'ഷാറൂഖിന്റെ വീട്ടിൽ നടന്നത് റെയ്ഡ് അല്ല': വിശദീകരണവുമായി സമീർ വാങ്കഡെ
ആര്യൻ ഖാന്റെ കൈവശമുണ്ടായിരുന്ന കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈമാറണമെന്ന് നോട്ടീസ് നൽകാനും ചില രേഖകൾ നൽകാനുമാണ് ഷാറൂഖിന്റെ വസതിയായ മന്നത്തിൽ പോയതെന്ന് സമീർ വാങ്കഡെ അറിയിച്ചു.
ഷാറൂഖ് ഖാന്റെ വീട്ടില്‍ നടന്നത് റെയ്ഡ് അല്ലെന്ന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയരക്ടര്‍ സമീര്‍ വാങ്കഡെ. മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലുള്ള ആര്യൻ ഖാന്റെ കൈവശമുണ്ടായിരുന്ന കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈമാറണമെന്ന് നോട്ടീസ് നൽകാനും ചില രേഖകൾ നൽകാനുമാണ് ഷാറൂഖിന്റെ വസതിയായ മന്നത്തിൽ പോയതെന്ന് സമീർ വാങ്കഡെ അറിയിച്ചു.
രാവിലെയാണ് എൻസിബി സംഘം ഷാരുഖിന്റെ മുബൈയിലെ വസതിയിലെത്തിയത്. മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യനെ കാണാന്‍ ഷാരൂഖ് ഖാന്‍ ജയിലിലെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു എൻസിബി സംഘം ഷാരുഖിന്റെ മുബൈയിലെ വസതിയിലെത്തിയത്. ഷാറൂഖിന്റെ വസതിയില്‍ റെയ്ഡ് എന്ന നിലയിലായിരുന്നു രാവിലെ മുതല്‍ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ പശ്ചാതലത്തിലാണ് സമീര്‍ വാങ്കഡെയുടെ വിശദീകരണം.
കേസില്‍ അറസ്റ്റിലായി മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഷാരൂഖ് ജയിലിലെത്തി ആര്യനെ കണ്ടത്. 20 മിനിട്ടോളം ഇരുവരും സംസാരിച്ചു. അതേസമയം പുതുമുഖ നടി അനന്യ പാണ്ഡയെയുടെ വീട്ടിലും എന്‍.സി.ബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. അനന്യയുടെ ഫോണും ലാപ്‌ടോപ്പും അന്വേഷണ സംഘം പിടിച്ചെടുത്തു. ഇതിനുപിന്നാലെ എന്‍സിബി ഓഫീസിലേക്ക് വിളിച്ചുവരുത്തി രണ്ട് മണിക്കൂറോളം അനന്യയെ അന്വേഷണ സംഘം ചോദ്യംചെയ്തു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീണ്ടും ചോദ്യംചെയ്യാന്‍ ഹാജരാകണമെന്ന് നോട്ടീസും നല്‍കിയിട്ടുണ്ട്.
ആര്യന്‍ ഖാന്റെ വാട്‌സാപ്പ് ചാറ്റുമായി ബന്ധപ്പെട്ടാണ് അനന്യയുടെ വീട്ടില്‍ റെയ്ഡ് നടന്നത്. 2019ൽ പുറത്തിറങ്ങിയ, ടൈഗർ ഷ്‌റോഫ് നായകനായ സ്റ്റുഡന്റ് ഓഫ് ദ ഇയർ 2വിലൂടെയാണ് അനന്യ പാണ്ഡെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. മികച്ച യുവനടിക്കുള്ള ഫിലിംഫെയർ അവാർഡും ഇവർ നേടിയിരുന്നു. ഇതുവരെ ആറു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആര്യന്റെയും സഹോദരി സുഹാനയുടെയും സുഹൃത്താണ് അനന്യ.
Adjust Story Font
16