Quantcast

'സാധാരണക്കാർക്കു വേണ്ടിയാണു പ്രവർത്തിച്ചത്; ഞാൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് അവർ ആഗ്രഹിച്ചു'-വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചനയുമായി ഷിൻഡെ

മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഷിന്‍ഡെ ഉപമുഖ്യമന്ത്രി സ്ഥാനവും സ്വീകരിക്കില്ല. പകരം, മകന്‍ ശ്രീകാന്ത് ഷിന്‍ഡെയെ നിയമിക്കാനാണു നീക്കം

MediaOne Logo

Web Desk

  • Published:

    2 Dec 2024 3:59 AM GMT

Worked as common man, so people want me back as Maharashtra CM: says Shiv Sena leader Eknath Shinde, Maharashtra CM crisis, Mahayuti CM dispute, Shiv Sena, BJP
X

മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം അനന്തമായി നീളുന്നതിനിടെ വിട്ടുവീഴ്ചയ്ക്കില്ലെന്നു സൂചന നൽകി ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ. താൻ സാധാരണക്കാർക്കു വേണ്ടിയാണു പ്രവർത്തിച്ചതെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനത്തു തിരിച്ചെത്താൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷിൻഡെ. 'ഞാൻ ജനങ്ങളുടെ മുഖ്യമന്ത്രിയായിരുന്നു. ഞാൻ മുഖ്യമന്ത്രി മാത്രമല്ല, സാധാരണക്കാരൻ കൂടിയാണെന്ന് എപ്പോഴും പറയാറുള്ളതാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളും വേദനകളുമെല്ലാം മനസിലാക്കി അതു പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. സാധാരണക്കാരനെപ്പോലെ പ്രവർത്തിച്ചതുകൊണ്ടുതന്നെ ഞാൻ മുഖ്യമന്ത്രിയായി തിരിച്ചുവരണമെന്ന് ആളുകൾ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്'-അദ്ദേഹം പറഞ്ഞു.

മഹായുതി സഖ്യം തന്റെ നേതൃത്വത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ചതെന്നും ഷിൻഡെ ബിജെപി നേതൃത്വത്തെ ഓർമിപ്പിച്ചു. ഇപ്പോൾ മഹായുതി നേടിയ വിജയം മുൻപ് മറ്റാർക്കും നേടാനായിട്ടില്ല. തെരഞ്ഞെടുപ്പ് പോരാട്ടം നടന്നത് എന്റെ നേതൃത്വത്തിനു കീഴിലാണ്. രണ്ട് ഉപമുഖ്യമന്ത്രിമാരും(ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും) മറ്റു സഹപ്രവർത്തകരും കൂടെയുണ്ടായിരുന്നു. അങ്ങനെയാണു നമ്മൾ വലിയ വിജയം നേടിയതെന്നും ഷിൻഡെ സൂചിപ്പിച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എടുക്കുന്ന തീരുമാനത്തെ ശിവസേന പിന്തുണയ്ക്കുമെന്നും ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സതാരയിലെ ദാരെയിലുള്ള വീട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി. ഡൽഹിയിൽ ബിജെപി നേതാക്കളായ അമിത് ഷാ, ജെ.പി നഡ്ഡ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഷിൻഡെ മുംബൈയിൽ നിൽക്കാതെ നേരെ നാട്ടിലേക്കു മടങ്ങുകയാണു ചെയ്തത്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക യോഗവും ശിവസേന യോഗവും റദ്ദാക്കിയാണ് അദ്ദേഹം സതാരയിലേക്കു തിരിച്ചത്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ അസംതൃപ്തനായാണ് ശിവസേന നേതാവ് നാട്ടിലേക്കു പോയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, തൊണ്ടവേദനയും പനിയും കാരണമാണു വീട്ടിലേക്കു പോന്നതെന്നാണ് ഷിൻഡെ മാധ്യമങ്ങളോട് വിശദീകരിച്ചത്.

288 അംഗ മഹാരാഷ്ട്രാ നിയമസഭയിൽ ബിജെപി 132 സീറ്റ് ബിജെപി ഒറ്റയ്ക്ക് നേടിയിട്ടുണ്ട്. ഷിൻഡെ സേനയ്ക്ക് 57ഉം അജിത് പവാർ പക്ഷം എൻസിപിക്ക് 41ഉം അംഗങ്ങളാണുള്ളത്. കഴിഞ്ഞ സർക്കാരിനു സമാനമായി മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും എന്ന ഫോർമുലയാണു തുടക്കംതൊട്ടേ ചർച്ചയിലുള്ളത്. ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമ്പോൾ ഷിൻഡെയ്ക്കും പവാറിനും ഉപമുഖ്യമന്ത്രി സ്ഥാനം നൽകാനാണ് ബിജെപി തീരുമാനം. എന്നാൽ, മുഖ്യമന്ത്രിയല്ലാത്തൊരു പദവി വേണ്ടെന്ന നിലപാടിലാണ് ഷിൻഡെ. ബിജെപിക്ക് 22 മന്ത്രിമാരും സേനയ്ക്ക് 12ഉം എൻസിപിക്ക് 10ഉം മന്ത്രിമാരാണ് ആലോചനയിലുള്ളത്. പ്രതിസന്ധി തുടരുന്നതിനിടെ ബിജെപി ഇതുവരെയും നിയമസഭാ കക്ഷി യോഗം ചേർന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

സർക്കാർ രൂപീകരണത്തിനുള്ള മാന്ത്രികസംഖ്യയ്ക്ക് തൊട്ടരികെ ബിജെപിക്ക് സീറ്റ് ലഭിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിൽ ഷിൻഡെ അവകാശവാദം ഉന്നയിക്കുകയായിരുന്നു. ലഡ്കി ബഹിൻ യോജന ഉൾപ്പെടെയുള്ള ഷിൻഡെ സർക്കാരിന്റെ ജനപ്രിയ തീരുമാനങ്ങളും പദ്ധതികളുമാണ് മഹായുതി സഖ്യത്തിന്റെ വമ്പൻ വിജയത്തിനു പിന്നിലെന്നാണ് ശിവസേന നേതാക്കൾ പറയുന്നത്. അതുകൊണ്ട്, മുഖ്യമന്ത്രി പദവി ഷിൻഡെയ്ക്കു തന്നെ നൽകണമെന്നാണ് ആവശ്യം.

എന്നാൽ, മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകില്ലെന്ന നിലപാടില്‍ ബിജെപി ഉറച്ചുനില്‍ക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഷിൻഡെയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം ഓഫർ ചെയ്തതായും വിവരമുണ്ട്. എന്നാല്‍, കേന്ദ്രമന്ത്രി സ്ഥാനം സ്വീകരിക്കാന്‍ ഷിന്‍ഡെ താല്‍പര്യം കാണിച്ചില്ല. ഇതിനിടെ, മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഷിന്‍ഡെ ഉപമുഖ്യമന്ത്രി സ്ഥാനവും സ്വീകരിക്കില്ല. പകരം, മകന്‍ ശ്രീകാന്ത് ഷിന്‍ഡെയെ നിയമിക്കാനാണു നീക്കം. ഇതിനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുകയും ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ടെല്ലാം ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ഷിന്‍ഡെ പ്രതികരിച്ചത്.

Summary: 'Worked as common man, so people want me back as Maharashtra CM': says Shiv Sena leader Eknath Shinde

TAGS :

Next Story