Quantcast

'ഹസീന ഇന്ത്യയുടെ സുഹൃത്ത്, സഹായിക്കേണ്ടത് നമ്മുടെ കടമ'; കേന്ദ്രസർക്കാറിനെ അഭിനന്ദിച്ച് ശശി തരൂർ

'ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശ് എന്ന രാജ്യവുമായുള്ള സൗഹൃദമാണ് വലുത്'

MediaOne Logo

Web Desk

  • Updated:

    2024-08-12 09:55:57.0

Published:

12 Aug 2024 9:53 AM GMT

Shashi Tharoor,Sheikh Hasina ,bangladesh protests,ശൈഖ് ഹസീന,ശശി തരൂര്‍, ബംഗ്ലാദേശ് പ്രക്ഷോഭം
X

ന്യൂഡൽഹി: സംവരണ പ്രക്ഷോഭങ്ങൾക്കിടെ രാജിവെച്ച ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് അഭയം നൽകിയ കേന്ദ്ര സർക്കാറിനെ അഭിനന്ദിച്ച് ശശി തരൂർ എം.പി. അയൽരാജ്യത്തെ അധികാര കൈമാറ്റം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നില്ലെന്നും ശശി തരൂർ എൻ.ഡി.ടി.വിയോട് പറഞ്ഞു. 'ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശ് എന്ന രാജ്യവുമായുള്ള സൗഹൃദമാണ് വലുത്. ഇന്ത്യ മുൻതൂക്കം നൽകുന്നത് ബംഗ്ലാദേശ് ജനതയുടെ ക്ഷേമമാണ്. രാജ്യവും വ്യക്തികളും അത് കഴിഞ്ഞേയുള്ളൂ'...അദ്ദേഹം പറഞ്ഞു.

'ഞങ്ങൾ ബംഗ്ലാദേശിലെ ജനങ്ങൾക്കൊപ്പമാണ്, 1971 ൽ ഇന്ത്യൻ സർക്കാർ അവരോടൊപ്പമായിരുന്നു, ഞങ്ങളോട് സൗഹൃദം പുലർത്താത്ത സർക്കാരുകൾ നിലവിൽ വന്നപ്പോൾ പോലും ഇന്ത്യ ആ ബന്ധം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോയി.വരും കാലങ്ങളിലും ആ ബന്ധത്തിൽ മാറ്റമുണ്ടാകില്ല'. ശശി തരൂർ കൂട്ടിച്ചേർത്തു.

ശൈഖ് ഹസീനക്ക് അഭയം നൽകിയ ഇന്ത്യയുടെ നടപടിയെയും തരൂർ അഭിനന്ദിച്ചു. 'ഹസീനയെ സഹായിച്ചില്ലെങ്കിൽ അത് ഇന്ത്യക്ക് തന്നെ അപമാനമായേനേ..ഹസീന ഇന്ത്യയുടെ സുഹൃത്താണ്. ഇന്ത്യ അവരുടെ സുഹൃത്താണ്.സുഹൃത്ത് പ്രശ്‌നത്തിൽ അകപ്പെടുമ്പോൾ സഹായിക്കാൻ രണ്ടുതവണ ചിന്തിക്കരുത്. സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. അതാണ് ഇന്ത്യ ചെയ്തത്. ഇന്ത്യക്കാരെന്ന നിലയിൽ ലോകത്തോട് ചില കടമകൾ നമുക്കുണ്ട്. ഹസീനയുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ ചെയ്തത് ശരിയായ കാര്യമാണ്'തരൂർ പറഞ്ഞു.

'എത്രകാലം ഇന്ത്യയിൽ നിൽക്കണമെന്നത് ഹസീനയുടെ തീരുമാനമാണ്. വീട്ടിലേക്ക് വന്ന അതിഥിയോട് എപ്പോഴാണ് നിങ്ങൾ തിരിച്ചുപോകുക എന്ന് ചോദിക്കരുത്. എത്രകാലം അവർ ഇവിടെ നിൽക്കുമെന്ന് കാത്തിരുന്ന് കാണാം.ഇപ്പോൾ അവർ നമ്മുടെ കൂടെയുണ്ട്..അവരുടെ ജീവൻ അപകടത്തിലായപ്പോൾ അവരുടെ കൂടെ നിന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം'..തരൂർ പറഞ്ഞു.

നൊബേൽ സമ്മാനജേതാവ് കൂടിയായ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെക്കുറിച്ച് ഇന്ത്യക്ക് ആശങ്കയില്ലെന്നും തരൂർ പറഞ്ഞു. 'എനിക്ക് മുഹമ്മദ് യൂനസിനെ വ്യക്തിപരമായി അറിയാം, അദ്ദേഹം ആദരണീയനായ വ്യക്തിയാണ്. പാകിസ്താനും ചൈനയും കലക്കവെള്ളത്തിൽ മീൻ പിടിക്കുമോ എന്നതാണ് ഇന്ത്യയുടെ വലിയ ആശങ്കയെന്നും എന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെ കുറിച്ച് ഇന്ത്യൻ സർക്കാർ കൂടുതൽ ശക്തമായി ആശങ്ക ഉന്നയിക്കണമോ എന്ന ചോദ്യത്തോട് തരൂർ പ്രതികരിച്ച് ഇങ്ങനെ..

'ബംഗ്ലാദേശിൽ നിന്ന് പരസ്പര വിരുദ്ധമായ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അവിടെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്, ആർക്കും അത് നിഷേധിക്കാൻ കഴിയില്ല.അതൊരു വസ്തുതയാണ്. അതേസമയം, ബംഗ്ലാദേശി മുസ്‍ലിംകൾ ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും കാക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും അവിടെ നിന്നും പുറത്ത് വരുന്നുണ്ട്. മോശം വാർത്തകൾക്കിടയിലും ഒരു നല്ല വാർത്തകളും അവിടെ നിന്ന് വരുന്നുണ്ട്'.. അദ്ദേഹം പറഞ്ഞു.


TAGS :

Next Story