴ്ച സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്. ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ഉജ്ജൽ ഭൂയാൻ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടിയാണ് സുപ്രിംകോടതി വിധി. ശിക്ഷ വിധിക്കുന്നത് പ്രതികളുടെ മാറ്റത്തിനും നവീകരണത്തിനുമാണെന്നും ഇരയായ സ്ത്രീയുടെ അവകാശവും നടപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി.

പ്രതികൾ കുറ്റകൃത്യം നടത്തിയ രീതി ഭീകരവും ഭയപ്പെടുത്തുന്നതുമാണെന്ന് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവരുടെ ബെഞ്ച് വിചാരണവേളയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികളെ വിട്ടയച്ചതിന് കൃത്യമായ കാരണമെന്താണെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കണമെന്നും ജസ്റ്റിസ് കെ.എം ജോസഫ് ആവശ്യപ്പെട്ടിരുന്നു.

2002 ഗുജറാത്ത് കലാപത്തിനിടെയാണ് പ്രതികൾ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും യുവതിയുടെ പിഞ്ചുകുഞ്ഞടക്കം ഉറ്റവരായ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്തത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികദിനത്തിലാണ് നിന്ദ്യമായ ക്രൂരകൃത്യം ചെയ്ത 11 പ്രതികളെ നല്ലനടപ്പ് ചൂണ്ടിക്കാട്ടി ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. കേസിലെ 11 കുറ്റവാളികളെയും ശിക്ഷ ഇളവ് നൽകി ജയിൽ മോചിതരാക്കിയതിനെതിരെ നൽകിയ ഹരജിയിൽ ബിൽക്കീസ് ബാനുവിന് വേണ്ടി അഡ്വ. ശോഭ ഗുപ്തയാണ് കോടതിയിൽ ഹാജരായത്.

കേസിലെ 11 കുറ്റവാളികളെയും മോചിപ്പിച്ചത് ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹരജികളിലാണ് ഇന്നലെ സുപ്രിംകോടതി അന്തിമ വാദം കേട്ടതും തുടർന്ന് വിധി പറഞ്ഞതും. ബിൽക്കീസ് ബാനുവിനെ കൂടാതെ, സി.പി.എം നേതാവ് സുഭാഷിണി അലി, സ്വതന്ത്ര മാധ്യമപ്രവർത്തക രേവതി ലാൽ, ലഖ്‌നൗ സർവകലാശാല മുൻ വൈസ് ചാൻസലർ രൂപ് രേഖ വർമ, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര തുടങ്ങിയവരും ശിക്ഷാ ഇളവിനെതിരെ പൊതുതാൽപര്യ ഹരജി സമർപ്പിച്ചിരുന്നു.





TAGS :

Next Story