തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുമെന്ന് സൂചന നൽകി ശരദ് പവാർ
83കാരനായ പവാർ നിലവിൽ രാജ്യസഭാംഗമാണ്.
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുമെന്ന് സൂചന നൽകി എൻസിപി അധ്യക്ഷൻ ശരദ് പവാർ. 83കാരനായ പവാർ നിലവിൽ രാജ്യസഭാംഗമാണ്. രാജ്യസഭയിൽ അദ്ദേഹത്തിന് ഒന്നര വർഷം കൂടി ബാക്കിയുണ്ട്.
''എനിക്ക് അധികാരമില്ല...രാജ്യസഭയിൽ എനിക്ക് ഒന്നര വർഷം കൂടി കാലാവധി ബാക്കിയുണ്ട്. ഭാവിയിൽ ഒരു തെരഞ്ഞെടുപ്പിലും ഞാൻ മത്സരിക്കില്ല. എന്തായാലും എവിടെയെങ്കിലും നിർത്തേണ്ടിവരും''- ബരാമതിയിലെ തെരഞ്ഞെടുപ്പ് റാലിയിൽ ശരദ് പവാർ പറഞ്ഞു.
പവാർ കുടുംബത്തിന്റെ ശക്തികേന്ദ്രമായ ബരാമതിയിൽ ഇത്തവണ ശരദ് പവാറിന്റെ പേരക്കുട്ടിയായ യുഗേന്ദ്ര പവാറും മരുമകനായ അജിത് പവാറും തമ്മിലാണ് മത്സരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലെ തന്നെ അതികായകനായ ശരദ് പവാർ 14 തവണയാണ് ബരാമതിയിൽനിന്ന് എംപിയും എംഎൽഎയുമായത്. നിരവധി തവണ തന്നെ നിയമനിർമാണ സഭകളിലേക്ക് തിരഞ്ഞെടുത്ത് അയച്ചതിന് ശരദ് പവാർ വോട്ടർമാരോട് നന്ദി രേഖപ്പെടുത്തി.
ആറു പതിറ്റാണ്ടോളമായി സജീവ രാഷ്ട്രീയത്തിലുള്ള ശരദ് പവാർ 1999ലാണ് എൻസിപി രൂപീകരിച്ചത്. നിലവിൽ കോൺഗ്രസിന്റെയും ശിവസേന ഉദ്ധവ് വിഭാഗത്തിന്റെയും കൂടെ മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമായാണ് എൻസിപി മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
എൻസിപിയിൽ ശരദ് പവാറുമായി തെറ്റിപ്പിരിഞ്ഞ അജിത് പവാറിന് അദ്ദേഹത്തിന്റെ ശക്തി തെളിയിക്കാനുള്ള അവസരമാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ആറു തവണ ബരാമതിയിൽ എംഎൽഎ ആയ അജിത് പവാർ അപ്പോഴേല്ലാം ശരദ് പവാറിന്റെ പിന്തുണയോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ പാർട്ടി രൂപീകരിച്ച ശേഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ ശരദ് പവാറിന്റെ പാർട്ടിയുമായി നേരിട്ട് ഏറ്റുമുട്ടിയ അജിത്തിന് തിരിച്ചടിയായിരുന്നു ഫലം. ബരാമതിയിൽ അജിത് പവാറിന്റെ ഭാര്യ സുനിത്ര പവാർ ശരദ് പവാറിന്റെ മകളായ സുപ്രിയ സുലെയോട് പരാജയപ്പെടുകയായിരുന്നു.
Adjust Story Font
16