കർണാടക വഖഫ് ബോർഡ് ചെയർമാന്‍ സ്ഥാനം; കരുനീക്കം ശക്തമാക്കി ഷാഫി സഅദി
പൗരത്വ നിയമഭേദഗതി മുസ്‍ലിം വിരുദ്ധമല്ലെന്നതുള്‍പ്പെടെയുള്ള പ്രസ്താവനകളിലൂടെ സഅദി വിവാദ നായകനായിരുന്നു. ബിജെപി സർക്കാരിനു വേണ്ടി കോൺഗ്രസിനെ വിമർശിച്ചും പലപ്പോഴും രംഗത്തുവന്നിട്ടുണ്ട്
ബംഗളൂരു: അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലുള്ള കർണാടക വഖഫ് ബോർഡിന് പുതിയ ചെയർമാനെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് കർണാടക സർക്കാർ. ചെയർമാൻ സ്ഥാനത്തേക്ക് പലരും കണ്ണുവെച്ചിട്ടുണ്ടെങ്കിലും, സ്ഥാനം ലക്ഷ്യമിട്ട് മുൻ ചെയർമാൻ ഷാഫി സഅദി നടത്തുന്ന നീക്കങ്ങളാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തുന്നത്. ബിജെപി സഹയാത്രികനായ ഷാഫി സഅദി ബിജെപി ഭരണകാലത്ത് കർണാടക വഖഫ് ബോർഡ് ചെയർമാന്‍ ആയിരുന്നു.
പൗരത്വ നിയമഭേദഗതി മുസ്‍ലിം വിരുദ്ധമല്ലെന്നതുള്‍പ്പെടെയുള്ള പ്രസ്താവനകളിലൂടെ ഇദ്ദേഹം വിവാദ നായകനായിരുന്നു. ബസവരാജ ബൊമ്മൈ സർക്കാരിനു വേണ്ടി കോൺഗ്രസിനെ വിമർശിച്ചും പരിഹസിച്ചും പലപ്പോഴും രംഗത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പുകളിലും ബിജെപി അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അങ്ങിനെയൊരാൾ കോൺഗ്രസ് സർക്കാരിനു കീഴിൽ സുപ്രധാനമായ പദവിക്ക് വേണ്ടി പരിശ്രമിക്കുന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തുന്നത്.
കാന്തപുരം വിഭാഗക്കാരനായ ആലപ്പുഴയില്‍നിന്നുള്ള ഒരു നേതാവാണ് ഷാഫി സഅദിക്കായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മർദം ചെലുത്തുന്നത്. പ്രത്യക്ഷത്തില്‍ കാന്തപുരം വിഭാഗത്തോട് ചേർന്നാണ് ഷാഫി സഅദി പ്രവർത്തിക്കുന്നതെങ്കിലും സംഘടനാ അച്ചടക്കം പാലിക്കാത്തതിനാല്‍ നേതൃത്വത്തിന് അദ്ദേഹത്തോട് താത്പര്യമില്ല. സഅദിക്കായി സമ്മർദം ചെലുത്തുന്ന ആലപ്പുഴ സ്വദേശിയായ കാന്തപുരം വിഭാഗം നേതാവും സംഘടനാ ശാസന നേരിട്ടയാളാണ്.
ഷാഫി സഅദി നിലവില്‍ വഖഫ് ബോർഡ് മെംബറല്ല. മതപണ്ഡിതന്‍(ആലിം) വിഭാഗത്തില്‍ സർക്കാർ നാമനിർദേശം ചെയ്താലേ അദ്ദേഹത്തിന് അംഗമാകാന്‍ കഴിയൂ. നാമനിർദേശം വഴി വഖഫ് ബോർഡ് അംഗമായി പിന്നീട് ചെയർമാനാകുകയാണ് ഷാഫിയുടെ ലക്ഷ്യം. കേരളത്തിലെയും കർണാടകയിലെയും കോണ്‍ഗ്രസ് നേതാക്കള്‍ വഴിയാണ് സമ്മർദനീക്കം നടക്കുന്നത്.
വഖഫ് ബോർഡ് പുനഃസംഘടന സംബന്ധിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ ഷാഫി സഅദിയുടെ പേര് പരാമർശിക്കപ്പെട്ടിരുന്നു. ബിജെപി സഹയാത്രികനായ സഅദിയെ വഖഫ് ബോർഡ് ചെയർമാനാക്കിയാല്‍ മുസ്‍ലിം സമുദായത്തിന്‍റെ എതിർപ്പ് നേരിടേണ്ടിവരുമെന്ന അഭിപ്രായം കർണാടക കോണ്‍ഗ്രസ് നേതൃത്വത്തില്‍ തന്നെ പലരും ഉയർത്തിയിട്ടുണ്ട്. മുസ്‌ലിം സമുദായത്തിനകത്ത് തന്നെ സ്വീകാര്യതയില്ലാത്ത, ബിജെപിയോടൊപ്പം ചേർന്നുനിന്ന ഒരാൾക്ക് കോൺഗ്രസ് ഭരണകാലത്ത് പദവി നൽകുന്നതിനോടുള്ള വിയോജിപ്പ് അവർ പ്രകടിപ്പിച്ചുകഴിഞ്ഞു.
ഇതിനിടയിലും കേരളത്തിലും കർണാടകയിലുമുള്ള കോണ്‍ഗ്രസ് നേതാക്കളെയും ചില മതനേതാക്കളെയും ഉപയോഗിച്ചുള്ള സമ്മർദനീക്കം ഷാഫി സഅദി ശക്തമായി തുടരുകയാണ്. ബിജെപി ഭരണകാലത്ത് വഖഫ് ബോർഡ് ചെയർമാനായിരുന്ന സഅദി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിനെ തുടർന്നാണ് രാജിവെച്ചത്. കോണ്‍ഗ്രസ് നേതാവായ അന്‍വർ ബാഷയാണു പിന്നീട് ചെയർമാനായത്. കാലാവധി കഴിഞ്ഞതോടെ നിലവില്‍ കർണാടക വഖഫ് ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ്.
Summary: Shafi Saadi steps up campaign for Karnataka Waqf Board chairman post
Adjust Story Font
16