അദാനിയുടെ കമ്പനികൾ തകർച്ച നേരിടുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി സെബി
ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് ഉൾപ്പെടെയുള്ള കമ്പനികളുടെ ബാധ്യതകളും ഓഹരി ഇടപാടുകളും ആണ് സെബി നിരീക്ഷിക്കുന്നത്
അദാനി
ഡല്‍ഹി: ഓഹരി വിപണിയിൽ ഗൗതം അദാനിയുടെ കമ്പനികൾ തകർച്ച നേരിടുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി സെബി. ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് ഉൾപ്പെടെയുള്ള കമ്പനികളുടെ ബാധ്യതകളും ഓഹരി ഇടപാടുകളും ആണ് സെബി നിരീക്ഷിക്കുന്നത്. നിയമ പ്രശ്നങ്ങൾ ഭയന്ന് ഓറിയന്‍റ് സിമൻറ്സ് അദാനി ഗ്രൂപ്പുമായുള്ള കരാറിൽ നിന്ന് പിന്മാറിയിട്ടുണ്ട്. 25 ലക്ഷം കോടിയോളം മൂല്യമുണ്ടായിരുന്ന അദാനി ഗ്രൂപ്പ് കമ്പനികളുടെ നിലവിലെ മൂല്യം ഏഴര ലക്ഷം കോടിയാണ് .
ഇന്നലെ മാത്രം ഓഹരി വിപണികളിൽ കമ്പനികളുടെ ഓഹരിവിലയിൽ 40,000 കോടി രൂപയുടെ ഇടിവുണ്ടായി. അദാനി എൻറർപ്രൈസസിന്റെ ഓഹരി വിലയിൽ പത്ത് ശതമാനവും അദാനി പോർട്ട്സിന്റെ ഓഹരി വിലയിൽ ആറ് ശതമാനവുമാണ് ഇടിവുണ്ടായത്.
വിപണിയിൽ ലിസ്റ്റ് ചെയ്ത പത്ത് അദാനി കമ്പനികൾക്ക് ബുധനാഴ്ച ഉച്ചവരെ നഷ്ടമായത് 40000 കോടി രൂപയാണ്. ഫ്‌ളാഗ്ഷിപ്പ് കമ്പനി അദാനി എന്റർപ്രൈസസിനാണ് കൂടുതൽ തിരിച്ചടി നേരിട്ടത്. കമ്പനിയുടെ ഓഹരിയിൽ പത്തു ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ, അദാനി ഗ്രീൻ കമ്പനികൾക്ക് അഞ്ചു ശതമാനത്തിന്റെ ഇടിവു രേഖപ്പെടുത്തി.
ജനുവരി 24ന് പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന് ശേഷം ഇതുവരെ 11.5 ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തിൽനിന്ന് ഒലിച്ചുപോയത്. മൂല്യം പെരുപ്പിച്ചു കാട്ടിയാണ് അദാനി ഓഹരികളുടെ വിനിമയം നടക്കുന്നത് എന്നായിരുന്നു യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനത്തിന്റെ പ്രധാന ആരോപണം. സംഭവത്തിൽ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയായ സെബി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16