Quantcast

കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്; പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനാവാതെ ബി.ജെ.പി

പ്രതിവര്‍ഷം അറുപതിനായിരം കോടി രൂപ ചിലവ് വരുന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ ബജറ്റിലെ നീക്കിയിരിപ്പുകള്‍ എങ്ങനെയായിരിക്കുമെന്നാണ് ജനം ഉറ്റു നോക്കുന്നത്

MediaOne Logo

Web Desk

  • Published:

    7 July 2023 4:59 AM GMT

കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്; പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനാവാതെ ബി.ജെ.പി
X

ബംഗളൂരു: കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്. 3.35 ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരണമായിരിക്കും സിദ്ധരാമയ്യയുടേതെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ഫൈവ് ഗ്യാരണ്ടി പദ്ധതികള്‍ നടപ്പിലാക്കുന്നത് എങ്ങനെയായരിക്കുമെന്നാണ് ജനങ്ങള്‍ ഉറ്റു നോക്കുന്നത്.

സഭാസമ്മേളനം നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ നടക്കുന്ന വാഗ്വാദങ്ങളും സഭയെ പ്രക്ഷുബ്ദമാക്കി നിര്‍ത്തുന്നു. കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന് നടക്കും. പ്രതിവര്‍ഷം അറുപതിനായിരം കോടി രൂപ ചിലവ് വരുന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ ബജറ്റിലെ നീക്കിയിരിപ്പുകള്‍ എങ്ങനെയായിരിക്കുമെന്നാണ് ജനം ഉറ്റു നോക്കുന്നത്.

അതേസമയം, ബജറ്റ് സമ്മേളനം ആരംഭിച്ച് മൂന്ന് ദിവസം പിന്നിടുമ്പോഴും ബി.ജെ.പിക്ക് ഒരു പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ സാധിച്ചിട്ടില്ല. കേന്ദ്ര നിരീക്ഷകര്‍ വന്ന് ബി.ജെ.പി എം.എല്‍.എ മാരുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ച് മടങ്ങിയെങ്കിലും പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാന്‍ സാധിച്ചിട്ടില്ല.

ബജറ്റ് സമ്മേളനം ആരംഭിച്ച ദിവസം മുതല്‍ സഭക്കകത്തും പുറത്തും ഭരണ പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള വാഗ്വാദം രൂക്ഷമായിരുന്നു. സ്പീക്കര്‍ യു.ടി ഖാദറിന്റെ കന്നട ഭാഷാശുദ്ധി വരെ പരിഹസിക്കുന്നിടത്തെത്തി കാര്യങ്ങള്‍. സര്‍ക്കാരിനെതിരെ ആദ്യ ബോംബെന്ന നിലയില്‍ ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാര സ്വാമി സര്‍ക്കാരിനെതിരെ അഴിമതിയാരോപണം ഉയര്‍ത്തി.

തന്റെ പക്കല്‍ അഴിമതിയുടെ തെളിവടങ്ങിയ പെന്‍ഡ്രൈവ് ഉണ്ടെന്ന് അദ്ദേഹം വെല്ലുവിളിച്ചു. ഇതിന് ബി.ജെ.പിയുടെ പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാരിനെതിരെ ഒരുമിച്ച് പോരാടേണ്ട സമയമാണിതെന്നാണ് ബി.ജെ.പിയുടെ പ്രഖ്യാപനം. കര്‍ണാടകയില്‍ ഒരു അജിത് പവാര്‍ മൂന്ന് മാസത്തിനകം ഉണ്ടാവുമെന്ന് കുമാരസ്വാമി സഭക്ക് പുറത്തു പറഞ്ഞതും വലിയ വാര്‍ത്തയായി. വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ ബി.ജെ.പിയുമായി ചേര്‍ന്ന് അട്ടിമറിക്കാനുള്ള ചരടു വലികള്‍ നടത്തുന്നുണ്ടെന്ന സൂചനയായിരുന്നു കുമാരസ്വാമിയുടേത്.

TAGS :

Next Story