കേന്ദ്രമന്ത്രി നാരായൺ റാണെയുടെ അറസ്റ്റ്: തെരുവില്‍ ഏറ്റുമുട്ടി ശിവസേന-ബിജെപി പ്രവര്‍ത്തകര്‍
കേസ് റദ്ദാക്കാനായി റാണെ മുംബൈ ഹൈക്കോടതിയെ സമീപിക്കും
കേന്ദ്രമന്ത്രി നാരായൺ റാണെയുടെ അറസ്റ്റിന് പിന്നാലെ മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സംഘർഷം രൂക്ഷം. കേസ് റദ്ദാക്കാനായി റാണെ, മുംബൈ ഹൈക്കോടതിയെ സമീപിക്കും. ഇതിനിടെ റാണെയെ അറസ്റ്റ് ചെയ്യാൻ നിർദേശിക്കുന്ന മഹാരാഷ്ട്ര മന്ത്രിയുടെ വീഡിയോ പുറത്തായി.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കരണത്തടിക്കുമെന്ന റാണെയുടെ പരാമര്‍ശമാണ് പ്രശ്നങ്ങളുടെ തുടക്കം. റാണെക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതിനു പിറകേ ശിവസേന - ബിജെപി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി ഏറ്റുമുട്ടി. റാണെ ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും ബിജെപി-ശിവസേന പോര് രൂക്ഷമാകുകയാണ്. റാണെയുടെ പരാമര്‍ശത്തോട് ബിജെപി നേതാക്കള്‍ അകലം പാലിക്കുമ്പോഴും അറസ്റ്റ് അടക്കമുള്ള നടപടികളില്‍ ബിജെപിക്ക് കടുത്ത അമര്‍ഷമുണ്ട്. ശിവസേന രാഷ്ട്രീയം കളിക്കുകയാണെന്നും പ്രോട്ടോകോൾ ലംഘിച്ചെന്നും ബിജെപി കുറ്റപ്പെടുത്തി. കേസ് റദ്ദാക്കാനായി റാണെ മുംബൈ ഹൈക്കോടതിയെ സമീപിക്കും.
ഇതിനിടെ റാണെയെ അറസ്റ്റ് ചെയ്യാനായി മഹാരാഷ്ട്ര മന്ത്രി അനിൽ പരാബ് നിർദേശിക്കുന്ന വീഡിയോ പുറത്തുവന്നു. ഫോണിലൂടെ പൊലീസിന് നിർദേശം നൽകിയെങ്കിലും പിന്നീട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തനിക്കറിയില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ആരെയും അവഹേളിക്കുന്ന പ്രസംഗം നടത്തില്ലെന്ന ഉറപ്പ് നല്‍കിയ ശേഷമാണ് റാണെക്ക് കോടതി ജാമ്യം നല്‍കിയത്. ഈ മാസം മുപ്പതിനും അടുത്ത മാസം പത്തിനും റാണെ കോടതിയിൽ ഹാജരാകണം.
Adjust Story Font
16