വിവാദ ട്വീറ്റ്: സൈന നെഹ്‌വാളിനോട് മാപ്പപേക്ഷ നടത്തി നടൻ സിദ്ധാർഥ്
'ആളുകൾ ആരോപിക്കുന്ന പോലെ ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളെ ആക്രമിക്കാനുള്ള ദുരുദ്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല'
ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിനെതിരായ വിവാദ ട്വീറ്റിൽ മാപ്പ് പറഞ്ഞ് തമിഴ് നടൻ സിദ്ധാർഥ്. ട്വിറ്ററിലൂടെയാണ് സിദ്ധാർഥ് ക്ഷമ ചോദിച്ചുള്ള കുറിപ്പ് പങ്കുവെച്ചത്.
''പ്രിയപ്പെട്ട സൈന കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിങ്ങളുടെ ട്വീറ്റിന് മറുപടിയായി ഞാനെഴുതിയ പരുഷമായ തമാശക്ക് ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു. പല കാര്യങ്ങളിലും നിങ്ങളോട് എനിക്ക് വിയോജിപ്പുണ്ടാകും. പക്ഷേ നിങ്ങളുടെ ട്വീറ്റ് വായിച്ചപ്പോൾ എനിക്ക് ദേഷ്യമോ നിരാശയോ തോന്നിയെങ്കിലും എന്റെ വാക്കുകളെ ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആളുകൾ ആരോപിക്കുന്ന പോലെ ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളെ ആക്രമിക്കാനുള്ള ദുരുദ്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഉറപ്പിച്ചു പറയാൻ പറ്റും. ഈ ക്ഷമാപണം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കൾ എപ്പോഴും എന്റെ ചാമ്പ്യനായിരിക്കും എന്നു പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.
Dear @NSaina pic.twitter.com/plkqxVKVxY
— Siddharth (@Actor_Siddharth) January 11, 2022
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹം തടഞ്ഞിന് പിന്നാലെ മോദിക്ക് പിന്തുണയുമായി സൈന ട്വീറ്റ് ചെയ്തിരുന്നു. സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷിയിൽ വിട്ടുവീഴ്ചയുണ്ടായാൽ ആ രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ല. ഇതിൽ ശക്തമായി അപലപിക്കുന്നു എന്നായിരുന്നു സൈന ട്വീറ്റ് ചെയ്ത്. ഈ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് സിദ്ധാർഥ് ഉപയോഗിച്ച പരാമർശമാണ് വിവാദമായത്. ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് വൻ പ്രതിഷേധമായിരുന്നു ഉയർന്നത്.
നടനെന്ന നിലയിൽ സിദ്ധാർഥിനെ ഇഷ്ടമായിരുന്നെന്നും ഈ പരാമർശം മോശമായി എന്നും സൈനയും പറഞ്ഞു. പ്രതിഷേധങ്ങൾ കനത്തതോടെ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയും സിദ്ധാർഥിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് മാപ്പ് അപേക്ഷയുമായി സിദ്ധാർഥ് എത്തിയത്.സൈനക്കെതിരായ ട്വീറ്റും ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
Adjust Story Font
16