'വാസ്തുദോഷം' പടിക്കു പുറത്ത്; തെക്കേവാതിൽ തുറപ്പിച്ച് അകത്തുകടന്ന് സിദ്ധരാമയ്യ
'മുറിയിൽ നല്ല കാറ്റും വെളിച്ചവും കടക്കുന്നതിനെക്കാൾ നല്ലൊരു വാസ്തുവുമില്ല. വാക്കും പ്രവൃത്തിയും ശുദ്ധമാണെങ്കിൽ എല്ലാം ശുഭകരമാകും.'-സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു
ബംഗളൂരു: 'എന്തിനാണീ വാതിൽ അടച്ചിട്ടിരിക്കുന്നത്?'-വിധാൻ സൗധയുടെ മൂന്നാം നിലയിൽ സ്വന്തം വസതിക്കു സമീപത്ത് പൂട്ടിയിട്ട തെക്കേവാതിൽ ചൂണ്ടി സിദ്ധരാമയ്യയുടെ ചോദ്യം. ചില വാസ്തുപ്രശ്‌നങ്ങൾ കാരണം ഏതാനും വർഷമായി അടച്ചിട്ടിരിക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥൻ മറുപടി നൽകി. മുഖ്യമന്ത്രിമാർ അതിലൂടെ പോകുന്നത് നല്ലതല്ലെന്നും ഉദ്യോഗസ്ഥൻ ഉണർത്തി.
എന്നാൽ, ഉപദേശം കേട്ട ഭാവം കാണിക്കാതെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു കർണാടക മുഖ്യമന്ത്രി. ആദ്യം അദ്ദേഹം തന്നെ അതുവഴി അകത്തുകടന്നു. പിന്നാലെ മറ്റ് ഉദ്യോഗസ്ഥരും. തുടർന്ന് ഓഫിസിൽ അന്നഭാഗ്യ ഭക്ഷ്യപദ്ധതിയുടെ പ്രവർത്തനം അവലോകനം ചെയ്ത് യോഗം. ഏതാനും മണിക്കൂറുകൾ നീണ്ട യോഗം കഴിഞ്ഞ് അതേ വാതിലിലൂടെ തന്നെ പുറത്തുകടന്നു സിദ്ധരാമയ്യ.
തുടർന്ന് ട്വിറ്ററിൽ ഇങ്ങനെയൊരു കുറിപ്പുമിട്ടു:''മുറിയിൽ നല്ല കാറ്റും വെളിച്ചവും കടക്കുന്നതിനെക്കാൾ നല്ലൊരു വാസ്തുവുമില്ല. വാസ്തുപ്രശ്‌നം കാരണം കഴിഞ്ഞ അഞ്ചു വർഷമായി അടച്ചിട്ട വിധാൻ സൗധയിലെ മുഖ്യമന്ത്രിയുടെ വസതിയിലെ തെക്കേവാതിൽ തുറന്നു. ഇതേ വാതിൽവഴി അകത്തുകടക്കുകയും ചെയ്തു. വാക്കും പ്രവൃത്തിയും ശുദ്ധമാണെങ്കിൽ എല്ലാം ശുഭകരമാകും.''
മുൻ മുഖ്യമന്ത്രിമാർ ഈ കവാടം വഴി അകത്തേക്കോ പുറത്തേക്കോ കടക്കാറുണ്ടായിരുന്നില്ല. വാതിലിലൂടെ കടക്കുന്നത് തങ്ങളുടെ രാഷ്ട്രീയ കരിയർ തന്നെ നശിപ്പിക്കുമെന്ന വിശ്വാസമാണ് ഇവർ വച്ചുപുലർത്തിയിരുന്നത്. ഇക്കാര്യവും ഉദ്യോഗസ്ഥർ സൂചിപ്പിച്ചെങ്കിലും ഒന്നും മുഖവിലയ്‌ക്കെടുക്കാതെ സിദ്ധരാമയ്യ നേരെ വാതിൽ തുറപ്പിച്ച് അകത്തുകടക്കുകയായിരുന്നു.
സിദ്ധരാമയ്യ സർക്കാർ അധികാരത്തിലേറിയെ ശേഷം ഏറെ ചർച്ച ചെയ്യപ്പെട്ട നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. കഴിഞ്ഞ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന മതംമാറ്റ നിരോധന നിയമം എടുത്തുമാറ്റുകയും സംഘ്പരിവാർ ആചാര്യന്മാരായ വി.ഡി സവർക്കർ, കെ.ബി ഹെഡ്‌ഗെവാർ എന്നിവരെക്കുറിച്ചുള്ള പാഠങ്ങൾ നീക്കം ചെയ്തതും വലിയ കോളിളക്കം സൃഷ്ടിച്ചു. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി പൊലീസിൽ ആന്റി കമ്മ്യൂണൽ വിങ്ങിന് രൂപംനൽകുകയും ചെയ്തിരുന്നു.
Summary: Siddaramaiah junks ‘Vastu’, reopens south door of Karnataka CM Siddaramaiah junks ‘Vastu’, reopens south door of Chief Minister's office in Vidhana Soudha, that remained shut for years
Adjust Story Font
16