Quantcast

ഇന്ത്യ ഇഷ്ടപ്പെട്ടില്ലെന്ന് പോസ്റ്റ്; സെർബിയൻ ടെന്നീസ് താരത്തിനെതിരെ പ്രതിഷേധം

താൻ വംശീയവാദിയല്ലെന്നും തന്റെ പോസ്റ്റുകൾ ഇന്ത്യയെക്കുറിച്ച് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പറയാൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും അവർ പറഞ്ഞു

MediaOne Logo
dejana radanovic
X

ഇന്ത്യ ഇഷ്ടമായില്ലെന്ന് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ട സെർബിയൻ ടെന്നീസ് താരം ദേജന റഡനോവിച്ചിനെതിരെ പ്രതിഷേധം. മൂന്നാഴ്ച ഇന്ത്യയിൽ തങ്ങിയശേഷം കുറിച്ച വിമർശനാത്മക പോസ്റ്റുകൾ വൈറലായതോടെ സംഭവം വിവാദമായി.

വനിതാ ടെന്നീസിൽ ലോക 245-ാം റാങ്കുകാരിയായ റഡനോവിച് ഐ.ടി.എഫ് ടൂർണമെന്റിൽ കളിക്കാനാണ് രാജ്യത്ത് എത്തിയത്. ഇന്ത്യൻ ഭക്ഷണം, ശുചിത്വം, ട്രാഫിക് ബോധം എന്നിവയെല്ലാം അവർ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ വിമർ​ശിച്ചു.

എനിക്ക് ഇന്ത്യയെ ഇഷ്ടപ്പെട്ടില്ലെന്ന് ഒരു സ്റ്റോറിയിൽ പറഞ്ഞു. ഭക്ഷണം, ഗതാഗതം, ശുചിത്വം (ഭക്ഷണത്തിലെ പുഴുക്കൾ, മഞ്ഞ തലയിണകൾ, ഹോട്ടലിലെ വൃത്തികെട്ട ബെഡ് ലിനൻ) എന്നിവയെയെല്ലാം അവർ വിമർശിച്ചു. റോഡുകളിൽ റൗണ്ട് എബൗട്ട് എങ്ങനെ ഉപയോഗിക്കണമെന്ന് ആളുകൾക്ക് അറിയില്ലെന്നും 27കാരിയായ ടെന്നീസ് താരം പറഞ്ഞു.

ടാപ്പിലെ വെള്ളം കുടിക്കുന്നതിലും പഴങ്ങൾ കഴിക്കുന്നതിലും അവർ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകി. പഴങ്ങൾ ഇല്ലാതെ മൂന്നാഴ്ച അതിജീവിക്കാൻ തനിക്ക് ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാൽ ഹോട്ടലിൽ നിന്ന് തൊലി കളയാത്ത പഴങ്ങൾ ലഭിക്കാത്തതിനാൽ അങ്ങനെ ചെയ്യേണ്ടിവന്നുവെന്നും അവർ വ്യക്തമാക്കി.

വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽനിന്ന് പഴങ്ങൾ കഴിച്ചശേഷം തനിക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്നും നാല് ദിവസം കടുത്ത പനി ബാധിച്ചെന്നും അവർ പറഞ്ഞു. ‘വിട ഇന്ത്യ... ഇനി ഒരിക്കലും വരില്ല’ എന്ന് അവർ മറ്റൊരു സ്റ്റോറിയിൽ ചൂണ്ടിക്കാട്ടി.

ഈ പോസ്റ്റുകൾക്കെതിരെ വലിയ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നത്. താരത്തിന്റെ ഉള്ളിലെ വംശീയതയാണ് ഇത്തരം പോസ്റ്റുകൾക്ക് പിന്നിലെന്ന് പലരും വിമർശിച്ചു. എന്നാൽ, ഇതിനെതിരെയും റഡനോവിച് രംഗത്തുവന്നു.

താൻ വംശീയവാദിയല്ലെന്നും തന്റെ പോസ്റ്റുകൾ ഇന്ത്യയെക്കുറിച്ച് തനിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പറയാൻ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും അവർ പറഞ്ഞു. ‘നിങ്ങൾ എൻ്റെ രാജ്യമായ സെർബിയയിൽ വന്നാൽ, അതേ കാര്യങ്ങൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, അതിനർത്ഥം നിങ്ങൾ ഒരു വംശീയവാദിയാണോ?’ -അവർ ചോദിച്ചു.

‘ഇതിന് വംശീയതയുമായി എന്താണ് ബന്ധം? ഇന്ത്യ സന്ദർശിക്കുന്ന 95 ശതമാനം വിദേശികൾക്കും ഇത്തരത്തിലുള്ള ജീവിതവുമായി പൊരുത്തപ്പെടാൻ കഴിയില്ല’ -റഡനോവിച് പറഞ്ഞു.

TAGS :

Next Story