കർണാടക വഖഫ് ബോർഡ് പ്രസിഡൻറ്: ശാഫി സഅദിയുടെ നോമിനേഷൻ റദ്ദാക്കി സിദ്ധരാമയ്യ സർക്കാർ
ബിജെപിയുടെ പിന്തുണയോടെയാണ് സഅദി വഖഫ് ബോർഡ് പ്രസിഡൻറായത്
Shafi Saadi
കർണാടക വഖഫ് ബോർഡ് പ്രസിഡൻറായ എൻ.കെ.എം ശാഫി സഅദിയുടെ നോമിനേഷൻ റദ്ദാക്കി പുതുതായി അധികാരത്തിൽ വന്ന സിദ്ധരാമയ്യ സർക്കാർ. സമസ്ത കാന്തപുരം വിഭാഗം നേതാവായ ശാഫി സഅദിയുടേതടക്കം നാലുപേരുടെ നാമനിർദേശമാണ് ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിൽ കോൺഗ്രസ് സർക്കാർ റദ്ദാക്കിയത്. മിർ അസ്ഹർ ഹുസൈൻ, ജി. യാക്കൂബ്, ഐ.എ.എസ് ഓഫീസറായ സെഹെറ നസീം എന്നിങ്ങനെ വഖഫ് ബോർഡ് അംഗങ്ങൾക്കും സ്ഥാനം നഷ്ടപ്പെട്ടു. ബിജെപിയുടെ പിന്തുണയോടെയാണ് സഅദി വഖഫ് ബോർഡ് പ്രസിഡൻറായത്.
സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തിയതോടെ സർക്കാരിൽ ഉപമുഖ്യമന്ത്രി പദവിയും സുപ്രധാന മന്ത്രിസ്ഥാനങ്ങളും മുസ്‌ലിംകൾക്ക് നൽകണമെന്ന് ഷാഫി സഅദി ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പിയുമായി സജീവ ബന്ധം നിലനിർത്തുന്നയാളാണ് ഷാഫി സഅദി. 2021 നവംബർ 17നാണ് വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കർണാടക മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയായ ഷാഫി സഅദി വിജയിച്ചത്. ബി.ജെ.പിയുടെ പിന്തുണയുള്ള സ്ഥാനാർഥിയായിരുന്നു അദ്ദേഹം. 'മുസ്‌ലിംകൾക്കും തങ്ങൾക്കുമിടയിലെ വിടവ് നികത്തുന്ന പാലമാണ് ഷാഫി സഅദി' എന്നാണ് നിയമമന്ത്രി ജെ.സി. മധുസ്വാമി അന്ന് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ ജയം ബി.ജെ.പിയുടെ നേട്ടമായി മുസ്‌റെ വകുപ്പ് മന്ത്രി ശശികല ജോലെയും വിശേഷിപ്പിച്ചിരുന്നു.
2010ലും 2016ലും എസ്.എസ്.എഫ് കർണാടക സ്റ്റേറ്റ് പ്രസിഡന്റായി പ്രവർത്തിച്ച ഷാഫി സഅദി, ഉത്തര കർണാടകയിൽ എസ്.എസ്.എഫുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അൽ ഇഹ്സാൻ വിദ്യാഭ്യാസ സമുച്ഛയത്തിന്റെ മുഖ്യ സംഘാടകനാണ്. കാന്തപുരം വിഭാഗം സംഘടനയായ കർണാടക മുസ്‌ലിം ജമാഅത്തിന്റെ നേതാവ് കൂടിയാണ് ഇദ്ദേഹം. മുസ്‌ലിം ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടുള്ള ഷാഫിയുടെ പ്രസ്താവനയിൽ ദുരൂഹത ആരോപിച്ച് തുടക്കം മുതൽതന്നെ കോൺഗ്രസ് അടക്കമുള്ള സംഘടനകൾ രംഗത്തുവന്നിരുന്നു. പ്രസ്താവനയുടെ സ്വരം ബി.ജെ.പിയുടേതാണെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. ബി.ജെ.പി സർക്കാറിന്റെ കാലത്ത് വഖഫ് ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഷാഫി സഅദിയുടെ തിരക്കിട്ട പ്രസ്താവന കർണാടകയിൽ കോൺഗ്രസിനെയും മുസ്‌ലിംകളെയും താറടിക്കാനുള്ള ബി.ജെ.പി ഗൂഢാലോചനയുടെ ഭാഗമാണെന്നന്നും വിലയിരുത്തപ്പെട്ടിരുന്നു.
Karnataka Waqf Board president Shafi Saadi's nomination paper has been canceled by the Siddaramaiah government
Adjust Story Font
16