മുഷറഫ് വെറുക്കപ്പെട്ടവനെങ്കില്‍ എന്തിന് ബി.ജെ.പി സര്‍ക്കാര്‍ ചര്‍ച്ച നടത്തി? ശശി തരൂര്‍
"2004ൽ വാജ്പേയ് - മുഷറഫ് സംയുക്ത പ്രസ്താവന ഇറക്കിയത് എന്തിനാണ്?"
ശശി തരൂര്‍
ഡല്‍ഹി: പാകിസ്താന്‍ മുന്‍ പ്രസിഡന്‍റ് പർവേസ് മുഷറഫിന്‍റെ മരണത്തിൽ അനുശോചിച്ചത് ബി.ജെ.പി വിവാദമാക്കിയതോടെ മറുപടിയുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മുഷറഫ് വെറുക്കപ്പെട്ടവന്‍ ആണെങ്കില്‍ ബി.ജെ.പി സർക്കാർ എന്തിനാണ് മുഷറഫുമായി ചര്‍ച്ച നടത്തി സംയുക്ത പ്രസ്താവന ഇറക്കിയത് എന്നാണ് തരൂരിന്‍റെ ചോദ്യം.
"രോഷാകുലരായ ബി.ജെ.പി നേതാക്കളോടുള്ള ചോദ്യം- രാജ്യസ്നേഹികളായ എല്ലാ ഇന്ത്യക്കാർക്കും മുഷറഫ് വെറുക്കപ്പെട്ടവന്‍ ആയിരുന്നെങ്കില്‍, എന്തിനാണ് ബി.ജെ.പി സർക്കാർ 2003ൽ അദ്ദേഹവുമായി ചർച്ച നടത്തിയത്? 2004ൽ വാജ്പേയ് - മുഷറഫ് സംയുക്ത പ്രസ്താവന ഇറക്കിയത് എന്തിനാണ്? അന്ന് വിശ്വസിക്കാവുന്ന സമാധാന പങ്കാളിയായി അദ്ദേഹത്തെ കണ്ടിരുന്നില്ലേ?" എന്നാണ് തരൂരിന്‍റെ ട്വീറ്റ്.
മുഷറഫിന്‍റെ മരണത്തിന് പിന്നാലെ തരൂരിന്‍റെ ട്വീറ്റ് ഇങ്ങനെയായിരുന്നു- "മുൻ പാക് പ്രസിഡന്‍റ് പർവേസ് മുഷറഫ് അപൂർവമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. ഒരിക്കൽ ഇന്ത്യയുടെ പ്രധാന ശത്രുവായിരുന്ന അദ്ദേഹം 2002-07 കാലഘട്ടത്തിൽ സമാധാനത്തിനായി പ്രവർത്തിക്കുന്ന യഥാർഥ ശക്തിയായി മാറി. ആ കാലഘട്ടത്തിൽ യു.എന്നിൽ വെച്ച് വർഷാവർഷം അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അദ്ദേഹം വളരെ സജീവവും ഊർജസ്വലനുമായിരുന്നു. തന്ത്രപ്രധാന നിലപാടുകളിൽ വ്യക്തത പുലർത്തിയിരുന്നു".
പിന്നാലെയാണ് ബി.ജെ.പി നേതാക്കള്‍ വിമര്‍ശനവുമായി എത്തിയത്. കോണ്‍ഗ്രസ് എന്താണെന്ന് തരൂരിന്‍റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നു എന്നാണ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച് നമ്മുടെ സൈനികരെ പീഡിപ്പിച്ച ഒരു വ്യക്തിയെയാണ് സമാധാനപ്രിയനെന്ന് തരൂര്‍ വിശേഷിപ്പതെന്ന് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
"ഞാൻ വളർന്നത് മരിച്ചവരെ കുറിച്ച് നല്ലത് പറയണമെന്ന് കരുതുന്ന ഇന്ത്യയിലാണ്. മുഷറഫ് ശത്രുവായിരുന്നു. കാർഗിൽ യുദ്ധത്തിന്റെ ഉത്തരവാദിയും. പക്ഷേ അദ്ദേഹം ഇന്ത്യയുമായുള്ള സമാധാനത്തിന് സ്വന്തം താത്പര്യമെടുത്ത് 2002-07 കാലത്ത് പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം സുഹൃത്തായിരുന്നില്ല. പക്ഷേ സമാധാനത്തില്‍ തന്ത്രപരമായ നേട്ടം അദ്ദേഹം കണ്ടു"- എന്നായിരുന്നു തരൂരിന്‍റെ മറുപടി.
Summary- Under fire from the ruling Bharatiya Janata Party for calling former Pakistan President and chief of Army staff Pervez Musharraf, who died on Sunday, "a real force for peace", senior Congress leader Shashi Tharoor today hit back at the BJP. He questioned why the earlier BJP government under Prime Minister Atal Bihari Vajpayee negotiated a ceasefire with Mr Musharraf
Adjust Story Font
16