Quantcast

സിദ്ദീഖ് കാപ്പന്റെ ജയിൽമോചനം ജനുവരിയിൽ

ഇ.ഡി കേസിൽ ഇന്നലെ ജാമ്യം അനുവദിച്ചതിന് പിന്നാലെ ലക്‌നൗ ബെഞ്ച് ക്രിസ്മസ് പുതുവത്സര അവധിക്ക് പിരിഞ്ഞതാണ് വിധിപ്പകർപ്പ് വൈകാൻ കാരണം

MediaOne Logo

Web Desk

  • Published:

    24 Dec 2022 2:49 AM GMT

സിദ്ദീഖ് കാപ്പന്റെ ജയിൽമോചനം ജനുവരിയിൽ
X

ന്യൂഡൽഹി: സിദ്ദീഖ് കാപ്പന്റെ ജയിൽമോചനം ജനുവരി ആദ്യവാരമുണ്ടാകും. ജനുവരി രണ്ടിന് വിധിപ്പകർപ്പ് ലഭിച്ച ശേഷമാകും തുടർനടപടികൾ ആരംഭിക്കുക. ജാമ്യവ്യവസ്ഥയുമായി ബന്ധപ്പെട്ട പൂർണവിവരങ്ങൾ അതിനുശേഷം ലഭിക്കും.

അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ഇന്നലെ കാപ്പന് ജാമ്യം അനുവദിച്ചത്. അക്കൗണ്ടിലേക്കെത്തിയ 45,000 രൂപയുടെ ഉറവിടം കാപ്പന് വ്യക്തമാക്കാനായില്ലെന്നാണ് ഇഡി രജിസ്റ്റർ ചെയ്ത കേസിൽ വ്യക്തമാക്കിയത്. പോപ്പുലർ ഫ്രണ്ടുമായി കാപ്പന് ബന്ധമുണ്ടെന്നും ഹാത്രസിൽ കലാപം സൃഷ്ടിക്കാനാണ് ഈ പണം സ്വീകരിച്ചതെന്നും ഇ.ഡി കോടതിയിൽ ആരോപിച്ചു.

ഇ.ഡി കേസിൽ ജാമ്യം അനുവദിച്ചതിന് പിന്നാലെ ലക്‌നൗ ബെഞ്ച് ക്രിസ്മസ് പുതുവത്സര അവധിക്ക് പിരിയുകയായിരുന്നു. ഇതാണ് വിധിപ്പകർപ്പ് ലഭിക്കുന്നതിലുള്ള കാലതാമസത്തിനു കാരണം.

കഴിഞ്ഞ സെപ്തംബർ ഒൻപതിന് യു.എ.പി.എ കേസിൽ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നേടി ആറാഴ്ച ഡൽഹിയിൽ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമാണ് കോടതി ഉത്തരവിൽ അറിയിച്ചിരുന്നത്. എന്നാൽ, ഇ.ഡി കേസിൽകൂടി ജാമ്യം ലഭിക്കാത്തതിനാലായിരുന്നു കാപ്പന്റെ മോചനം നീണ്ടുപോയത്. ഇതിൽ അപ്പീലുമായിട്ടാണ് സിദ്ദിഖ് കാപ്പൻ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

ഹാത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി പെൺകുട്ടി മരിച്ച സ്ഥലത്തേക്ക് പോകുംവഴിയാണ് 2020 ഒക്ടോബർ അഞ്ചിന് സിദ്ദീഖ് കാപ്പൻ ഉൾപ്പെടെയെുള്ളവർ അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ മുഹമ്മദ് ആലവും ലഖ്നൗ ജയിലിലാണ്. ആലത്തിന് യു.എ.പി.എ കേസിലും ഇ.ഡി കേസിലും ജാമ്യം ലഭിച്ചെങ്കിലും വെരിഫിക്കേഷൻ പൂർത്തിയാവാത്തതിനാൽ ഇപ്പോഴും ജയിലിൽ തുടരുകയാണ്.

Summary: Siddique Kappan will be released from prison in the first week of January, 2023

TAGS :

Next Story