സഖ്യചര്‍ച്ച വഴിമുട്ടി; ഒഡിഷയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബിജെപി
സഖ്യത്തെക്കുറിച്ച് ചർച്ചകളൊന്നും നടന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ
ഭുവനേശ്വർ: ബി.ജെ.ഡിയുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതോടെ ഒഡീഷയിൽ ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബി.ജെ.പി
ഡൽഹിയിലെ ചർച്ചയ്ക്ക് ശേഷം മടങ്ങിയെത്തിയ ഒഡീഷ ബി.ജെ.പി അധ്യക്ഷൻ മൻമോഹൻ സമൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും സഖ്യമില്ലെന്നും വ്യക്തമാക്കി.
ഡൽഹിയിൽ സഖ്യത്തെക്കുറിച്ചോ സീറ്റ് വിഭജനത്തെക്കുറിച്ചോ ചർച്ച നടന്നിട്ടില്ല, ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള ചർച്ചയാണ് നടന്നതെന്ന് സമൽ അറിയിച്ചു.
ബി.ജെ.ഡിയുമായി സീറ്റ് വിഭജനത്തെക്കുറിച്ച് ഒത്തുതീർപ്പിലെത്താൻ സാധിക്കാതിരുന്നതാണ് ബി.ജെ.പിയെ ഒറ്റയ്ക്ക് മത്സരിക്കാൻ പ്രേരിപ്പിച്ചതാണെന്നാണ് വിവരം.
നിയമസഭാ തെരഞ്ഞെടുപ്പിൽ 147ൽ 100 സീറ്റുകൾ ബി.ജെ.ഡി ആവശ്യപ്പെട്ടത് ബി.ജെ.പി അംഗീകരിച്ചില്ല, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 21ൽ 14 സീറ്റുകൾ ബി.ജെ.പി ആവശ്യപ്പെട്ടത് ബി.ജെ.ഡിക്കും അംഗീകരിക്കാനായില്ല.
2019ൽ 21ൽ 12 സീറ്റുകളിൽ ബി.ജെ.ഡി വിജയിച്ചപ്പോൾ എട്ട് സീറ്റുകളാണ് ബി.ജെ.പി സ്വന്തമാക്കിയത്.
ജൂൺ അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിലെത്തിയതിന് പിന്നാലെയാണ് ബി.ജെ.പി, ബി.ജെ.ഡി സഖ്യത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്.
Adjust Story Font
16