Quantcast

ഉദ്ദവ് സേന 'ഇൻഡ്യ' സഖ്യം വിടുമോ? ഫഡ്‌നാവിസിനെ പ്രശംസിച്ച് പാര്‍ട്ടി മുഖപത്രവും നേതാക്കളും

'ദേവപ്രഭുവിന് അഭിനനന്ദനങ്ങൾ' എന്ന തലക്കെട്ടിലാണ് 'സാമ്‌ന' ഇന്നത്തെ മുഖപ്രസംഗത്തിൽ മഹായുതി സർക്കാരിനെയും മുഖ്യമന്ത്രി ഫഡ്‌നാവിസിനെയും പ്രകീർത്തിക്കുന്നത്

MediaOne Logo

Web Desk

  • Published:

    3 Jan 2025 9:36 AM GMT

Shiv Sena (UBT)-BJP alliance on cards? Sena mouthpiece Saamana praises Maharashtra CM Devendra Fadnavis in Naxalites’ surrender in Gadchiroli, Uddav Thackeray, Devendra Fadnavis, Saamana
X

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രശംസിച്ച് ശിവസേന ഉദ്ദവ് താക്കറെ പക്ഷം മുഖപത്രം 'സാമ്‌ന'. ഗദ്ച്ചിറോളിയിൽ പ്രമുഖരായ 11 നക്‌സൽ നേതാക്കൾ കീഴടങ്ങിയ സംഭവത്തിലാണ് സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രകീർത്തിച്ച് പത്രം മുഖപ്രസംഗം എഴുതിയത്. സർക്കാർ നല്ല കാര്യം ചെയ്തതുകൊണ്ടാണ് ഫഡ്‌നാവിസിനെ പ്രശംസിച്ചതെന്ന് മുതിർന്ന സേന നേതാവും പാർലമെന്റ് അംഗവുമായ സഞ്ജയ് റാവത്തും പ്രതികരിച്ചു.

'ദേവപ്രഭുവിന് അഭിനനന്ദനങ്ങൾ' എന്ന തലക്കെട്ടിലാണ് 'സാമ്‌ന' ഇന്നത്തെ മുഖപ്രസംഗത്തിൽ മഹായുതി സർക്കാരിനെയും മുഖ്യമന്ത്രി ഫഡ്‌നാവിസിനെയും പ്രകീർത്തിക്കുന്നത്. നക്‌സൽബാധിത മേഖലയായ ഗദ്ച്ചിറോളിയിൽ ഫഡ്‌നാവിസ് സർക്കാർ ആഭിമുഖ്യത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെ പ്രത്യേകം എടുത്തുപറഞ്ഞു സ്വാഗതം ചെയ്യുന്നുമുണ്ട്. ജില്ലയിൽ പുതുവത്സരദിനത്തിൽ പുതിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. ഗദ്ച്ചിറോളിയെ 'നക്‌സൽ ജില്ല' എന്ന വിളിപ്പേരിൽനിന്ന് 'സ്റ്റീൽ നഗരം' ആക്കി മാറ്റാൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നെങ്കിൽ അതിനെ സ്വാഗതം ചെയ്യണം. ഖനി ഭീമന്മാർക്കു പകരം തദ്ദേശീയരായ ആദിവാസി സമൂഹങ്ങൾക്ക് ഈ വികസനങ്ങളുടെ ഗുണം ലഭിക്കുകയാണെങ്കിൽ അതു പ്രശംസനാർഹമായ നേട്ടമാകുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

''മുഖ്യമന്ത്രി ഗദ്ച്ചിറോളിയുടെ നിലവിലെ പ്രതിച്ഛായ മാറ്റുകയാണെങ്കിൽ അതിനെ ഞങ്ങൾ അഭിനന്ദിക്കും. ഗദ്ച്ചിറോളിയുടെ പഴയ മന്ത്രി(ഏക്‌നാഥ് ഷിൻഡെയെ) പലതവണ ഇവിടെ മോട്ടോർ സൈക്കിളിൽ സന്ദർശിച്ചിട്ടുണ്ട്. ആ സന്ദർശനങ്ങളെല്ലാം ആദിവാസി വികസനത്തിനപ്പുറം ഖനി ഭീമന്മാർക്കു വേണ്ടിയായിരുന്നുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. മറ്റു മന്ത്രിമാർ ലാഭകരമായ പദവികൾക്കു വേണ്ടി തിരക്കുകൂട്ടുന്ന സമയത്ത് മുഖ്യമന്ത്രി ഫഡ്‌നാവിസ് നക്‌സൽബാധിത മേഖലയായ ഗദ്ച്ചിറോളിയുടെ പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.''-'സാമ്‌ന' മുഖപ്രസംഗത്തിൽ പറയുന്നു.

അതേസമയം, സർക്കാർ നല്ല കാര്യം ചെയ്തതുകൊണ്ടാണ് തങ്ങൾ ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രകീർത്തിച്ചതെന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു. നക്‌സലൈറ്റുകൾ കീഴടങ്ങി ഭരണഘടനയുടെ പാതയിൽ സഞ്ചരിക്കാൻ തീരുമാനിച്ചാൽ അതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പഴയ മന്ത്രിക്ക് അതു ചെയ്യാമായിരുന്നു. പകരം, നക്‌സലിസത്തിനു വളർച്ച നൽകുന്ന തരത്തിൽ ഏജന്റുമാരെ നിർത്തി പണം തട്ടുകയാണ് അദ്ദേഹം ചെയ്തത്. ഞങ്ങൾ മുൻപ് ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ആ ബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്നും റാവത്ത് ചൂണ്ടിക്കാട്ടി.

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ 'സാമ്‌ന'യുടെയും ഉദ്ദവ് സേനയുടെയും നിലപാട് മാറ്റം കൗതുകമുണർത്തുന്നതാണ്. മഹായുതി സഖ്യത്തിന്റെയും ബിജെപിയുടെയും ശക്തനായ വിമർശകനായ സഞ്ജയ് റാവത്ത് കൂടി ഫഡ്‌നാവിസിനെ പ്രകീർത്തിച്ചു രംഗത്തെത്തിയതോടെ ഉദ്ദവ് സേന മുന്നണി മുന്നണി മാറാൻ നീക്കം നടത്തുന്നതായുള്ള തരത്തിലും പ്രചാരണങ്ങൾ ആരംഭിച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്കുശേഷം ഉദ്ദവ് സേനയിൽനിന്ന് പ്രവർത്തകർ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഒരു വിഭാഗം നേതാക്കൾ ബിജെപിയിൽ ചേരുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, എൻസിപിയിലെ ശരദ് പവാർ-അജിത് പവാർ വിഭാഗങ്ങൾ തമ്മിൽ അനുരജ്ഞനശ്രമങ്ങൾ നടക്കുന്നതായും അഭ്യൂഹങ്ങളുണ്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ അമ്മയുടെ പരാമർശമാണു പുതിയ ചർച്ചകൾക്കു തുടക്കം കുറിച്ചത്. പവാർ കുടുംബം ഒന്നിക്കാൻ വേണ്ടി ദൈവത്തോട് പ്രാർഥിച്ചിട്ടുണ്ടെന്നായിരുന്നു അമ്മ കഴിഞ്ഞ ദിവസം മനസ്സുതുറന്നത്.

Summary: Shiv Sena (UBT)-BJP alliance on cards? Sena mouthpiece 'Saamana' praises Maharashtra CM Devendra Fadnavis in Naxalites’ surrender in Gadchiroli

TAGS :

Next Story