Quantcast

രാജിവയ്ക്കാൻ തെറ്റൊന്നും ചെയ്തിട്ടില്ല; പ്രോസിക്യൂട്ട് ചെയ്യാനുള്ള ​ഗവർണറുടെ അനുമതി ഭരണഘടനാ വിരുദ്ധമെന്ന് സിദ്ധരാമയ്യ

സിദ്ധരാമയ്യക്കെതിരായ നീക്കം ​ഗൂഢാലോചനയാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പ്രതികരിച്ചു.

MediaOne Logo

Web Desk

  • Updated:

    2024-08-17 10:43:13.0

Published:

17 Aug 2024 10:40 AM GMT

Siddaramaiah Says Governors Prosecution Sanction is Anti-Constitution
X

ബെം​ഗളൂരു: തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള കർണാടക ​ഗവർണറുടെ അനുമതി ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ​ഗവർണറുടെ തീരുമാനം നിയമത്തിനെതിരാണെന്നും ഈ നീക്കത്തെ കോടതിയിൽ നേരിടുമെന്നും സിദ്ധരാമയ്യ പറഞ്ഞു. രാജിവയ്ക്കേണ്ട കുറ്റമൊന്നും താൻ ചെയ്തിട്ടില്ല.

മന്ത്രിസഭയും ഹൈക്കമാൻഡും എം.എൽ.എമാരും ലോക്സഭാ- രാജ്യസഭാ എം.പിമാരും തന്നോടൊപ്പമുണ്ടെന്നും സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കാനുള്ള ബി.ജെ.പി, ജെ.ഡി.എസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ഗൂഢാലോചനയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിദ്ധരാമയ്യക്കെതിരായ നീക്കം ​ഗൂഢാലോചനയാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പ്രതികരിച്ചു. സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും സിദ്ധരാമയ്യക്ക് ഉണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാഷ്ട്രീയമായും നിയമപരമായും ഞങ്ങളിതിനെ നേരിടും. ഇത് സംസ്ഥാനത്ത് രണ്ടാം തവണ ഭരണത്തിലിരിക്കുന്ന സിദ്ധരാമയ്യയെ താഴെയിറക്കാനുള്ള ​ഗൂഢാലോചനയല്ലാതെ മറ്റൊന്നുമല്ല.

ഗവർണറുടെ ഓഫീസിനെ ഉപയോഗിച്ച് സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇത് ദൗർഭാഗ്യകരമാണ്. സിദ്ധരാമയ്യ രാജിവയ്ക്കുന്ന പ്രശ്‌നമില്ല. അദ്ദേഹം പദവിയിൽ തുടരുമെന്നും ഡി.കെ ശിവകുമാർ കൂട്ടിച്ചേർത്തു. ഗവർണർ സ്വീകരിച്ച നടപടിക്രമം തികച്ചും നിയമവിരുദ്ധമാണെന്ന് കർണാടക മന്ത്രി കൃഷ്ണ ബൈരഗൗഡയും മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മൈസൂരൂ നഗരവികസന അതോറിറ്റി (മുഡ) ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഗവർണർ തവാർ ചന്ദ് ഗെഹ്‌ലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയത്. ഭൂമി കൈമാറ്റത്തിലൂടെ മുഖ്യമന്ത്രിയുടെ ഭാര്യ ഉൾപ്പെടെയുള്ളവർ നേട്ടമുണ്ടാക്കി എന്നാണ് ആരോപണം.

പ്രോസിക്യൂട്ട് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഏഴു ദിവസത്തിനകം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട​ ഗവർണർ കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഗവർണർ ഭരണഘടനാപരമായ സ്ഥാനം ദുരുപയോഗം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മന്ത്രിസഭ ഇതിനെതിരെ പ്രമേയം പാസാക്കിയിരുന്നു.

പ്രദീപ് കുമാർ, ടി.ജെ എബ്രഹാം, സ്‌നേഹമയി കൃഷ്ണ എന്നീ മൂന്ന് ആക്ടിവിസ്റ്റുകളുടെ ഹരജിയെ തുടർന്നാണ് ഭൂമി കുംഭകോണ കേസിൽ ​ഗവർണർ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. സിദ്ധരാമയ്യ, ഭാര്യ, മകൻ എസ്. യതീന്ദ്ര, മുഡയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് പരാതി.


TAGS :

Next Story