Quantcast

ഷർജീൽ ഉസ്മാനിക്ക് ആശ്വാസം; ജാമിഅ പ്രവേശനം നിയമാനുസൃതമാക്കാൻ ഡൽഹി ഹൈക്കോടതി

മൂന്നാം സെമസ്റ്റർ പരീക്ഷയെഴുതാനും ആദ്യ രണ്ടു സെമസ്റ്ററുകളുടെ ഫലം പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-10-16 12:13:42.0

Published:

16 Oct 2022 12:06 PM GMT

ഷർജീൽ ഉസ്മാനിക്ക് ആശ്വാസം; ജാമിഅ പ്രവേശനം നിയമാനുസൃതമാക്കാൻ ഡൽഹി ഹൈക്കോടതി
X

ന്യൂഡൽഹി: വിദ്യാർത്ഥി നേതാവ് ഷർജീൽ ഉസ്മാനിക്ക് ജാമിഅ മില്ലിയ്യയുടെ മൂന്നാം സെമസ്റ്റർ എം.എ പരീക്ഷ എഴുതാൻ അനുമതി. ഡൽഹി ഹൈക്കോടതിയിൽനിന്നാണ് മുൻ അലിഗഢ് വിദ്യാർത്ഥി യുനിയൻ നേതാവ് ഷർജീലിന് അനുകൂലമായ വിധി. വിദ്യാർത്ഥിയുടെ പ്രവേശനം പൂർണമായി നിയമാനുസൃതമാക്കാനും സർവകലാശാലയോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.

പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാലത്ത് ജയിലിലായിരുന്ന ഷർജീലിന് 2020 സെപ്റ്റംബറിലാണ് ജാമ്യം ലഭിക്കുന്നത്. ഇതിനുശേഷം ജാമിഅ മില്ലിയ്യ സർവകലാശാലയിൽ സോഷ്യൽ എക്‌സ്‌ക്ലൂഷൻ ആൻഡ് ഇംക്ലൂസീവ് പോളിസിയിൽ ബിരുദാനന്തര ബിരുദ വിഭാഗത്തിൽ പ്രവേശനം ലഭിച്ചു. അലിഗഢ് സർവകലാശാലയിൽനിന്ന് സ്വഭാവ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനാൽ താൽക്കാലിക പ്രവേശനം മാത്രമാണ് സർവകലാശാല അനുവദിച്ചിരുന്നത്.

ക്ലാസിൽ പങ്കെടുത്തെങ്കിലും സ്വഭാവ സർട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ആദ്യ രണ്ട് സെമസ്റ്റർ പരീക്ഷകളിൽ പങ്കെടുക്കുന്നതിൽനിന്ന് ഷർജീലിനെ സർവകലാശാല തടഞ്ഞിരുന്നു. എന്നാൽ, ഡൽഹി ഹൈക്കോടതിയെ സമീപിച്ച് അദ്ദേഹം അനുകൂല വിധി നേടുകയായിരുന്നു. തുടർന്ന് പരീക്ഷ എഴുതിയെങ്കിലും ഫലം പുറത്തുവന്നപ്പോൾ ഷർജീലിന്റെ പേരുണ്ടായിരുന്നില്ല.

ഇത്തവണ മൂന്നാം സെമസ്റ്ററിന്റെ പശ്ചാത്തലത്തിലും സ്വഭാവസർട്ടിഫിക്കറ്റ് ചൂണ്ടിക്കാട്ടി പരീക്ഷയ്ക്കിരിക്കുന്നത് തടഞ്ഞതോടെയാണ് ഷർജീൽ വീണ്ടും കോടതിയിലെത്തിയത്. വിദ്യാർത്ഥിയുടെ പ്രവേശനം പൂർണമായും നിയമാനുസൃതമാക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. ആദ്യ രണ്ട് സെമസ്റ്ററുകളിലെ ഷർജീലിന്റെ ഫലങ്ങൾ പ്രസിദ്ധീകരിക്കാനും കോടതി നിർദേശിച്ചു.

Summary: Delhi High Court directs Jamia Millia Islamia to regularise Sharjeel Usmani's admission to its MA course

TAGS :

Next Story