Quantcast

മഹായുതിയിൽ തർക്കം രൂക്ഷം; 20 ശിവസേന എംഎൽഎമാരുടെ സുരക്ഷ വെട്ടിക്കുറച്ചു

ഫഡ്‌നാവിസുമായി വേദി പങ്കിടുന്നത്​ ഷിൻഡെ ഒഴിവാക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    18 Feb 2025 8:53 AM

BJP subtly asking Ajit Pawar to exit ‘Mahayuti’, claims NCP(SP) after RSS-linked weekly’s article, RSS weekly Vivek,
X

മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോർട്ട്​. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ കീഴിലുള്ള ആഭ്യന്തര വകുപ്പ് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ 20 എംഎൽഎമാരുടെ വൈ കാറ്റഗറി സുരക്ഷ പിൻവലിച്ചു. ബിജെപിയിലെയും അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപിയിലെയും ചില എംഎൽഎമാരുടെ സുരക്ഷയും കുറച്ചിട്ടുണ്ട്​. എന്നാൽ, ശിവസേനയിൽ നിന്നുള്ളവരെ അപേക്ഷിച്ച് ഇത്​ വളരെ കുറവാണ്.

മന്ത്രിമാരല്ലെങ്കിലും ഒരു അധിക ആനുകൂല്യമെന്ന നിലയിലാണ് എംഎൽഎമാർക്ക് വൈ-സുരക്ഷാ പരിരക്ഷ അനുവദിച്ചിരുന്നത്​. 2022ൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽനിന്ന് കൂറുമാറിയതിനെ തുടർന്നാണ് എംഎൽഎമാർക്ക് പരിരക്ഷ നൽകിയത്.

പുതിയ നീക്കം ഷിൻഡെ വിഭാഗം ശിവസേനയും ബിജെപിയും തമ്മിലെ തർക്കം രൂക്ഷമാക്കാൻ സാധ്യതയുണ്ട്​. തന്‍റെ അധികാരം കൂടുതൽ ഉറപ്പിക്കാനുള്ള ഫഡ്‌നാവിസിന്‍റെ തന്ത്രപരമായ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്​.

റായ്ഗഡിലെയും നാസിക്കിലെയും രക്ഷാകർതൃ മന്ത്രി സ്ഥാനങ്ങളെച്ചൊല്ലി ബിജെപിയും ഷിൻഡെയും തമ്മിൽ തർക്കം തുടരുകയാണ്​. ഇത്​ മറ്റു മേഖലകളിലേക്കും വ്യാപിച്ചിട്ടുണ്ട്​.

കഴിഞ്ഞ മാസം ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്ക് പോകുന്നതിന് മുമ്പ് ഫഡ്‌നാവിസ് എൻ‌സി‌പിയുടെ തത്കറെയെ റായ്ഗഡിന്‍റെ ഗാർഡിയൻ മന്ത്രിയായി നാമനിർദേശം ചെയ്തു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധമുള്ള ഏക്​നാഥ്​ ഷിൻഡെയ്ക്ക് ഇത് ഇഷ്ടപ്പെട്ടില്ല. ജില്ലയിൽ ശിവസേനയ്ക്ക് ഗണ്യമായ സ്വാധീനമുള്ളതിനാൽ തന്‍റെ പാർട്ടിയിൽനിന്നുള്ള നേതാവിനെ ആ സ്ഥാനത്തേക്ക് വേണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. തത്കറെയുടെ നിയമനം താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്​.

ഫഡ്‌നാവിസുമായി വേദി പങ്കിടുന്നതും ഷിൻഡെ ഒഴിവാക്കിയിട്ടുണ്ട്​. കഴിഞ്ഞ മാസം ഫഡ്‌നാവിസ് വിളിച്ചുചേർത്ത നാസിക് മെട്രോപൊളിറ്റൻ റീജിയണൽ ഡെവലപ്‌മെന്‍റ്​ അതോറിറ്റി യോഗത്തിൽനിന്ന് ഷിൻഡെ വിട്ടുനിന്നു. പിംപ്രി-ചിഞ്ച്‌വാഡ് പൊലീസ് കമ്മീഷണറേറ്റിന്‍റെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

TAGS :

Next Story