Quantcast

ഹിൻഡൻബെർഗ് റിപ്പോർട്ട്: ആരോപണം അടിസ്ഥാനരഹിതം, വ്യക്തിഹത്യ നടത്തുന്നു -സെബി മേധാവി

മൗറീഷ്യസിലും ബർമുഡയിലും ഒരു കോടി ഡോളറിലധികം നിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡന്‍ബെര്‍ഗ് കണ്ടെത്തൽ

MediaOne Logo

Web Desk

  • Updated:

    2024-08-11 06:35:32.0

Published:

11 Aug 2024 6:32 AM GMT

madhabi puri buch
X

ന്യൂഡൽഹി: വ്യവസായി ഗൗതം അദാനിയുടെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബെർഗ് റിപ്പോർട്ട് തള്ളി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മേധാവി മാധബി പുരി ബുച്ചും ഭർത്താവും. തങ്ങളുടെ എല്ലാ നിക്ഷേപങ്ങും സെബിയെ അറിയിച്ചിട്ടുണ്ടെന്ന് മാധബിയും ഭർത്താവ് ധവാൽ ബുച്ചും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഹിൻഡൻബെർഗിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതിനുള്ള പ്രതികാരമാണിത്. തങ്ങ​ളെ വ്യക്തിഹത്യ നടത്തുകയാണ് ഹിൻഡൻബെർഗ്. ആരോണപങ്ങൾ അടിസ്ഥാനരഹിതവും അസത്യവുമാണ്. തങ്ങളുടെ സാമ്പത്തികം തുറന്നപുസ്തകമാണെന്നും പ്രസ്താവനയിൽ ഇവർ പറഞ്ഞു.

സെബി ചെയർപേഴ്‌സൻ മാധവി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും മൗറീഷ്യസിലും ബർമുഡയിലും ഒരു കോടി ഡോളറിലധികം നിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് കണ്ടെത്തൽ. റിപ്പോർട്ട് പുറത്തുവന്നതോടെ കേന്ദ്ര സർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നു.

മുമ്പുണ്ടായിരുന്ന ആരോപണങ്ങളിൽ അദാനിയെ രക്ഷിക്കാനാണ് സെബി മേധാവിയെക്കൊണ്ട് അന്വേഷണം പ്രഖ്യാപിച്ചതെന്നും ഹിന്‍ഡന്‍ബര്‍ഗിന്‍റെ പുതിയ റിപ്പോര്‍ട്ട് പുറത്തുവരുമെന്ന സൂചനങ്ങള്‍ക്കിടെയാണ് പാര്‍ലമെന്‍റ് സമ്മേളനം വേഗത്തിൽ അവസാനിപ്പിച്ചതെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു. റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ചുമതല ഏറ്റയുടൻ സെബി മേധാവി ബുച്ചിനെ സന്ദർശിക്കാൻ അദാനി എത്തിയതിൽ അസ്വാഭാവികതയുണ്ടെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

നേരത്തെയും അദാനിക്കെതിരെ ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. നികുതിരഹിത വിദേശ രാജ്യങ്ങളിൽ കടലാസ് കമ്പനികൾ രൂപീകരിച്ച് സ്വന്തം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപ തട്ടിപ്പ് നടത്തുന്നു എന്നതായിരുന്നു അദാനിക്കെതിരായ ആദ്യ ഹിൻഡൻ ബെർഗ് റിപ്പോർട്ട്. എന്നാൽ, ഇതിൽ അദാനിയെ കുറ്റവിമുക്തമാക്കുക മാത്രമല്ല ഹിൻഡൻബെർഗിന് കാരണം കാണിക്കൽ നോട്ടീസും സെബി നൽകിയിരുന്നു.

അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തിയ വിദേശ കമ്പനികളിൽ സെബി അധ്യക്ഷക്ക് ഓഹരിയുണ്ടെന്ന പുതിയ റിപ്പോർട്ട് കേന്ദ്ര സർക്കാറിനും തിരിച്ചടിയായിട്ടുണ്ട്. വിദേശ ഷെൽ കമ്പനികളിൽ 2015നാണ് നിക്ഷേപം തുടങ്ങിയത്. 2017 ആയപ്പോൾ മാധവി ബുച്ച് സെബിയിൽ പൂർണ സമിതി അംഗമായി. അതുവരെ ബുച്ച് ദമ്പതിമാരുടെ സംയുക്ത അകൗണ്ട് ആയിരുന്നുന്നെങ്കിലും, ഇതോടെ തന്‍റെ പേരിലേക്ക് മാത്രം അകൗണ്ട് മാറ്റാൻ ഭർത്താവ് ധവാൽ ബുച്ച് കമ്പനിക്ക് ഇ-മെയിൽ അയച്ചിരുന്നു. അന്വേഷണാത്മക പ്രവർത്തകർ ചോർത്തിയെടുത്ത ഈ രേഖകൾ സഹിതമാണ് ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്തുവിട്ടത്.

TAGS :

Next Story