യോഗയെ ജനകീയമാക്കിയത് നെഹ്റുവെന്ന് കോണ്‍ഗ്രസ്; മോദിക്കും ക്രെഡിറ്റ് നല്‍കി ശശി തരൂര്‍
'നമ്മുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിൽ യോഗയുടെ പ്രാധാന്യം എടുത്തുപറയേണ്ടതാണ്'
ശശി തരൂര്‍
ഡല്‍ഹി: യോഗാ ദിനത്തില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് നന്ദി പറഞ്ഞ് കോണ്‍ഗ്രസ്. യോഗയെ ജനകീയമാക്കുന്നതിലും ദേശീയ നയത്തിന്റെ ഭാഗമാക്കുന്നതിലും നെഹ്‌റു പ്രധാന പങ്കുവഹിച്ചെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ അവകാശപ്പെട്ടു. അതേസമയം ഈ ട്വീറ്റ് പങ്കുവെച്ച ശശി തരൂര്‍ എം.പി, യോഗയെ പുനരുജ്ജീവിപ്പിക്കുകയും ജനകീയമാക്കുകയും ചെയ്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കും അംഗീകരിക്കണമെന്ന് വ്യക്തമാക്കി.
"യോഗയെ ജനകീയമാക്കുന്നതിലും ദേശീയ നയത്തിന്റെ ഭാഗമാക്കുന്നതിലും പ്രധാന പങ്കുവഹിച്ച നെഹ്‌റുവിന് അന്താരാഷ്‌ട്ര യോഗാ ദിനത്തിൽ നന്ദി പറയുന്നു. നമ്മുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിൽ യോഗയുടെ പ്രാധാന്യം എടുത്തുപറയേണ്ടതാണ്. അത് നമ്മുടെ ജീവിതത്തിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാം"- കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
ഈ ട്വീറ്റ് പങ്കുവെച്ച ശശി തരൂര്‍ കുറിച്ചതിങ്ങനെ- തീർച്ചയായും! യോഗയെ പുനരുജ്ജീവിപ്പിക്കുകയും ജനകീയമാക്കുകയും ചെയ്തതില്‍ നമ്മുടെ സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അന്തര്‍ദേശീയ തലത്തിലെത്തിച്ചതിന് വിദേശകാര്യ മന്ത്രാലത്തെയും ഉള്‍പ്പെടെ എല്ലാവരെയും അംഗീകരിക്കണം. ലോകം അംഗീകരിക്കുന്ന നമ്മുടെ ശക്തിയുടെ പ്രധാന ഭാഗം തന്നെയാണ് യോഗയുമെന്ന് പതിറ്റാണ്ടുകളായി ഞാൻ വാദിക്കുന്നതാണ്. അത് അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്".
Adjust Story Font
16