ശരത്പവാറും ബി.ജെ.പിയും കൗണ്ട്ഡൗൺ തുടങ്ങി ഷാറൂഖിന്റെ 'ജവാൻ' | Twitter Trending |
'പത്താന്' ശേഷം ഷാറൂഖ് ഖാന്റെ ജവാന് വേണ്ടിയുള്ള കൗണ്ട്ഡൗണുമൊക്കെയാണ് ഇന്ന് ട്വിറ്ററിനെ സജീവമാക്കിയത്
മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവവികാസങ്ങളാണ് ഇന്ന് ട്വിറ്ററനെ സജീവമാക്കിയത്. മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് മാസമായി ജയിലിൽ കഴിയുന്ന മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതും 'പത്താന്' ശേഷം ഷാറൂഖ് ഖാന്റെ ജവാന് വേണ്ടിയുള്ള കൗണ്ട്ഡൗണുമൊക്കെയാണ് ഇന്ന് ട്വിറ്ററിനെ സജീവമാക്കിയത്. ഇന്നത്തെ പ്രധാന ട്വിറ്റര്‍ ട്രെന്‍ഡിങുകള്‍ പരിശോധിക്കുകയാണ് ഇവിടെ...
മഹാരാഷ്ട്രയിൽ എൻ.സി.പി പിളർത്തിയ അജിത് പവാറിനെയും കൂട്ടരെയും പുറത്താക്കി ശരത്പവാർ പക്ഷം(#Maharashtra #AjitPawar #NCPSplit)
അജിത് പവാറിനൊപ്പം ബിജെപി മുന്നണിയിലേക്ക് പോയവരെ എൻ.സി.പി പുറത്താക്കി. അജിത് പവാർ ഉൾപ്പെടെയുള്ള ഒമ്പത് എം.എൽ.മാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്ക് ശരദ് പവാർ പക്ഷം കത്ത് നൽകി. പ്രഫുൽ പട്ടേലിനൊപ്പം പുറത്താക്കിയ സുനിൽ തത്ക്കര എംപിയെ സംസ്ഥാന അധ്യക്ഷനാക്കിയതായി അജിത് പവാർ വിഭാഗം അവകാശപ്പെട്ടു.
ഷാരൂഖിന്റെ 'ജവാൻ' ട്രെയിലർ, ടോം ക്രൂസിന്റെ 'എംഐ 7'ക്കൊപ്പം തിയറ്ററുകളിലെത്തും(#JawanTrailer)
പത്താന്റെ അഭൂതപൂർവമായ വിജയത്തിന് ശേഷം മെഗാ സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ വീണ്ടും വെള്ളിത്തിരയിലെത്താൻ ഒരുങ്ങുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഖാന്റെ വരാനിരിക്കുന്ന ചിത്രമായ ജവാന്റെ ട്രെയിലറും മിഷൻ ഇംപോസിബിളിന്റെ റിലീസിനൊപ്പം തിയേറ്ററുകളിൽ എത്തും.
ജയിലില്‍ നീണ്ട 4 മാസം!! മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി(#ManishSisodia )
ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് വീണ്ടും ജാമ്യം നിഷേധിച്ചു. കഴിഞ്ഞ 4 മാസമായി ജയിലില്‍ കഴിയുകയാണ് ഡല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ. ഡല്‍ഹി ഭരിയ്ക്കുന്ന അരവിന്ദ് കെജ്‌രിവാൾ സർക്കാരിന്‍റെ എക്‌സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായത്.
‘ഡെഡ് ബോളിൽ’ ക്രീസ് വിട്ടിറങ്ങി, സ്റ്റംപ് വീഴ്ത്തി കീപ്പർ(#Ashes #ENGvAUS #JonnyBairstow)
ആഷസ് രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റർ ജോണി ബെയർസ്റ്റോ പുറത്തായത് വിവാദകരമായ രീതിയിൽ. ഓസീസ് ബോളർ കാമറൂൺ ഗ്രീൻ എറിഞ്ഞ 52–ാം ഓവറിലെ അവസാന പന്ത് കളിക്കാതെ വിട്ട ബെയർസ്റ്റോ പിന്നാലെ പന്ത് ഡെഡ് ആയെന്നു കരുതി ക്രീസ് വിട്ടിറങ്ങി. എന്നാൽ പന്ത് കയ്യിലെടുത്ത ഓസീസ് വിക്കറ്റ് കീപ്പർ അലക്സ് ക്യാരി സ്റ്റംപ് എറിഞ്ഞു വീഴ്ത്തുകയായിരുന്നു.
തുടർച്ചയായ 100 ടെസ്റ്റ് മത്സരങ്ങളെന്ന നേട്ടം, പിന്നാലെ പരിക്ക്; അപ്രതീക്ഷിത 'തിരിച്ചടിയിൽ' ലയോൺ(#NathanLyon)
തുടർച്ചയായ 100ാം ടെസറ്റ് മത്സരങ്ങൾക്ക് പിന്നാലെ ആസ്‌ട്രേലിയൻ സ്പിന്നർ നഥാൻ ലയോൺ പരിക്കേറ്റ് പുറത്ത്. ഇത്തരത്തിൽ തുടർച്ചയായ 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ആദ്യ ബൗളറാണ് ലയോൺ. 2013 മുതൽ തുടങ്ങിയ ടെസ്റ്റ് കരിയറിൽ ആഷസിലെ കഴിഞ്ഞ ലോർഡ്‌സ് ടെസ്റ്റ് വരെ ലയോൺ ആസ്‌ട്രേലിയയുടെ എല്ലാ ടെസ്റ്റ് മത്സരങ്ങളിലും ഭാഗമായി.
അനിൽ അംബാനിയെ ചോദ്യംചെയ്ത് എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റ്(#anilambani)
പ്രമുഖ വ്യവസായിയും റിലയൻസ് എ.ഡി.എ ഗ്രൂപ്പ് ചെയർമാനുമായ അനിൽ അംബാനിയെ ചോദ്യംചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. വിദേശനാണ്യ നിയമം ലംഘിച്ചെന്ന കേസിലാണ് ചോദ്യംചെയ്യലെന്നാണ് വിവരം. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്(ഫെമ) പ്രകാരമാണ് അനിൽ അംബാനിക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി റിലയൻസ് തലവന് ഇ.ഡി സമൻസ് അയച്ചിരുന്നു. ഇന്ന് മുംബൈയിലെ ബല്ലാർഡ് എസ്‌റ്റേറ്റ് ഏരിയയിലെ ഇ.ഡി ഓഫിസിലാണ് അന്വേഷണസംഘത്തിനുമുൻപാകെ മൊഴി രേഖപ്പെടുത്താന്‍ അനിൽ എത്തിയത്.
ഗവർണറെ നിയന്ത്രിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാർ തമിഴ് ജനതയുടെ രോഷം അറിയേണ്ടി വരുമെന്ന് സ്റ്റാലിൻ (#mkstalin)
ഗവർണർ ആർ.എൻ രവിയെ കേന്ദ്ര സർക്കാർ നിയന്ത്രിച്ചില്ലെങ്കിൽ തമിഴ് ജനതയുടെ രോഷം നേരിടേണ്ടി വരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഭരണഘടനയനുസരിച്ച് പ്രവർത്തിക്കേണ്ട ഗവർണർ രാഷ്ട്രീയക്കാരനാവരുതെന്നും തമിഴ്‌നാട് മികച്ച സംസ്ഥാനങ്ങളിലൊന്നായി മാറുന്നത് ഗവർണർക്ക് സഹിക്കുന്നില്ലെന്നും സ്റ്റാലിൻ ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
Adjust Story Font
16