Quantcast

നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ ശരത് പവാർ; ഐക്യം തകർക്കരുതെന്ന നിർദേശവും

പാർട്ടി നേതാക്കളോടാണ് സഖ്യത്തെ തകർക്കുംവിധമുള്ള പ്രസ്താവനകൾ നടത്തരുതെന്ന് ശരത് പവാർ ആവശ്യപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    23 Jun 2024 6:47 AM GMT

Sharad Pawar
X

മുംബൈ: വരുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ ശരത് പവാർ നേതൃത്വം കൊടുക്കുന്ന എൻ.സി.പി. കോൺഗ്രസും ഉദ്ധവ് താക്കറെയുടെ ശിവസേനയും അടങ്ങുന്ന മഹാവികാസ് അഘാഡി സഖ്യത്തിന് കീഴിലാണ് മൂന്ന് പാർട്ടികളും മത്സരിക്കുന്നത്.

സീറ്റ് വിഭജന ചർച്ചകൾ സഖ്യം ഇതുവരെ തുടങ്ങിയിട്ടില്ല. അതിന് മുമ്പെയാണ് ശരത് പവാർ നിലപാട് വ്യക്തമാക്കിയത്. വെള്ളിയാഴ്ച പൂനെയിൽ നടന്ന എൻ.സി.പി യോഗത്തിൽ പങ്കെടുത്ത ശരദ് പവാർ, മുതിർന്ന പാർട്ടി നേതാക്കളോടും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളോടും (എംപിമാർ) ആയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി കുറഞ്ഞ സീറ്റിലാണ് മത്സരിച്ചത്. അതിനര്‍ഥം നിയമസഭാ തെരഞ്ഞെടുപ്പിലും കുറഞ്ഞ സീറ്റില്‍ മത്സരിക്കണം എന്നില്ല എന്ന് അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ മാന്യമായ സീറ്റുകൾ ആവശ്യപ്പെടുമെന്നും ശരദ് പവാർ പാർട്ടി നേതാക്കളോട് പറഞ്ഞു. എം.വി.എയുടെ(മഹാവികാസ് അഘാഡി) ഭാഗമായി തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഐക്യത്തെ തടസ്സപ്പെടുത്തുന്ന പ്രകോപന പ്രസ്താവനകള്‍ നടത്തരുതെന്നും പവാര്‍ നേതാക്കളോട് ആവശ്യപ്പെട്ടു.

ജാതി സെൻസസിനായി ശക്തമായി രംഗത്ത് എത്തണമെന്ന നിര്‍ദേശവും അദ്ദേഹം പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്ക് നല്‍കി. മറാത്ത, ധൻഗർ, ലിംഗായത്ത് സംവരണം നിയമസഭയിൽ ഉള്‍പ്പെടെ സജീവമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 21 സീറ്റുകളിൽ മത്സരിച്ച ശിവസേന താക്കറെ വിഭാഗം ഒമ്പത് സീറ്റുകളിൽ വിജയിച്ചു. മത്സരിച്ച 17ൽ 13ലും കോൺഗ്രസ് വിജയിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥി വിശാൽ പാട്ടീൽ വിജയിച്ചതിന് പിന്നാലെ കോൺഗ്രസിനെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി 10 സീറ്റുകളിൽ മത്സരിക്കുകയും എട്ട് സീറ്റുകളിൽ വിജയിക്കുകയും ചെയ്തു. ഈ കണക്കിൽ എൻസിപിക്ക് മികച്ച സ്‌ട്രൈക്ക് റേറ്റ് ഉണ്ട്. ഈ പശ്ചാതലത്തിലാണ് കൂടുതൽ സീറ്റുകൾ ചോദിക്കാൻ ശരത് പവാർ ഒരുങ്ങുന്നത്. ഈ വർഷം അവസാനത്തോടെയാകും മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ്.


TAGS :

Next Story