'ശിവരാജ് സിങ് ചൗഹാൻ കംസനെപ്പോലുള്ള അമ്മാവൻ'; പരിഹസിച്ച് പ്രിയങ്കാ ഗാന്ധി
കോൺഗ്രസ് രാജ്യത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഒന്നും ചെയ്തിട്ടില്ലെങ്കിൽ ഇപ്പോൾ അദ്ദേഹം വിറ്റഴിക്കുന്ന സ്ഥാപനങ്ങളെല്ലാം ആരുണ്ടാക്കിയതാണെന്നും പ്രിയങ്ക ചോദിച്ചു.
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ പരിഹസിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അദ്ദേഹം സ്വയം അമ്മാവൻ ചമയുകയാണ്. കംസനും ഒരു അമ്മാവനായിരുന്നു. 18 വർഷം സംസ്ഥാനം ഭരിച്ചത് കംസനെപ്പോലെയാണ്. ചിത്രകൂടിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രിയങ്ക പറഞ്ഞു.
ജനങ്ങൾ ജോലിയെക്കുറിച്ച് ചോദിക്കുമ്പോൾ പേടിക്കേണ്ട, അമ്മാവൻ ഇവിടെയുണ്ട്. എല്ലാ ശരിയാകുമെന്നാണ് ശിവരാജ് സിങ് ചൗഹാൻ പറയുന്നത്. ഓരോ ദിവസവും അഴിമതി നടക്കുന്നു. അമ്മാവൻ എല്ലാം പരിഹരിക്കുമെന്നാണ് അപ്പോൾ മുഖ്യമന്ത്രി പറയുന്നത്. ചൗഹാൻ യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണെന്നും അദ്ദേഹം കംസനെപ്പോലുളള അമ്മാവനാണെന്നാണ് ഇത് തെളിയിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
18 വർഷം ഭരിച്ചിട്ടും സ്ത്രീകളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ ശിവരാജ് സിങ് ചൗഹാന് സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അദ്ദേഹം സ്ത്രീകളുടെ അഭ്യുദയകാംക്ഷിയായി അഭിനയിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പ്രിയങ്ക വിമർശനമുന്നയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന പ്രധാനമന്ത്രി രാജ്യത്തെ യുവജനങ്ങളുടെ ഭാവി തകർക്കുകയാണ്. അദ്ദേഹം സ്വയം 'ഫകീർ' എന്നാണ് വിശേഷിപ്പിക്കുന്നത്. പക്ഷേ പൊതുമേഖലാ വ്യവസായങ്ങൾ മുഴുവൻ അടുത്ത സുഹൃത്തുക്കൾക്ക് വിറ്റഴിക്കുന്നു. കോൺഗ്രസ് രാജ്യത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഒന്നും ചെയ്തിട്ടില്ലെങ്കിൽ ഇപ്പോൾ അദ്ദേഹം വിറ്റഴിക്കുന്ന സ്ഥാപനങ്ങളെല്ലാം ആരുണ്ടാക്കിയതാണെന്നും പ്രിയങ്ക ചോദിച്ചു.
Adjust Story Font
16